News

യുകെ അടക്കം സകല യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ഇന്ത്യ; ഇന്ത്യൻ പൗരത്വം ഉള്ളവർക്ക് ഒഴിവ് കിട്ടിയേക്കും; ഒസിസിഐ കാർഡിന്റേയോ നിലവിലുള്ള വിസയുടേയോ അടിസ്ഥാനത്തിൽ എത്താൻ ശ്രമിച്ചാൽ എയർപോർട്ടിൽ നിന്നും മടങ്ങി പോവേണ്ടി വരും

രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍, തുര്‍ക്കി,യു.കെ. എന്നിവിടങ്ങളില്‍നിന്നുമുള്ളവര്‍ ഇന്ത്യയിലേക്ക് വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മാര്‍ച്ച് 18 മുതല്‍ 31വരെയാണ് വിലക്ക്. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 114 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 17പേര്‍ വിദേശികളാണ്. ഈ സാഹചര്യത്തിലാണ് ഇടപെടല്‍.

കൊറോണയെ തുടര്‍ന്ന് രാജ്യത്ത് രണ്ടുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശിയും ഡല്‍ഹി സ്വദേശിനിയുമാണ് മരിച്ചത്. തിങ്കളാഴ്ച കേരളത്തില്‍ മൂന്നുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മലപ്പുറം. കാസര്‍കോഡ് ജില്ലകളിലാണ് പുതിയ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചത്. ഒഡീഷ, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, എന്നിവയും അടച്ചിടാന്‍ നിര്‍ദ്ദേശമുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറക്കണമെന്നും, ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

യുകെ അടക്കം സകല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കൊറോണയെ പ്രതിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതില്‍ വിമാനത്തില്‍ എത്തുന്ന ഇന്ത്യന്‍ പൗരത്വം ഉള്ളവര്‍ക്ക് ഒഴിവ് കിട്ടിയേക്കും. ഒസിസിഐ കാര്‍ഡിന്റേയോ നിലവിലുള്ള വിസയുടേയോ അടിസ്ഥാനത്തില്‍ വിദേശികളായവര്‍ എത്താന്‍ ശ്രമിച്ചാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങി പോവേണ്ടി വരും. മഹാരാഷ്ട്രയില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ കയ്യില്‍ മുദ്ര കുത്താനും തീരുമാനിച്ചിട്ടുണ്ട്. രോഗ വ്യാപനത്തിന് സാധ്യത ഒരുക്കും വിധം ഇവര്‍ പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ക്ക് തിരിച്ചറിയാനാണ് ഇത്.

ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 114 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം സ്‌കൂളുകളും മാളുകളും നാളെ മുതല്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചത്. താജ്മഹല്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. രാജ്യത്തുകൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അതിശക്തമായ ഇടപെടല്‍ നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജിമ്മുകള്‍, മ്യൂസിയങ്ങള്‍ എന്നിവ അടയ്ക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. സ്ഥാപനങ്ങള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും യോഗങ്ങള്‍ മാറ്റിവെക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളെല്ലാം മാര്‍ച്ച് 31 വരെ പാലിക്കേണ്ടതാണ്. സാഹചര്യമനുസരിച്ച് ഇവ സംബന്ധിച്ച അവലോകനം നടത്തും.

Read more topics: # corona virus, # corona virus india,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close