News

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മോദിയുടെ നീക്കങ്ങള്‍ കൃത്യമായി വ്യക്തമാക്കി ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞന്‍; സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി ക്രിസ്റ്റോഫ് ജാഫ്രെലോട്ടിന്റെ 2014 ലെ പ്രവചനം

ന്യൂഡല്‍ഹി:  മോദി അധികാരത്തിലെത്തിയാല്‍ ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി എണ്ണിപ്പറഞ്ഞ 2014 ല്‍ ദ സ്‌ക്രോള്‍ എന്ന പോര്‍ട്ടല നല്‍കിയ അഭിമുഖം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. പ്രവചനങ്ങള്‍ എല്ലാം സത്യമായിരിക്കുന്ന ഈ സാഹചര്യത്തിലാണ് സൗത്ത് ഏഷ്യന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ ക്രിസ്റ്റോഫ് ജാഫ്രെലോട്ടിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. സാമ്പത്തികവും ഹിന്ദുത്വവും മോദിയുടെ അജണ്ടകളാണെന്നു നേരത്തെ അദ്ദേഹം പ്രവചിച്ചിരുന്നു.

ഇന്ത്യയിലും പാക്കിസ്ഥാനിലുമായി നിരവധി രാഷ്ട്രീയ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള എഴുത്തുകാരനാണ് ക്രിസ്റ്റോഫ് ജാഫ്രെലോട്ട്. ഫ്രഞ്ച് രാഷ്ട്രീയ ശാസ്ത്രജ്ഞനായ ഇദ്ദേഹം സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ വിശകലന വിദഗ്ധനാണ്. ഹിന്ദു ദേശീയതയെയും ജാതി രാഷ്ട്രീയത്തെയും കൃത്യമായി നിരീക്ഷിക്കുന്ന അദ്ദേഹം പല യൂണിവേഴ്‌സിറ്റികളിലെയും പ്രൊഫസര്‍ കൂടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് 2014 ല്‍ ഡല്‍ഹിയില്‍ എത്തിയ ജാഫ്രെലോട്ട് സ്‌ക്രോളിനു നല്‍കിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ തന്ത്രങ്ങള്‍ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ ഗവണ്മെന്റില്‍ നിന്നും തികച്ചും വ്യത്യസ്തമായ നയങ്ങളാണ് ബിജെപിയുടേത്. പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള തിരഞ്ഞെടുപ്പുകള്‍ ശ്രദ്ധിച്ചാല്‍ കോണ്‍ഗ്രെസ്സിനെക്കാള്‍ ജനാധിപത്യരീതിയുള്ള ഒരു പാര്‍ട്ടിയാണ് ബിജെപി എന്ന് കാണാം. എന്നാല്‍ ബിജെപിയുടെ ഉള്ളില്‍ നരേന്ദ്ര മോദി ജയിച്ചു വന്നത് അത്തരമൊരു തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയല്ല. മോദി തന്റെ പാര്‍ട്ടിക്ക് സമാന്തരമായ ഒരു വഴിയിലൂടെയാണ് നീങ്ങുന്നത്. അദ്ദേഹം പ്രധാന മന്ത്രി ആയാല്‍ പാര്‍ട്ടിയെക്കാള്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയായിരിക്കും തന്റെ നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ ആശ്രയിക്കുക എന്ന് ജാഫ്രെലോട്ട് പറഞ്ഞിരുന്നു. ഒരു പരിധി വരെ ഗുജറാത്തില്‍ സംഭവിച്ചതും ഇത് തന്നെയാണ്.

മോദി സ്വയം അധികാരത്തിന്റെ കേന്ദ്രമായി മാറി പാര്‍ട്ടിയില്‍ നിന്നുള്ള വിയോജിപ്പുകളെയും എതിര്‍സ്വരങ്ങളെയും ഒതുക്കുന്ന കാഴ്ചയാണുള്ളത്. 1971 ല്‍ ഇന്ദിര ഗാന്ധി തിരഞ്ഞെടുപ്പ് ജയിച്ചത് ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടാണ്. അതേ തന്ത്രം തന്നെയാണ് മോദിയും സ്വീകരിക്കുന്നത്. എനിക്ക് വോട്ട് ചെയ്യൂ എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് മോദി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 'ഹര്‍ ഹര്‍ മോദി, ഘര്‍ ഘര്‍ മോദി' എന്ന മുദ്രാവാക്യം ഇത് ശരിവയ്ക്കുന്നതുമാണ്.

ഗുജറാത്തില്‍ സംഘപരിവാറിന്റെ വേരുകള്‍ ദുര്‍ബലപ്പെട്ടതില്‍ ചെറുതല്ലാത്ത പങ്ക് മോദിക്കുണ്ട്. എങ്കിലും മോദിയുടെ കൂടെ നില്‍ക്കുക എന്നതേ ആര്‍എസ്എസ്സിന് ചെയ്യാനുള്ളൂ. മോദിയുടെയും ആര്‍എസ്എസ്സിന്റെയും അജണ്ട ഒന്ന് തന്നെയാണ്. ആന്റി-കണ്‍വെര്‍ഷന്‍ നിയമം, ഏകീകൃത സിവില്‍ കോഡ്, തുടങ്ങിയ ഭൂരിപക്ഷത്തിനെ മാത്രം ലക്ഷ്യം വയ്ക്കുന്ന ഹിന്ദുത്വ നടപടികളാണ് മോദി സര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ എങ്ങനെ മോദി സര്‍ക്കാര്‍ ഇടപെടുമെന്നുള്ളതും നിര്‍ണ്ണായകമാണ്. ജോലി സാദ്ധ്യതകള്‍ സൃഷ്ടിച്ചു സാമ്പത്തിക വളര്‍ച്ച നേടുകയെന്നത് മുഖ്യ പരിഗണനയായിരിക്കും. മോദിയുടെ പ്ലാന്‍ എ സാമ്പത്തിക വളര്‍ച്ചയും പ്ലാന്‍ ബി ഹിന്ദുത്വ അജണ്ടയുമാണെന്നു ജാഫ്രെലോട്ട് വ്യക്തമായി പറഞ്ഞിരുന്നു. നോട്ട് നിരോധനവും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും കാരണം ഹിന്ദുത്വ അജണ്ടകളുടെ ഭാഗമായ സിഎഎ, എന്‍ആര്‍സി തുടങ്ങിയ ആശയങ്ങള്‍ ഇതിനോടകം ഇന്ത്യ കണ്ടു കഴിഞ്ഞു. മുസ്ലിങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന അയോദ്ധ്യ പ്രശ്‌നവും, ജാതീയമായ വേര്‍തിരുവുകളും ന്യൂനപക്ഷ സമുദായങ്ങളോടുള്ള അവഗണയും ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമഫലങ്ങള്‍ ആണ്.

ആര്‍ട്ടിക്കിള്‍370, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം എല്ലാം ഇതിന്റെ ഭാഗമായി വന്നതുമാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ, അവരെ ആശങ്കയിലാഴ്ത്തിയുള്ള ഏകാധിപത്യ പദ്ധതികളാകും മോദി ഗവണ്മെന്റ് അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുക. തിരഞ്ഞെടുപ്പിന് ശേഷം മോദി പ്രധാന മന്ത്രി ആയി തുടരുന്ന ഈ ഘട്ടത്തില്‍ ജാഫ്രെലോട്ടിന്റെ നിരീക്ഷണങ്ങള്‍ അക്ഷരംപ്രതി യാഥാര്‍ഥ്യമാകുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഈ പ്രവചനം വൈറലായിരിക്കുകയാണ് ഇപ്പോള്‍.

 

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close