News

ആരാധകരുടെ നെഞ്ച് തകർത്ത് ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്ത്; കപ്പ് റാഞ്ചാൻ എത്തിയ കാനറികൾക്ക് ചുവന്ന ചെകുത്താന്മാരുടെ ഇരട്ട വെടി; പൊട്ടിക്കരഞ്ഞ് താരങ്ങളും ആരാധകരും; വെടിച്ചില്ലൻ ഗോളുമായി കെവിൻ ഡിബ്രയൻ കഥ കഴിച്ചു; രണ്ടാം പകുതിയിൽ മികച്ച് കളി പുറത്തെടുത്തിട്ടും ഫലമുണ്ടായില്ല; ജർമനിയുടേയും അർജന്റീനയുടേയും ശവപറമ്പായ കസാൻ അരീനയിൽ മഞ്ഞപ്പടയ്ക്കും മടക്കം; ബ്രസീലും പുറത്തായതോടെ ഇനി ഇത് ലോക`യൂറോ`കപ്പ്

കസാൻ:ലോകകപ്പ് ക്വാർട്ടറിൽ ആരാധകരുടെ നെഞ്ച് തകർത്ത് ബ്രസീൽ പുറത്ത്. നിർഭാഗ്യവും അനിശ്ചിതത്വവും ഒരുപോലെ കളം നിറഞ്ഞപ്പോൾ ലോകകപ്പ് വേദിയിൽ വീണ്ടും കാനറികളുടെ കണ്ണുനീർ വീണു.ഫേവറിറ്റുകളായ ബ്രസീലിനും റഷ്യൻ ലോകകപ്പിൽ അടിതെറ്റി. യൂറോപ്യൻ ഫുട്ബോളിലെ പുത്തൻ ശക്തികളായ ബെൽജിയം 2-1നു മഞ്ഞപ്പടയെ അട്ടിമറിച്ച് സെമി ഫൈനലിൽ കടന്നു. കസാനിൽ നടന്ന അത്യധികം ആവേശകരമായ മൽസരത്തിൽ ബെൽജിയത്തിന്റെ രണ്ടു ഗോളും ആദ്യ പകുതിയിലായിരുന്നുബെൽജിയത്തിന്റെ ഇരട്ട വെടി ബ്രസീലിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ആദ്യ പകുതി പിന്നിടുമ്പോൾ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്നു ബെൽജിയത്തിന്റെ ചുവന്ന ചെകുത്താന്മാർ. 13ാം മിനിറ്റിൽ ഫെർണാൻഡീഞ്ഞോയുടെ ഓൺ ഗോളിൽ ബെൽജിയം മുന്നിലെത്തി. 31ാം മിനിറ്റിൽ കെവിൻ ഡിബ്രയൻ ആണ് രണ്ടാം ഗോൾ നേടിയത്. 71ാം മിനിറ്റിൽ റെനോറ്റോ അഗസ്‌റ്റോയിലൂടെ ഗോൾ മടക്കിയെങ്കിലും ബെൽജിയം മരിച്ച് പ്രതിരോധിച്ചതോടെ ബ്രസീലിന് നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് ഉറപ്പാവുകയായിരുന്നു.

ഇടതു മൂലയിൽ നിന്നുള്ള നാസർ ചാഡ്ലിയുടെ കോർണർ കിക്ക് ഹെഡ്ഡറിലൂടെ ക്ലിയർ ചെയ്യാനുള്ള ഫെർണാണ്ടീഞ്ഞോയുടെ ശ്രമം ആദ്യ ഗോളിൽ കലാശിക്കുകയായിരുന്നു.കളിയുടെ ഗതിക്ക് വിപരീതമായി ബെൽജിയം മുന്നിലെത്തുകയായിരുന്നു.ബെൽജിയത്തിന്റെ കൗണ്ടർ അറ്റാക്കുകൾ ബ്രസീലിനെ ശരിക്കും സമ്മർദ്ദത്തിലാക്കുന്ന കാഴ്ചയാണ് ആദ്യ മിനിറ്റുകളിൽ കണ്ടതെങ്കിൽ പിന്നീട് പതിയെ ബെൽജിയം നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

