News
അടര്‍ന്നുവീണത് അത്യപൂര്‍വ പ്രണയത്തിന്റെ ഇതളുകള്‍
പുതു തലമുറയെ അതിശയിപ്പിക്കുന്നതായിരുന്നു ബാലഭാസ്കറിന്റെയും ലക്ഷ്മിയുടെയും പ്രണയം. ബാലഭാസ്കറിന്റെ ആദ്യപ്രണയം സംഗീതമായിരുന്നു ആ സംഗീതം ലക്ഷ്മിയും. സംഗീതവും ലക്ഷ്മിയും ബാലുവിന് വേര്‍തിരിക്കാനാവാത്ത വികാരങ്ങളായിരുന്നു.
കോളേജ് കാമ്പസിനെ ത്രസിപ്പിച്ച പ്രണയമായിരുന്നു ബാലു-ലക്ഷ്മി ജോഡികളുടേത്. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത 'ആരു നീ എന്നോമലേ.....' എന്നു തുടങ്ങുന്ന ഗാനം പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകള്‍ ഏറ്റെടുത്തു. സുഹൃത്ത് ജോയ് തമലം എഴുതിയ വരികള്‍ ബാലു തന്നെയാണ് പാടിയത്. കണ്ഫ്യൂഷന് എന്ന മ്യൂസിക് ബാന്‍ഡിന്റെ പിറവി തന്നെ ലക്ഷ്മിയുമായുള്ള പ്രണയത്തിന്റെ ഭാഗമായിരുന്നു. സഹപാഠികളാണ് ഈ ബാന്‍ഡിനൊപ്പം ഉണ്ടായിരുന്നത്. കലാലയം കേന്ദ്രീകരിച്ചുള്ള ആല്‍ബങ്ങളാണ് അന്ന് പുറത്തിറങ്ങിയത്.
സംഗീത രംഗത്തു നിന്നും ജീവിതം നയിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വലിയ തോതില്‍ സമ്പാദ്യങ്ങളൊന്നും ഇല്ലാത്ത കാലത്തു തന്നെയായിരുന്നു ലക്ഷ്മിയുമായുള്ള പ്രണയവും വിവാഹവും. ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു അവരുടെ പ്രണയവും ദാമ്പത്യവും. കോളേജ് കാലത്തെ പ്രണയമാണ് ലക്ഷ്മിയുമായുള്ള വിഹാത്തില്‍ കലാശിച്ചത്. 22ാം വയസില്‍ എം.എ. സംസ്കൃതം അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബാലഭാസ്കര്‍ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. ഭാര്യ ലക്ഷ്മിയും അതേ കോളേജില്‍ ഹിന്ദി എം.എ. വിദ്യാര്‍ത്ഥിനിയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തില്‍ ചെറുപ്രായത്തില്‍ തന്നെ വിവാഹത്തിന് ബാലഭാസ്കര്‍ തയ്യാറായി. വയലിനായിരുന്നു ബാലുവിന് എല്ലാമെല്ലാം. ആ സംഗീത ജീവിതത്തിലെ താളമായി ഭാര്യ ലക്ഷ്മിയും ഇതുവരെ സുഖവും ദുഖവും പങ്കുവെച്ചു. നിനക്കായ് തോഴീ പുനര്ജനക്കാം എന്ന വരികള്‍ അന്വര്‍ത്ഥമാക്കാന്‍ ലക്ഷ്മിയുടെ ബാലഭാസ്കര്‍ നേരത്തേ യാത്രയായി ലക്ഷ്മിക്കായി പുനര്‍ജനിക്കാന്‍.