News

ഇറ്റലിയിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയ 42 മലയാളികളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി; കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കോവിഡ് 19 ബാധിച്ചവരിൽ ഒരു രോഗിയുടെ നില അതീവ ഗുരുതരം;

കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കേരളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ആശങ്ക ശക്തം. കൊവിഡ്19 വൈറസ് ബാധ ലോക രാജ്യങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്ന് 42 മലയാളികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഖത്തര്‍ എയര്‍വേസ് വിമാനത്തിലാണ് ഇവര്‍ എത്തിയത്. പുലര്‍ച്ചെ 2.20നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഇറ്റലിയില്‍ നിന്നും നിരവധി മലയാളികളാണ് കേരളത്തിലേക്ക് പോരാന്‍ അവസരം കാത്തിരിക്കുന്നത്. കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനില്‍ വയ്ക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമായ നിലയില്‍ തുടരുകയാണ്. രണ്ട് പേരുടെ നില മോശമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതിനിടെ സംസ്ഥാനത്ത് ഇറ്റലിയില്‍ നിന്നെത്തി കോവിഡ് ബാധ സ്ഥിരീകരിച്ചവരെത്തിയ പുനലൂരിലെ ബന്ധു വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കും അവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും വൈറസ് ബാധ ഇല്ലെന്നു കണ്ടെത്തി. ഇവരെ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുമെങ്കിലും 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേ സമയം ഇറ്റലിയില്‍ നിന്നും കഴിഞ്ഞ ദിവസമെത്തിയ 3 വയസുകാരനും മാതാപിതാക്കള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി. ഇവര്‍ സഞ്ചരിച്ച എമിറേറ്റ്സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഇപ്പോള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്ന മുന്നറിയിപ്പ് വീണ്ടും നല്‍കിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 99 പേര്‍ എറണാകുളം ജില്ലക്കാരാണ്. കളമശേരി മെഡിക്കല്‍ കോളേജില്‍ നിലവില്‍ 17 പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളത്.

കോവിഡ്-19 വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ള രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. രോഗബാധയുണ്ടെന്ന് കണ്ടെത്തിയവരുമായി ഇടപഴകിയ 301 പേരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായ ഏതാനും പേരെകകൂടി ഇന്ന് ആശുപത്രിയിലേക്ക് മാറ്റും. പത്തനംതിട്ടയില്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതിന്റെ ഭാഗമായി 100 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുന്നതിനുള്ള സ്ഥലം ജില്ലാ ഭരണകൂടം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഭീതിയിലാണ്. കടകള്‍ അടഞ്ഞുകിടക്കുന്നു. ബസ് സര്‍വീസുകളും കുറഞ്ഞു. യാത്രചെയ്യാന്‍ ആളില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. 24 പേരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം.

അതേസമയം മൂന്ന് പേര്‍ക്ക് കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ച എറണാകുളത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 23 പേരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. എറണാകുളത്തുനിന്നുള്ള 75 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും കിട്ടാനുണ്ട്. പ്രതിരോധ നടപടിയുടെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരം താത്കാലികമായി നിര്‍ത്തിവെച്ചു. കോട്ടയത്ത് കോവിഡ്-19 സ്ഥിരീകരിച്ച നാലുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. കോട്ടയത്ത് നിരീക്ഷണത്തില്‍ ഉള്ളത് 10 പേരാണ്. ഇറ്റലിയില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 23 പേരെ വീട്ടുനിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയവര്‍ സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 22 കോട്ടയം സ്വദേശികളും വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 167 പേരാണ് കോട്ടയത്ത് നിരീക്ഷണത്തില്‍ ഉള്ളത്.

കൊല്ലത്ത് ഇറ്റലിയില്‍ നിന്നെത്തിയ പെണ്‍കുട്ടി നിരീക്ഷണത്തിലാണ്. ഈ പെണ്‍കുട്ടി തീവണ്ടിയിലടക്കം സഞ്ചരിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പെണ്‍കുട്ടി ട്രെയിന്‍ മാര്‍ഗമാണ് വീട്ടിലേക്ക് പോയത്. ഇവരില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗബാധ തെളിഞ്ഞാല്‍ ട്രെയിനില്‍ സഞ്ചരിച്ചവരെ മുഴുവന്‍ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. ടിക്കറ്റ് റിസര്‍വ് ചെയ്യാതെ പോയ ആളുകളെയാണ് കണ്ടെത്താന്‍ സാധിക്കാതെ വരിക എന്നതാണ് ജില്ലാ ഭരണകൂടത്തെ അലട്ടുന്നത്. പെണ്‍കുട്ടി സഞ്ചരിച്ച കമ്പാര്‍ട്ടുമെന്റിലുള്ള ആളുകളെ കണ്ടെത്താനാണ് ശ്രമം. രോഗബാധ സ്ഥിരീകരിച്ചാല്‍ ഇവരെയെല്ലാം നിരീക്ഷണത്തിലാക്കും.

 

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close