News

വുഹാൻ ആശുപത്രിയുടെ തലവനായ ഡോക്ടറും മരണത്തിന് കീഴടങ്ങി; വിവരങ്ങൾ പുറത്ത് വിടാതെ ചൈനീസ് അധികൃതർ; ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്നവർ പോലും രോഗബാധിതരായി മരിച്ച് വീഴുമ്പോഴും രഹസ്യം ഉറപ്പാക്കാൻ ചൈന; 1775 ജീവൻ എടുത്ത കൊലയാളി വൈറസ് 71,440 പേരെ പിടികൂടിയെന്ന് ഔദ്യോഗിക കണക്ക്

കൊറോണ ഭീതിദമായ തോതില്‍ പടര്‍ന്ന് പിടിച്ച് ദിനംപ്രതി മരണങ്ങള്‍ പെരുകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട രഹസ്യാത്മതക കാത്ത് സൂക്ഷിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി. വുഹാന്‍ ആശുപത്രിയുടെ തലവനായ ഡോ. ലിയു സിമിങ് വരെ കൊറോണ ബാധിച്ച് മരിച്ചിട്ടും ഇക്കാര്യം സമ്മതിക്കാന്‍ ചൈനീസ് അധികൃതര്‍ മടി കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്നവര്‍ പോലും ഇത്തരത്തില്‍ രോഗബാധിതരായി മരിച്ച് വീഴുമ്പോഴും രഹസ്യം ഉറപ്പാക്കാന്‍ ചൈന മനുഷ്യത്വരഹിതമായ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ലോകമെമ്പാടും 1775 ജീവന്‍ എടുത്ത കൊലയാളി വൈറസ് 71,440 പേരെ പിടികൂടിയെന്നാണ് ഔദ്യോഗിക കണക്ക്.

കൊറോണ ബാധിച്ച സിമിങ് ഇപ്പോഴും ചികിത്സയിലാണെന്നാണ് ചൈനീസ് അധികൃതരുടെ അഥവാ ഹുബെയ് ഹെല്‍ത്ത് ഒഫീഷ്യലിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇദ്ദേഹം മരിച്ചുവെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കൊറോണയെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പേകിയിരുന്ന ഡോ. ലി വെന്‍ലിയാന്‍ഗ് ഈ മാസം ആദ്യം മരിച്ചപ്പോഴും ഇതേ നിലപാടായിരുന്നു ചൈനീസ് അധികൃതര്‍ പുലര്‍ത്തിയിരുന്നത്. ഇത്തരത്തില്‍ ലി മരിച്ചിട്ടും അക്കാര്യം മറച്ച് വച്ച അധികൃതരുടെ നടപടിയെ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ കടുത്ത ഭാഷയിലായിരുന്നു വിമര്‍ശിച്ചിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച 59കാരിയായ വുചാന്‍ഗ് ഹോസ്പിറ്റലിലെ നഴ്‌സ് കൊറോണ ബാധിച്ച് മരിച്ചപ്പോഴും ചൈനീസ് അധികൃതര്‍ അക്കാര്യം മറച്ച് വയ്ക്കാനായിരുന്നു അങ്ങേയറ്റം ശ്രമിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെ ആറ് ഹെല്‍ത്ത് വര്‍ക്കര്‍മാരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതിന് പുറമെ ചൈനയിലെ 1700 മെഡിക്കല്‍ ജീവനക്കാരെയും ഈ കൊലയാളി വൈറസ് ബാധിച്ചിട്ടുണ്ട്.ഡോ. ലിയു വിന്റെ മരണവാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത് റെഡ് സ്റ്റാര്‍ ന്യൂസാണ്. ചോന്‍ഗ്കിന്‍ഗ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ന്യൂസ് ഔട്ട്‌ലെറ്റാണിത്.

വിവിധ ഉറവിടങ്ങളില്‍ നിന്നാണ് ലിയുവിന്റെ മരണവാര്‍ത്ത് സ്ഥിരീകരിച്ചിരിക്കുന്നതന്നാണ് ഈ റെഡ് സ്റ്റാര്‍ ന്യൂസ് പറയുന്നത്. ട്വിറ്ററിന് സമാനമായി ചൈനയില്‍ പ്രചാരമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോ ലിയുവിന്റെ മരണം ഒരു പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് മരിക്കുന്ന ചൈനയിലെ ആദ്യത്തെ ഹോസ്പിറ്റല്‍ ഡയറക്ടറാണ് ലിയുവെന്നാണീ പോസ്റ്റ് വെളിപ്പെടുത്തുന്നത്. വുചാന്‍ഗ് ഹോസ്പിറ്റലിലെ ഒരു ഡോക്ടറും ലിയു മരിച്ചുവെന്ന വാര്‍ത്ത ശരിയാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലിയും നല്ല ആരോഗ്യമുള്ള വ്യക്തിയായിരുന്നുവെന്നും ഈ വാര്‍ത്ത കേട്ട് താന്‍ ഞെട്ടിത്തരിച്ചുവെന്നും ഈ ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റൊരു വ്യക്തിയും വെളിപ്പെടുത്തുന്നു.

അതിനിടെ കൊറോണ പടരുന്നത് നേരത്തെ അറിഞ്ഞിട്ടും ചൈനീസ് പ്രസിഡന്റ് ജിന്‍ പിന്‍ഗ് അടക്കമുള്ളവര്‍ ഇക്കാര്യം മറച്ച് വയ്ക്കാനാണ് ശ്രമിച്ചിരുന്നതെന്നും അതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണമായെന്നുമുള്ള ആരോപണവും ശക്തമാണ്. താന്‍ വളരെ നേരത്തെ തന്നെ കൊറോണയെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും അതിനെതിരെ പ്രവര്‍ത്തിക്കുന്നതിന് നേതൃത്വവും നിര്‍ദ്ദേശവുമേകിയിരുന്നുവെന്നും ഫെബ്രുവരി മൂന്ന് നടത്തിയ ഒരു പ്രസംഗത്തിലൂടെ ജിന്‍പിന്‍ഗ് വെളിപ്പെടുത്തിയതാണ് അദ്ദേഹത്തിന് തന്നെ വിനയായിരിക്കുന്നത്..

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close