News

പുതിയതരം കൊറോണ വൈറസിന് ലോകാരോഗ്യസംഘടന പേരിട്ടു. കോവിഡ്-19..

ചൈനയില്‍ 1000ലേറെ പേരുടെ ജീവനെടുത്ത കൊറോണ വൈറസിന്റെ ഔദ്യോഗിക നാമം ഇനിമുതല്‍ കോവിഡ്-19 എന്നറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന. ഡിസംബര്‍ 31 ന് ചൈനയില്‍ തിരിച്ചറിഞ്ഞ വൈറസിന് എത്രയും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് കോവിഡ്.'കൊറോണയ്ക്ക് ഇപ്പോള്‍ പേര് കണ്ടു പിടിച്ചിരിക്കുന്നു. കോവിഡ്-19 എന്നാണ് പേര്,' ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെട്രോസ് അധനം ഗെബ്രെയേസസാണ് ഇക്കാര്യം വ്യക്തമാക്കിയത്..ജനീവയിലെ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.18 മാസത്തിനുള്ളില്‍ വൈറസിനുള്ള വാക്‌സിന്‍ തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു. 'ഇന്ന് നിലവിലുള്ള എല്ലാ സജ്ജീകരണങ്ങളും വെച്ച് നമുക്ക് വൈറസിനെ നേരിടാം,'ലോകാരോഗ്യ സംഘടനാ തലവന്‍ പറഞ്ഞു.അതേസമയം ചൈനകൊറോണയ്ക്ക് താത്കാലിക ഔദ്യോഗിക നാമം നല്‍കിയിരുന്നു. എന്‍.സി.പി എന്നാണ് കൊറോണയ്ക്ക് നല്‍കിയ പേര്. നോവല്‍ കൊറോണ വൈറസ് ന്യൂമോണിയഎന്നതിന്റെ ചുരുക്ക രൂപമാണ് എന്‍.സി.പി.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധയ്ക്ക് ശമനമില്ല. തിങ്കളാഴ്ച 108 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 1016 ആയി. 42,638 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.ഭീഷണി ഉടനൊന്നും അവസാനിക്കാനിടയില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി അവസാനത്തോടെ വൈറസ് ബാധ ഏറ്റവും ഉയര്‍ന്നനിലയിലെത്താമെന്ന് ആരോഗ്യ ഉപദേഷ്ടാവും വൈറോളജിസ്റ്റുമായ ഷോങ് നന്‍ഷാന്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച മരിച്ചവരില്‍ 103 പേര്‍ വൈറസ് പൊട്ടിപ്പുറപ്പെട്ട ഹുബൈ പ്രവിശ്യയിലാണ്. 2478 പുതിയ കേസുകളും സ്ഥിരീകരിച്ചു. ബെയ്ജിങ്, ടിയാന്‍ജിന്‍, ഹെലോങ്ജിയാങ്, അന്‍ഹുയി, ഹെനാന്‍ എന്നിവയിലാണ് മറ്റുമരണങ്ങള്‍. 849 പേര്‍ ഗുരതരാവസ്ഥയിലാണ്. 3996 പേര്‍ ഇതുവരെ ചികിത്സയില്‍ സുഖംപ്രാപിച്ച് ആശുപത്രിവിട്ടു. രോഗികളുമായി ഇടപെട്ട നാലരലക്ഷത്തിലധികംപേരെ തിരിച്ചറിഞ്ഞതായും രണ്ടുലക്ഷത്തിലേറെപേരെ നിരീക്ഷിച്ചുവരുന്നതായും ചൈനീസ് ആരോഗ്യമന്ത്രാലയം പറഞ്ഞു.

തിങ്കളാഴ്ചയോടെ ഹോങ് കോങ്ങില്‍ വൈറസ് ബാധിച്ചവര്‍ 42 ആയി. മക്കാവോയില്‍ പത്തും തയ്വാനില്‍ പതിനെട്ടും ജപ്പാനില്‍ ഇരുപത്തിയെട്ടും പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് 30 ഇടങ്ങളിലായി നാനൂറോളം പേര്‍ക്കാണ് വൈറസ് ബാധ. ഫിലിപ്പീന്‍സിലും ഹോങ് കോങ്ങിലും ഓരോ ആള്‍വീതം മരിക്കുകയുംചെയ്തു.കൊറോണവൈറസ് ലോകത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ലോകാരോഗ്യസംഘടന. 99 ശതമാനം വൈറസ് ബാധയും ചൈനയിലാണെങ്കിലും മറ്റുരാജ്യങ്ങള്‍ ഏറെ കരുതിയിരിക്കണമെന്ന് ഡബ്ള്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു. കൊറോണയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ജനീവയില്‍ നടക്കുന്ന രണ്ടുദിവസത്തെ സമ്മേളനത്തില്‍ നാനൂറിലധികം ശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. വൈറസ് എവിടെനിന്ന് എങ്ങനെ പടര്‍ന്നു, മരുന്നിനായുള്ള ഗവേഷണങ്ങള്‍ എവിടെയെത്തി തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചചെയ്യുക.

അതിനിടെ, ബെയ്ജിങ്ങിലെത്തിയ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ചൈനീസ് അധികൃതരുമായി ചേര്‍ന്ന് വൈറസ് ബാധ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആരോഗ്യ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനായ ബ്രൂസ് ഐല്‍വാഡിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close