News
മാത്യു കുഴൽനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയായി നിയമസഭയെ മാറ്റാൻ പാടില്ലെന്നും എന്തിനും ഒരു അതിരുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
''പ്രതിപക്ഷ ആരോപണങ്ങൾക്ക് എക്സൈസ് മന്ത്രിയാണ് മറുപടി പറയുക. എങ്കിലും എനിക്ക് പറയാനുള്ളത്.. ഒരു അംഗത്തിന് സിപിഎം പോലെയുള്ള ഒരു പാർട്ടിയെപ്പറ്റി എന്ത് അസംബന്ധവും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാൻ പറ്റില്ല. എന്താണ് അദ്ദേഹം (മാത്യു കുഴൽനാടൻ എംഎൽഎ) അവതരിപ്പിച്ച കാര്യങ്ങൾ. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ ? ഇങ്ങനെയാണോ സഭയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്? ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്. എന്തിനും ഒരു അതിരുവേണം. ആ അതിര് ലംഘിച്ച് പോകാൻ പാടില്ല'' ക്ഷുഭിതനായി മുഖ്യമന്ത്രി പറഞ്ഞു.
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പ്രതിയായ സിപിഎം നേതാവിനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നേടിയ മാത്യു കുഴൽനാടൻ എംഎൽഎ ശക്തമായ രാഷ്ട്രീയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതാണ് ബഹളത്തിന് ഇടയാക്കിയത്. ഇതോടയാണ് മുഖ്യമന്ത്രി തന്നെ മറുപടിയുമായി രംഗത്തെത്തിയതും ക്ഷുഭിതനായി സംസാരിച്ചതും.