News

111 അടി ഉയരത്തിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ; 108 ശിവലിംഗ പ്രതിഷ്ഠയും 32 ഭാവത്തിലുള്ള ഗണപതി വിഗ്രഹവും; തുരങ്ക മാതൃകയിലുള്ള നടപ്പാതയിലൂടെ കയറിച്ചെന്നാല്‍ എട്ടു മണ്ഡപങ്ങളും; ഹിമവാന്റെ സപ്തഗിരികള്‍ സ്പര്‍ശിച്ച സുഖം അകമേ ചെന്നാല്‍; പത്തുവര്‍ത്തോളം അധ്വാനിച്ച ശിവലിംഗത്തിന് പത്തുനിലക്കെട്ടിടത്തിന്റെ ഉയരം; ലോകറെക്കോഡില്‍ കയറാന്‍ കേരളത്തിലെ ഈ ശിവക്ഷേത്രം

ഏഷ്യയിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠയുമായി ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രം. ക്ഷേത്രത്തിലെ നവഗ്രഹ മണ്ഡപത്തില്‍ നവഗ്രഹ പ്രതിഷ്ഠ നടന്നു. മഠാധിപതി മഹേശ്വരാനന്ദസ്വാമി വിഗ്രഹപ്രതിഷ്ഠ നടത്തി.നവഗ്രഹ വിഗ്രഹങ്ങള്‍ മഹാബലിപുരത്താണ് നിര്‍മ്മിച്ചത്. മഹാബലിപുരത്തുനിന്ന് എത്തിച്ച വിഗ്രഹങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്നാണ് പ്രതിഷ്ഠ നടന്നത്.

111 അടി ഉയരത്തിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ശിവലിംഗമുള്ള ശിവപാര്‍വതി ക്ഷേത്രത്തില്‍ 108 ശിവലിംഗ പ്രതിഷ്ഠയുമുണ്ട്. ഗണപതിമണ്ഡപത്തില്‍ 32 ഭാവങ്ങളിലുള്ള ഗണപതി പ്രതിഷ്ഠയുമുണ്ട്.കര്‍ണാടകയിലെ കോളാര്‍ ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ റെക്കോഡാണ് ചെങ്കല്‍ ക്ഷേത്രം തിരുത്തുന്നത്. കോളാറിലെ ശിവലിംഗത്തിന് 108 അടിയാണുയരം. ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ശിവലിംഗം അടുത്തു തന്നെ ഗിന്നസ് ബുക്കിലും സ്ഥാനം നേടും. ചുവടിന്റെ ചുറ്റളവും ലിംഗാഗ്രത്തിലെ അളവും രേഖപ്പെടുത്തിയ ശേഷമാണ് ഏറ്റവും വലിപ്പമേറിയ ശിവലിംഗമെന്ന് ഉറപ്പാക്കി ഏഷ്യാ ബുക്ക് ഓഫോ റിക്കോര്‍ഡ്‌സ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ശിവലിംഗത്തിനുള്ളിലെ വിസ്മയ കാഴ്ചകളും സംഘം പരിശോധിച്ച് വിലയിരുത്തി.

ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതീക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ മനസ്സില്‍ ഉദിച്ച ആശയമാണ് ശിവലിംഗ നിര്‍മ്മാണത്തിലേക്കും പുരാതന ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തിലേക്കും എത്തിയത്. നിര്‍മ്മാണത്തിന് അദ്ദേഹം തന്നെ നേതൃത്വവും നല്‍കി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കനുസരിച്ചാണ് നിര്‍മ്മാണം നിര്‍വ്വഹിക്കപ്പെട്ടതും. 111.2 അടിയില്‍ 111 അടി വ്യാസത്തിലാണ് ശിവലിംഗം. പത്തുനിലക്കെട്ടിടത്തിന്റെ ഉയരവും അത്രതന്നെ ചുറ്റളവും! എണ്ണൂറോളം തൊഴിലാളികള്‍ പത്തുവര്‍ത്തോളം അധ്വാനിച്ചു. നാടും വീടും ഉപേക്ഷിച്ച് ഏഴു വര്‍ഷമായി വ്രതശുദ്ധിയോടെ മഠത്തില്‍ തങ്ങുന്ന 30 കൊത്തുവേലക്കാരുടെ അക്ഷീണ പ്രയത്‌നത്താലാണ് കൊത്തുപണികള്‍ പൂര്‍ത്തീകരിച്ചത്. ഭക്തര്‍ കാണിക്കയായി നല്‍കിയ പണമാണ് ചെലവഴിച്ചത്. ചിലര്‍ സിമന്റും കല്ലും നല്‍കി.

