News

കൊറോണയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു

നൂറിലധികം രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ചതോടെ കൊവിഡ് 19 എന്ന കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകളില്‍ നിന്ന് ആളുകളിലേക്ക് പകരുന്ന നിലയായതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്. ചെനക്ക് പുറത്തുകൊറോണ വ്യാപിച്ചിരിക്കുന്നത് പതിമൂന്ന് മടങ്ങ് അധികമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

നൂറിലധികം രാജ്യങ്ങളില്‍ അപകടകരമായ രീതിയിലാണ് വൈറസ് പടര്‍ന്ന് പിടിക്കുന്നത്. ആഗോള പകര്‍ച്ച വ്യാധിയെന്ന പേര് ഉപയോഗിക്കണമോയെന്ന കാര്യത്തില്‍ ആഴ്ചകളായി നടന്ന ആലോചനയ്ക്ക് ഒടുവിലാണ് തീരുമാനം.

വൈറസിനെതിരായ വിവിധ രാജ്യങ്ങളുടെ ചെറുത്ത് നില്‍പ്പില്‍ ഒരു തരത്തിലുമുള്ള കുറവ് വരരുതെന്ന നിര്‍ദ്ദേശത്തോടെയാണ് പ്രഖ്യാപനം. 2009ല്‍ നിരവധിപ്പേരുടെ ജീവന്‍ അപഹരിച്ച പന്നിപ്പനി(എച്ച്1 എന്‍1)ഇതിന് മുന്‍പ് ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചിരുന്നു.'ലോകാരോഗ്യ സംഘടന മുഴുവന്‍ സമയവും സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. അപകടരമായ രീതിയിലുള്ള കൊറോണയുടെ വ്യാപനം ആശങ്കപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ കൊവിഡ്19നെ മഹാമാരിയായി പ്രഖ്യാപിക്കുന്നു.' ഡബ്ല്യൂ എച്ച് ഒ മേധാവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ വിവിധരാജ്യങ്ങളിലെ 1,22,289 പേര്‍ക്കാണ് കൊേറാണ സ്ഥിരീകരിച്ചത്. 4389 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എല്ലാരാജ്യങ്ങളുംതന്നെ ഇപ്പോള്‍ കൊറോണയുടെ ഭീഷണി നേരിടുന്നുണ്ടെന്നും ഗബ്രീസീയൂസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മഹാമാരിയായി പ്രഖ്യാപിച്ചത്.

പുതിയൊരു വൈറസ് ഉണ്ടാകുകയും അത് ലോകംമുഴുവന്‍ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന അത് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. പുതിയ വൈറസായതിനാല്‍ മനുഷ്യര്‍ക്ക് ഇതിനെതിരേ സ്വാഭാവിക പ്രതിരോധം ഉണ്ടാകില്ലെന്നതും ലോകാരോഗ്യസംഘടന കണക്കിലെടുക്കും. കോളറ, എബോള, പ്ലേഗ്, സിക, തുടങ്ങിയവയാണ് ലോകാരോഗ്യസംഘടന ഇതിനുമുന്പ് മഹാമാരിയായി പ്രഖ്യാപിച്ചവയില്‍ ചിലത്.

യുക്തിരഹിതമായി ഉപയോഗിച്ചാല്‍ അനാവശ്യഭയം സൃഷ്ടിക്കപ്പെടും. മഹാമാരിയായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇപ്പോള്‍ തുടരുന്ന പ്രതിരോധ സംവിധാനങ്ങള്‍ കൂടുതള്‍ ശക്തിപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. 

കൊറോണ വൈറസ് കാരണം ഇതിന് മുമ്പ് മഹാമാരി പ്രഖ്യാപിക്കേണ്ടിവന്നിട്ടില്ല. നിയന്ത്രിക്കാന്‍ കഴിയുന്നതാണ് മഹാമാരികളെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close