India

കോളജ് അധ്യാപികയെ മുന്‍കാമുകന്‍ കത്തിച്ചത് ബൈക്കില്‍നിന്നു പെട്രോള്‍ ഊറ്റി ദേഹത്തൊഴിച്ച് ;നാട്ടില്‍ പ്രതിഷേധം

മുന്‍ കാമുകന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കോളജ് അധ്യാപിക അങ്കിത പിസ്സുഡെ (25)യുടെ മരണത്തില്‍ പ്രതിഷേധം. പ്രതിക്കു വധശിക്ഷ ആവശ്യപ്പെട്ടു നാട്ടുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. കേസിലെ വിചാരണ സംസ്ഥാന സര്‍ക്കാര്‍ അതിവേഗ കോടതിക്കു കൈമാറി.

തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയും ടയറുകള്‍ കത്തിച്ചു ഗതാഗതം തടയുകയും ചെയ്തു. പലയിടങ്ങളിലും കല്ലേറുണ്ടായി. മൃതദേഹവുമായി എത്തിയ ആംബുലന്‍സിനു നേരെയും കല്ലേറുണ്ടായെന്നാണു റിപ്പോര്‍ട്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഹിന്‍ഗന്‍ഘട്ടില്‍ കൂടുതല്‍ പൊലീസിനെയും ദ്രുതകര്‍മ സേനയെയും വിന്യസിച്ചു. വാര്‍ധ ജില്ലയില്‍ സുരക്ഷയും ജാഗ്രതയും വര്‍ധിപ്പിച്ചു. ഈ മാസം മൂന്നിന് ആക്രമണമുണ്ടായപ്പോള്‍ തന്നെ വാര്‍ധയില്‍ പലയിടങ്ങളിലും പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു.

നാഗ്പുരിനടുത്ത് വാര്‍ധയിലെ ഹിന്‍ഗന്‍ഘട്ട് സ്വദേശിനിയാണ് അങ്കിത. അങ്കിത കോളജിലേക്കു പോകുമ്പോഴാണു വികേഷ് നഗ്രാലെ (27) ബൈക്കിലെത്തി, അതില്‍ നിന്നു പെട്രോള്‍ കുപ്പിയിലാക്കി ദേഹത്തൊഴിച്ചതും തീവച്ചതും. കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകള്‍ക്കകം പിടികൂടി. ഇരുവരും ഏറെക്കാലം അടുപ്പത്തിലായിരുന്നെന്നും ശല്യവും അസാധാരണമായ പെരുമാറ്റവും സഹിക്കാനാകാതെ 2 വര്‍ഷം മുന്‍പ് യുവതി ബന്ധം പിരിയുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ഇതിന്റെ പ്രതികാരമായാണു കൊല. വിവാഹിതനും 7 മാസം പ്രായമായ കുഞ്ഞിന്റെ അച്ഛനുമാണു പ്രതി. അങ്കിത വിവാഹിതയായെങ്കിലും വികേഷിന്റെ ശല്യം രൂക്ഷമായതോടെ ഭര്‍ത്താവ് വിവാഹമോചനം നേടി.

യുവതിയുടെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന്  ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. മുംബൈയിലെ പ്രമുഖ പൊള്ളല്‍ചികിത്സാ വിദഗ്ധനായ സുനില്‍ കേസ്വാനിയെ സര്‍ക്കാര്‍ വാര്‍ധയില്‍ എത്തിച്ചു ചികില്‍സാ മേല്‍നോട്ടത്തിനു ചുമതലപ്പെടുത്തിയിരുന്നു. യുവതിയെ രക്ഷിക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തിയെന്നും എന്നാല്‍ വിധി എതിരായെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നികമിനെയാണു സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചിരിക്കുന്നത്. 1993 മുംബൈ സ്‌ഫോടന പരമ്പര, 26/11 മുംബൈ ഭീകരാക്രമണം, പ്രമോദ് മഹാജന്‍ വധം, ഗുല്‍ഷന്‍കുമാര്‍ വധം എന്നിവയടക്കം പ്രമാദമായ കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വല്‍ നികം.

 

Read more topics: # delhi, # burn,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close