കൗണ്ടർ അറ്റാക്കിൽ നിന്നും തന്നെയായിരുന്നു ബെൽജിയത്തിന്റെ രണ്ടാം ഗോളും വീണത്. ബ്രസീലിയൻ കോർണറിനൊടുവിൽ ലഭിച്ച പന്തുമായി കുതിച്ച ലുക്കാക്കു മറിച്ചു നൽകിയ പാസ് ബോക്സിനു പുറത്തു നിന്നുള്ള വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ ഡിബ്രുയ്ൻ വലയിലേക്ക് തൊടുക്കുകയായിരുന്നു. ബെൽജിയത്തിന്റെ വേഗതയ്ക്ക് മുന്നിലാണ് ആദ്യ പകുതിയിൽ ബ്രസീൽ വീണ് പോയത്. വമ്പന്മാർ നാട്ടിലേക്ക് മടങ്ങുന്നതിന് ഈ വർഷം രണ്ട് തവണ സാക്ഷിയായ കസാൻ മൈദാനത്തിലാണ് മത്സരം നടക്കുന്നത്. സൗത്തുകൊറിയയോട് തോറ്റ് ജർമനിയും ഫ്രാൻസിനോട് തോറ്റ് സാക്ഷാൽ ലയണൽ മെസിയുടെ അർജന്റീനയും മടങ്ങിയ അതേ കസാൻ സ്‌റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരവും.

ബ്രസീലിന്റെ നിരന്തരമായ അക്രമണത്തിലാണ് രണ്ടാം പകുതിയിലെ ആദ്യ ഇരുപത് മിനിറ്റും പിന്നിട്ടത്. എപ്പോൾ വേണമെങ്കിലും ബ്രസീൽ ഗോളടിക്കാം എന്നു തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു. എന്നാൽ ഭാഗ്യം മഞ്ഞപ്പടയെ തുണച്ചില്ല. ആദ്യ പകുതിയിലും ഗോളെന്നുറച്ച അനവധി നിമിഷങ്ങളും അവസരങ്ങളുമാണ് ബ്രസീൽ പാഴാക്കിയത്. കുറഞ്ഞത് ഒരു മൂന്ന് ഗോളെങ്കിലും ഉറച്ച അവസരങ്ങൾ ബ്രസീലിന് നഷ്ടമാവുകയും അടിച്ചകറ്റുകയും ചെയ്തിരുന്നു.ബ്രസീലിന്റെ തുടർച്ചയായ ആക്രമണങ്ങളിൽ ബെൽജിയം വിറയ്ക്കുന്നു. മഞ്ഞപ്പടയുടെ ആക്രമണാത്മക ഫുട്ബോളിൽ ബെൽജിയം പ്രതിരോധത്തിലേക്കു വലിഞ്ഞു. വില്ല്യനെ പിൻവലിച്ച് ബ്രസീൽ റോബർട്ടോ ഫിർമിനോയെ ഇറക്കിയായിരുന്നു ബ്രസീലിന്റെ പരീക്ഷണം

രണ്ടാം പകുതി മുഴുവൻ ബെൽജിയത്തിന്റെ ബോക്‌സിലായിരുന്നിട്ടും കൂട്ട പ്രതിരോധം പൊട്ടിക്കാൻ അവർക്ക് കഴിഞ്ഞില്ല. ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ബ്രസീലും പുറത്തായതോടെ ഫലത്തിൽ ലോകകപ്പ് യൂറോ കപ്പായി മാറിയിരിക്കുകയാണ്. ഇനി അവശേഷിക്കുന്ന ആറ് ടീമുകളും യൂറോപ്പിൽ നിന്നുള്ളവരാണ്. ലോകകപ്പിൽ അർജൻരീന, ജർമനി, ബ്രസീൽ എന്നീ വമ്പന്മാരില്ലാത്ത സെമി ഫൈനൽ എന്ന പ്രത്യേകതയുമുണ്ട് ഈ ലോകകപ്പിന്.

 

Read more topics:
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close