News

11 ഇരട്ടി പ്രഹരശേഷിയുള്ള കാലിഫോര്‍ണിയന്‍ വകഭേദത്തെ ഭയന്ന് ലോകം; പിടിപെട്ടാല്‍ മരണം ഉറപ്പാക്കുന്ന കൊറോണ അമേരിക്കയില്‍ കത്തിപ്പടരുന്നു; ഇടവേളയ്ക്ക് ശേഷം ദിവസ മരണം വീണ്ടും 3000കടന്നതോടെ കൊറോണാ യുദ്ധത്തില്‍ പരാജയപ്പെട്ട പേടിയില്‍ ലോകരാജ്യങ്ങള്‍

2019-ല്‍ ചൈനയിലെ വുഹാനില്‍ ആദ്യത്തെ കൊറോണ വൈറസിനെ കണ്ടെത്തിയതില്‍ പിന്നെ അതിന്റെ പല വകഭേദങ്ങളേയും നാം കണ്ടു. ജനിതകമാറ്റം സംഭവിച്ച് പുതിയ രൂപത്തിലും ഭാവത്തിലുമെത്തിയ ഈ ഇനങ്ങളില്‍ ബ്രിട്ടനിലെ കെന്റില്‍ കണ്ടെത്തിയ വകഭേദവും, ദക്ഷിണാഫ്രിക്കന്‍ വകഭേദവും ബ്രസീലില്‍ കണ്ടെത്തിയ ഇനവുമെല്ലാം അധിക വ്യാപനശേഷിമൂലവും അധിക പ്രഹരശേഷിമൂലവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍, അതിനേക്കാള്‍ എല്ലാം കൊടുംഭീകരനാണ് ഇപ്പോള്‍ അമേരിക്കയില്‍ കണ്ടെത്തിയിരിക്കുന്ന വകഭേദമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി 1.427/ബി. 1. 429 എന്ന വകഭേദമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഈ ഇനം വൈറസ് ബാധയുണ്ടായാല്‍, മറ്റിനങ്ങള്‍ ബാധിച്ചാല്‍ ഉണ്ടാകുന്നതിനെക്കാള്‍ ഏറെ വൈറല്‍ ലോഡ് ഉണ്ടാകും എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മനുഷ്യ ശരീരത്തില്‍, ഒരു നിശ്ചിതവ്യാപ്തം സ്രവത്തില്‍ കാണപ്പെടുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്. മാത്രമല്ല, ഇതിന് കെന്റ്-സൗത്ത് ആഫ്രിക്കന്‍-ബ്രസീല്‍ ഇനങ്ങളെ പോലെ തന്നെ അതിവേഗം സംക്രമിക്കുവാനുള്ള കഴിവുമുണ്ട്. ഇതിലൊക്കെ ഭയാനകമായ കാര്യം, ബാധയേറ്റയാളുടേ മരണത്തിന് മറ്റിനങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാളേറെ 11 ഇരട്ടി സാധ്യതയുണ്ട് എന്നതാണ്.

2020 മേയ് മാസത്തിലാണ് ഈ ഇനം വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. എന്നാല്‍ ഒക്‌ടോബര്‍ മാസം വരെ അത് വ്യാപകമല്ലായിരുന്നു. അടുത്തകാലത്ത്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ, 2020 സെപ്റ്റംബറിനും 2021 ജനുവരിക്കും ഇടയിലായി ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത് 50 ശതമാനത്തിലധികം സാമ്പിളുകളില്‍ ഈ വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ്. ചുരുക്കത്തില്‍, കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ ഏറ്റവും അധികം പകരുന്നത് ഈ ഇനത്തില്‍ പെട്ട വൈറസാണ്. മാര്‍ച്ച് മാസം അവസാനത്തോടെ കാലിഫോര്‍ണിയയിലെ കോവിഡ് രോഗികളില്‍ 90 ശതമാനം പേരിലും ഈ വൈറസിന്റെ സാന്നിദ്ധ്യമായിരിക്കും കാണാനാകുക.

മറ്റിനം കൊറോണ വൈറസ്സുകളേക്കാള്‍ 19 മുതല്‍ 24 ഇരട്ടി അധിക വ്യാപനശേഷിയുള്ള ഈ ഇനത്തിന് മനുഷ്യശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അതിവേഗം പെറ്റുപെരുകാനും കഴിയും. അതുകൊണ്ടുതന്നെ മറ്റിനങ്ങളേക്കാല്‍ ഇരട്ടിയിലധികം വൈറല്‍ ലോഡ് ഇത് ബാധിച്ചാല്‍ ഉണ്ടാകും. അതിനൊപ്പം തന്നെ വൈറസിനെ നേരിടാന്‍ ശരീരം സ്വാഭാവികമായി രൂപപ്പെടുത്തുന്നതോ വാക്‌സിന്റെ സഹായത്താല്‍ രൂപപ്പെടുന്നതോ ആയ ആന്റിബോഡികളെ പ്രതിരോധിക്കാനും ഇതിന് കഴിവുണ്ട്. ഇതിനെ പ്രതിരോധിക്കാനായി രൂപപ്പെടുത്തിയ ആന്റിബോഡികളുടെ എണ്ണം രണ്ടിരട്ടിയോളം കുറവായിരുന്നു.

