Kerala

തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമക്കാരെ വെല്ലുന്ന ബംഗ്ലാദേശി ശിക്കാരി ഗ്യാങ് കേരളത്തിലും

തിരുവനന്തപുരം :കേരളത്തിന്റെ നിര്‍മ്മാണ മേഖലയില്‍ അടക്കം വലിയ സംഭാവനചെയ്യുന്നവര്‍ ആണ് ഇതരസംസ്ഥാന തൊഴിലാളികള്‍. എന്നാല്‍ ഇവരില്‍ ഒരു വിഭാഗത്തിന്റെ പേരിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും പൊലീസ് നീരീക്ഷിച്ച് വരികയാണ്. ഇതില്‍ പ്രധാന വിഷയം കേരളത്തിലേക്ക് ബംഗാളി എന്ന ലേബലില്‍ എത്തുന്ന എല്ലാവരും പശ്ചിമ ബംഗാളില്‍ നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ എത്തുന്നവരല്ല എന്നതാണ്. അസമില്‍ നിന്നും എത്തിയ ബംഗ്ലാദേശി കുടിയേറ്റക്കാരും ബംഗ്ലാദേശില്‍ നിന്ന് നേരിട്ടു എത്തുന്നവരും ഉണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ നിയമപരമായി തൊഴില്‍ ചെയ്യാന്‍ അനുമതിയില്ല എന്നിരിക്കെയാണ് ബംഗാളി ലേബലില്‍ ഇത്തരം ആളുകള്‍ ഇന്ത്യയിലേക്കും കേരളത്തിലേക്കും എത്തുന്നത്.

കേരളീയ സമൂഹത്തില്‍ ഇവര്‍ എത്രത്തോളം ഭീഷണി ഉയര്‍ത്തുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് കണ്ണൂരില്‍ മാസങ്ങള്‍ക്കു മുന്‍പ് മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി ന്യൂസ് എഡിറ്ററുമായ കെ വിനോദ് കുമാറിനെയും ഭാര്യയേയും ആക്രമിച്ച് 60 പവനും അന്‍പതിനായിരം രൂപയും കൊള്ളയടിച്ച കേസിലെ മുഖ്യ പ്രതിയായ ബംഗ്ലാദേശ് ശിക്കാരി ഗ്യാങ്ങിലെ നേതാവ് ഇല്യാസ് ശിക്കാരി പിടിയിലായത് . ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് ഇയാളെ കൊല്‍ക്കത്ത ഇമിഗ്രേഷന്‍ വിഭാഗം പിടികൂടുകയായിരുന്നു . ഇല്യാസിയെ ഇവരാണ് കേരള പൊലീസിന് കൈമാറിയത്. കൈയിലും കാലിലും വിലങ്ങണിയിച്ചാണ് ഇയാളെ കണ്ണൂരിലെത്തിച്ചത്. കണ്ണൂരിലെ കവര്‍ച്ചയ്ക്കുശേഷം ഹൗറയിലെത്തിയ പ്രതികള്‍ ഹരിദാസ്പുര്‍ ചെക്പോസ്റ്റ് വഴിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. നാലംഗ സംഘത്തിലെ ഇല്യാസി ഒഴികെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.. തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമക്കാരെ വെല്ലുന്നവരാണ് ശിക്കാരി ഗ്യാങ് എന്നാണ് പൊലീസിന്റെ ഭാഷ്യം. ഇവരില്‍ ഒരു ഭാഗം ഇപ്പോഴും കേരളത്തിലുണ്ടെന്നും പൊലീസ് സൂചന നല്‍കുന്നുണ്ട്.

