India

എന്റെ സ്വപ്നം ഇന്ത്യയുടെ പ്രസിഡന്റ് ആകണമെന്നാണ്; അതിന് ഞാൻ എന്തു ചെയ്യണം? അർദ്ധരാത്രിയിൽ ഇന്ത്യയുടെ ചരിത്ര നേട്ടത്തിന് സാക്ഷികളായി എത്തിയ വിദ്യാർത്ഥികളിൽ ഒരാൾ മോദിയോട് ചോദിച്ചത്; എന്തുകൊണ്ട് പ്രസിഡന്റ്? പ്രധാനമന്ത്രിയായിക്കൂടെ എന്ന് തിരിച്ച് ചോദിച്ച് മോദി; വലിയ ലക്ഷ്യങ്ങൾ നിശ്ചയിച്ചും ടാർജറ്റുകൾ പലതായി വിഭജിച്ചും ജീവിതത്തെ നേരിടേണ്ടത് വിശദീകരിച്ച് മോദി

ഇന്നലെ ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്ക് സോഫ്റ്റ് ലാന്‍ഡിങ് നിര്‍വഹിക്കുന്ന ചരിത്ര നേട്ടത്തിന് സാക്ഷികളായി ബംഗളുരുവിലെ ഐഎസ്ആര്‍ഒ സെന്ററിലെത്തിയ വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തുകയും അവര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു. ചന്ദ്രയാന്‍ 2 പൂര്‍ണമായും വിജയിക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരാശയുണ്ടായെങ്കിലും മോദിയുടെ പ്രചോദനം നിറഞ്ഞ ഉപദേശങ്ങള്‍ അവര്‍ക്ക് പുത്തന്‍ ഊര്‍ജവും ലക്ഷ്യബോധവും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. തന്റെ സ്വപ്നം ഇന്ത്യന്‍ പ്രസിഡന്റ് ആകണമെന്നാണെന്നാണ് മോദിയോട് ഇക്കൂട്ടത്തില്‍ ഒരു വിദ്യാര്‍ത്ഥി ആഗ്രഹപ്രകടനം നടത്തിയത്.

എന്നാല്‍ എന്തു കൊണ്ടാണ് പ്രസിഡന്റാകുന്നതിന് ലക്ഷ്യമിടുന്നതെന്നും മറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായിക്കൂടെയെന്നും മോദി ആ വിദ്യാര്‍ത്ഥിയോട് തിരിച്ചൊരു ചോദ്യം ചോദിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചും ടാര്‍ജറ്റുകളെ പലതായി വിഭജിച്ചും മുന്നോട്ട് പോകണമെന്നും ജീവിതത്തെ ഫലപ്രദമായി നേരിടണമെന്നും മോദി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണായകമായ ഉപദേശങ്ങളേകുകയും ചെയ്തിരുന്നു. 'ഞാന്‍ ഇന്ത്യന്‍ പ്രസിഡന്റായിത്തീരാന്‍ ആഗ്രഹിക്കുന്നു.. അതിന് എന്തെല്ലാം ചുവട് വയ്പുകളാണ് നടത്തേണ്ടത്?' എന്നായിരുന്നു ഒരു വിദ്യാര്‍ത്ഥി മോദിയോട് ഉപദേശം തേടിയത്.

'എന്തു കൊണ്ടാണ് പ്രസിഡന്റാകാന്‍ ആഗ്രഹിക്കുന്നത്? പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചു കൂടേ...?' എന്നായിരുന്നു മോദി ഈ വിദ്യാര്‍ത്ഥിയോട് തിരിച്ചു ചോദിച്ചത്. ലക്ഷ്യം വച്ച് മുന്നേറുന്നതിനിടെ തിരിച്ചടികളുണ്ടായാല്‍ തകര്‍ന്നു പോവരുതെന്നും മറിച്ച് ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകണമെന്നും മോദി വിദ്യാര്‍ത്ഥി സംഘത്തിന് നിര്‍ണായകമായ ഉപദേശം നല്‍കുകയും ചെയ്തു. ചന്ദ്രയാന്‍ 2 ദൗത്യം വീക്ഷിക്കുന്നതിനായി ഈ 60 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത് കഴിഞ്ഞ മാസം നടത്തിയ ഒരു ഓണ്‍ലൈന്‍ സ്‌പേസ് ക്വിസിലൂടെയായിരുന്നു.

ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം അവസാന നിമിഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ദൗത്യം പരാജയപ്പെട്ടത്. ചന്ദ്രന്റെ ഉപരിതലത്തിലെത്തുന്നതിന് 2.1 കിലോമീറ്റര്‍ അകലം മാത്രം അവശേഷിക്കവെ വിക്രം ലാന്‍ഡറുമായുള്ള കമ്മ്യൂണിക്കേഷന്‍ നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പ്രഖ്യാപിക്കുകയായിരുന്നു. ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് പരാജയപ്പെട്ടാലും നിരാശയില്ലാതെ ശ്രമങ്ങള്‍ ലക്ഷ്യബോധത്തോടെ വീണ്ടും തുടരണമെന്ന മോദിയുടെ ഉപദേശത്തെ വിദ്യാര്‍ത്ഥികള്‍ സാന്ദര്‍ഭികമായ പ്രാധാന്യത്തോടെയായിരുന്നു ഉള്‍ക്കൊണ്ടിരുന്നത്. ചന്ദ്രയാന്‍ 2 പരാജയമല്ലെന്നും വിജയത്തിലേക്കുള്ള മഹത്തായ ചുവട് വയ്പാണെന്ന് മോദി തുടര്‍ന്ന് ശാസ്ത്രജ്ഞന്മാര്‍ക്ക് പിന്തുണയേകിക്കൊണ്ട് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close