News

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റില്ലെങ്കില്‍ പണികിട്ടും; കാറില്‍ എല്ലാവര്‍ക്കും സീറ്റ് ബല്‍റ്റ് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കാന്‍ ഡിജിപിക്കും ഗതാഗത കമ്മിഷണര്‍ക്കും സെക്രട്ടറി കത്ത് നല്‍കി; നടപടി സുപ്രീം കോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍; കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ വിധി നടപ്പാക്കുന്നതായും സെക്രട്ടറി

തിരുവനന്തപുരം:  ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാരും ഇനിമുതല്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിടിവീഴും. പണിയും കിട്ടും. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നു. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഐഎഎസാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇരു ചക്ര വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറുകളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കുന്നതാണ് ഉത്തരവ്.

ഇക്കാര്യത്തില്‍ ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കാന്‍ പൊലീസിനു നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട് വാഹനം ഓടിക്കുന്നയാളില്‍ നിന്നാണ് പിഴ ഈടാക്കുക.നേരത്തെ ഋഷിരാജ് സിങ് ഗതാഗത കമ്മീഷണറായിരുന്ന സമയത്ത് കാര്‍ യാത്രക്കാര്‍ക്കെല്ലാം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഗതാഗതമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമം കര്‍ശനമായി നടപ്പാക്കിയില്ല.

ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഡിജിപിക്കും ഗതാഗത കമ്മിഷണര്‍ക്കും ഗതാഗത സെക്രട്ടറി കത്ത് നല്‍കി. ഇരുചക്ര വാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റും, കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നതാണെന്ന് സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കുന്നു.കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നതായി സെക്രട്ടറിയുടെ കത്തില്‍ പരമാര്‍ശമുണ്ട്. സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹനപരിശോധനകളില്‍ കാറിലേയും ബൈക്കിലേയും എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു. ഗതാഗത സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഗതാഗതവകുപ്പ് കമ്മിഷണര്‍ ഉടനെ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് സൂചന.

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന പിന്‍സീറ്റ് യാത്രക്കാര്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം. വാഹനമോടിക്കുന്നവരും പിന്നലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്നു നിയമമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി നേരത്തെ തന്നെ ഉത്തരവുണ്ടായിരുന്നു. എന്നാല്‍, പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണ് നടപ്പാക്കാതിരുന്നത്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close