കാലിഫോര്‍ണിയയില്‍ ഈ പുതിയ ഇനം വ്യാപകമാകാന്‍ തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഓരോ ഒമ്പത് ദിവസങ്ങളിലും ഇരട്ടിയാകാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, പ്രതിദിന മരണനിരക്കിലും വര്‍ദ്ധനവ് ദൃശ്യമായി. ഇന്നലെ 3000 ല്‍ അധികം മരണങ്ങളാണ് അമേരിക്കയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 10 ദിവസങ്ങളില്‍ ഇതാദ്യമായാണ് പ്രതിദിന മരണസംഖ്യ 3000 കടക്കുന്നത്. ഇത് അമേരിക്കയുടെ മാത്രം കാര്യമല്ല, ഒരു ചെറിയ ഇടവേളയില്‍ രോഗവ്യാപനം കുറഞ്ഞതിനുശേഷം, പൊതുവേ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും രോഗവ്യാപനം ശക്തിപ്രാപിക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്താകമാനമായി ഇന്നലെ 3,78,250 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 5 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഏറെനാള്‍ കാത്തിരിപ്പിനു ശേഷം കോവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ചു. പല വികസിത രാജ്യങ്ങളിലും വാക്‌സിന്‍ പദ്ധതി അതിവേഗം നടക്കുന്നുണ്ട്. ഗിനിയ പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളിലും വാക്‌സിന്‍ നല്‍കിത്തുടങ്ങി. ജനസാന്ദ്രത ഏറെയുള്ള ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം അതിവേഗം സമൂഹപ്രതിരോധശേഷി (ഹേര്‍ഡ് ഇമ്മ്യുണിറ്റി) യിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

ഇത് രണ്ടും പരിഗണിച്ചാല്‍ പുതിയ രോഗബാധിതരുടെ എണ്ണം കുറയേണ്ടതാണ്. എന്നാല്‍ ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഇത് ഒരുപോലെ സംഭവിക്കുന്നില്ല. ഇതിനര്‍ത്ഥം ആര്‍ജ്ജിത പ്രതിരോധശേഷിയേയും സ്വാഭാവിക പ്രതിരോധ ശേഷിയേയും വെല്ലുവിളിക്കാന്‍ പുതിയ ഇനം കൊറോണ വൈറസുകള്‍ക്ക് കഴിയുന്നുണ്ട് എന്നുതന്നെയാണ്. ഇവയുടെ വ്യാപനശേഷി കണക്കിലെടുത്താല്‍, ലോകം മുഴുവന്‍ പടരുന്നതിന് അധികകാലം വേണ്ടിവരില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍, കഴിഞ്ഞ മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ സംഭവിച്ചതുപോലെ ലോകം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു അവസ്ഥ വീണ്ടും ഉണ്ടായേക്കാം എന്നും മുന്നറിയിപ്പുകള്‍ വരുന്നുണ്ട്.

അതേസമയം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഷോട്ട് വാക്‌സിനേഷന്‍ എല്ലാ പുതിയ ഇനങ്ങളെയും നേരിടാന്‍ കഴിവുള്ളതാണെന്നാണ് എഫ് ഡി എ പുറത്തിറക്കിയ ഒരു വിശകലന കുറിപ്പില്‍ പറയുന്നത്. ബ്രസീല്‍ ഇനത്തിനെതിരെ 68 ശതമാനം പ്രതിരോധം ഉറപ്പുവരുത്തുമ്പോള്‍, ദക്ഷിണാഫ്രിക്കന്‍ ഇനത്തിനെതിരെ 64 ശതമാനം പ്രതിരോധം ഉറപ്പു വരുത്തുന്നുണ്ട്. അതായത്, കോവിഡ് വൈറസുകളെ പ്രതിരോധിക്കുന്നതില്‍ ഈ വാക്‌സിന്‍ ശരാശരി 66 ശതമാനം വരെ കാര്യക്ഷമത പുലര്‍ത്തുന്നു. മാത്രമല്ല, ഈ വാക്‌സിന്റെ ഒരു ഡോസ് മാത്രം മതി എന്നതിനാല്‍ വാക്‌സിന്‍ പദ്ധതിക്ക് വേഗത വര്‍ദ്ധിപ്പിക്കാനും സാധിക്കും.

Read more topics:
Show More

Related Articles

Close