ബംഗ്ലാ റോബേഴ്‌സ് എന്നും വിളിപ്പേരുള്ള സംഘം ബംഗ്ലാദേശിലെ ബാഗര്‍ഹട്ട് ജില്ല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകയിലെ അശോക് നഗര്‍, മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍, ഡല്‍ഹി, സീമാപുരി എന്നിവിടങ്ങളിലും സംഘം സജീവമാണ്. എങ്കിലും കേരളമാണ് പ്രിയം. വന്‍ കൊള്ളയ്ക്ക് കൂടുതല്‍ സാദ്ധ്യത കേരളമാണെന്ന് ഇവരുടെ പക്ഷം .എറണാകുളം, കോഴിക്കോട് ജില്ലകളിലും സംഘം ഇതിനകം കവര്‍ച്ച നടത്തിക്കഴിഞ്ഞതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട് .കേരളത്തിലെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ സംഘം നാട്ടിലേക്ക് കടക്കും. ഹിന്ദിയും ബംഗാളിയും ഇംഗ്ലീഷും പച്ച വെള്ളം പോലെ ഇവര്‍ സംസാരിക്കും.പകല്‍ നോക്കി വെക്കുന്ന വീടുകളിലാണ് ഇവര്‍ മോഷണം നടത്താന്‍ പദ്ധതി ഇടുന്നത്.

റെയില്‍വേ ട്രാക്കിനു പരിസരത്തെ വീടുകളാണ് ഇവരുടെ പ്രധാന ലക്ഷ്യം. വീട് , വീട്ടിലെ അംഗങ്ങള്‍ , തുടങ്ങിയവയെ കുറിച്ചെല്ലാം ഇവര്‍ അന്വേഷിച്ചറിയും. ട്രെയിന്‍ പോകുന്ന സമയവും ഇവര്‍ ചോദിച്ചറിയും. ട്രെയിനിന്റെ ശബ്ദം മറയാക്കിയാണ് ഓപ്പറേഷന്‍ . ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ട്രെയിനില്‍ തന്നെ നാടുകടക്കും. പണവും സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഇവര്‍ മോഷ്ടിക്കും. എതിര്‍ത്താല്‍ കൊല്ലാനും ഇവര്‍ മടിക്കില്ല എന്നത് ഇവരുടെ ക്രൂരത വെളിവാക്കുന്നു. പണം അപ്പോള്‍ തന്നെ സി.ഡിഎം വഴി അക്കൗണ്ടിലേക്ക് മാറ്റുന്ന രീതിയാണ് ഇവരുടേത്.

അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍ പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് അടുത്തകാലത്ത് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത എന്തെന്നാല്‍ തീവ്രവാദികള്‍, ദേശ വിരുദ്ധ ശക്തികള്‍ എന്നിവര്‍ തൊഴിലാളികളായി നുഴഞ്ഞു കയറാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല എന്നതാണ്. കേരളത്തിലുള്ള അന്യ സംസ്ഥാന തൊഴിലാളികളെ പറ്റിയുള്ള കൃത്യമായ സ്ഥിതി വിവരകണക്കുകള്‍ തൊഴില്‍ ഉടമകളുടെ കൈവശമോ പഞ്ചായത്ത്- , മുനിസിപ്പല്‍- പൊലിസ് അധികാരികളുടെയോ പക്കലോ ഇല്ല എന്നതാണ് ഇവര്‍ക്ക് സഹായകരമാകുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി ഒരു സ്ഥലത്തു നില്‍ക്കാറില്ല .

പല സ്ഥലത്തും മാറി മാറി ജോലി ചെയ്യും. ഒരു സ്ഥലത്തു കുറ്റകൃത്യം നടത്തി മറ്റൊരു സ്ഥലത്തേക്കോ സ്വന്തം നാടുകളിലേക്കോ മുങ്ങും. കേരളത്തിലേക്ക് വരുന്ന മിക്ക അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ശരിയായ തിരിച്ചറിയല്‍ രേഖപോലും ഇല്ല എന്നതും വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. പലപ്പോഴും കുറ്റകൃത്യങ്ങള്‍ നടത്തി കേരളത്തില്‍ നിന്നും രക്ഷപെടുന്ന അന്യ സംസ്ഥന തൊഴിലാളികളെ പിടികൂടുക എന്നത് പൊലീസിന് തലവേദനയാണ്.കുറ്റകൃത്യ ത്തില്‍ പെട്ടവരെ അന്വേഷിച്ചു അവരുടെ നാട്ടിലെത്തിയാല്‍ ആരും ഒരു വിവരവും തരില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

 

 

 

Read more topics: # BANGLADESH, # kerala, # Bangal,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close