മനുഷ്യശരീരത്തിന്റെ മൂലാധാരം മുതല്‍ മൂര്‍ധാവ് വരെ എട്ടു ഭാഗങ്ങളായി വിഭജിച്ച രീതിയിലാണ് ശിവലിംഗത്തിലെ ഉള്ളിലെ നിര്‍മ്മാണം. എല്ലാവരുടെയും ശരീരം അവരവരുടെ വിരലുകള്‍ കൊണ്ട് അളന്നാല്‍ എട്ടു ചാണ്‍ നീളം ആണെന്ന സങ്കല്‍പ്പത്തിലാണ് എട്ടു മണ്ഡപങ്ങള്‍, പൃഥ്വി ചക്ര, മൂലാധാര ചക്ര, സ്വാധിഷ്ഠാന ചക്ര, മണിപൂരക ചക്ര, അനാഹതചക്ര, വിശുദ്ധചക്ര, ആജ്ഞാചക്ര, സഹസ്രാരചക്ര എന്നിങ്ങനെയാണ് എട്ടു മണ്ഡപങ്ങള്‍.

സ്തൂപത്തെ ഉള്ളിലൂടെ ചുറ്റിപ്പോകുന്ന തുരങ്കത്തിന്റെ മട്ടിലുള്ള നടപ്പാതയില്‍ നിന്നാണ് ഓരോ മണ്ഡപത്തിലേക്കും പ്രവേശനം. മുകളിലേക്കുള്ള വഴി ഇടുങ്ങിയതാണെങ്കിലും മനോഹരമാണ്. മെച്ചപ്പെട്ട വെളിച്ച സംവിധാനത്തില്‍ ഏറെ ആകര്‍ഷകമാണിവിടം. പാതയുടെ ഇരുവശത്തെയും ഭിത്തിയില്‍ ഋഷീശ്വരന്മാരുടെയും ആചാര്യന്മാരുടെയും ചിത്രങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ പ്രതിമകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഹിമാലയയാത്രയുടെ ഓര്‍മ ഉണര്‍ത്തുന്ന തരത്തിലാണ് മുകളിലേക്കുള്ള നടത്തം. കൈലാസത്തിലേക്കു ഹിമവാന്റെ സപ്തഗിരികള്‍ കടന്നുപോകുന്ന രീതിയിലാണു മുകളിലേക്കുള്ള നടപ്പാത.

വിശാലമായ മുറികളാണ് ഓരോനിലയിലുമുള്ള മണ്ഡപങ്ങള്‍. ഇവിടെ ഭക്തര്‍ക്ക് ധ്യാനത്തിലിരിക്കാം. ഓരോ മണ്ഡപത്തിനും വ്യത്യസ്ത നിറങ്ങള്‍ നല്‍കി മനോഹരമാക്കിയിരിക്കുന്നു. മണ്ഡപങ്ങള്‍ക്കുള്ളിലെ ഭിത്തിയില്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍. ആദ്യനിലയില്‍ 108 ശിവലിംഗങ്ങളുടെ സമഗ്ര പ്രതിഷ്ഠയുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷ്ഠാ ചടങ്ങോടെ ഭക്തര്‍ക്കായി ശിവലിംഗ ക്ഷേത്രം തുറന്നുകൊടുത്തു. ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരം, ട്രസ്റ്റ് ഭാരവാഹികളായ തുളസീദാസന്‍നായര്‍, വി.കെ.ഹരികുമാര്‍, കെ.പി.മോഹനന്‍, വേലപ്പന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close