Sports
ടേബിൾ ടെന്നീസ് കളിക്കുന്ന നായകനും സഹ കളിക്കാരനും; പന്തടിച്ച ശേഷം ആവേശത്തിൽ ക്യാമറയ്ക്ക് മുമ്പിലേക്ക് വന്ന് ഷമ്മി ഹീറോയാടാ ഹീറോ എന്ന് പറയുന്ന റിയൽ ഹീറോ! കുമ്പളിങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിലിന്റെ ഡയലോഗ് പറഞ്ഞ ശേഷം പൊട്ടിച്ചിരിച്ചു കൊണ്ട് കെട്ടിപ്പിടത്തം; ഹാമിൽട്ടണിലെ വിജയം സഞ്ജു ആഘോഷിച്ചത് ഷാമിയെ താരമാക്കി; ട്വന്റി ട്വന്റി പരമ്പര ഇന്ത്യ നേടുമ്പോൾ ഇനി പ്രമുഖർക്ക് വിശ്രമം; അവസാന രണ്ട് മത്സരത്തിലും വിക്കറ്റ് കീപ്പറാകുക മലയാളി താരം
ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ് മാനാണ് ഹാമില്‍ട്ടണില്‍ ഇന്ത്യയ്ക്ക് ട്വന്റി ട്വന്റി പരമ്പര വിജയം നല്‍കിയത്. അവസാന രണ്ട് പന്തും സിക്സര്‍ പറത്തിയ രോഹിത് ശര്‍മ്മയാണ് സൂപ്പര്‍ ഓവറിലെ സൂപ്പര്‍ വിജയ ശില്‍പ്പി. എന്നാല്‍ സൂപ്പര്‍ ഓവറിലേക്ക് കാര്യങ്ങളെത്തിച്ചത് വിക്കറ്റ് ടേക്കര്‍ മുഹമ്മദ് ഷാമിയാണ്. വിജയത്തിന്റെ ക്രെഡിറ്റ് രോഹിത് ശര്‍മ്മപോലും വിജയത്തില്‍ ഉയര്‍ത്തിക്കാട്ടിയത് ഷാമിയെയാണ്. ന്യൂസിലണ്ടില്‍ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ഡ്രെസിങ് റൂമില്‍ സഞ്ജു സാംസണ് എന്ന മലയാളിയും ഉണ്ടായിരുന്നു.
ടീമിന്റെ സന്തോഷത്തിനൊപ്പമാണ് സഞ്ജു. ഷമിയുടെ രസകരമായ ഒരു വീഡിയോ പങ്കുവെച്ച് സഞ്ജു സോഷ്യല്‍ മീഡിയയില്‍ വിജയം ആഘോഷിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലാണ് സഞ്ജു വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച ഷമ്മി എന്ന കഥാപാത്രം പറയുന്ന സംഭാഷണം മുഹമ്മദ് ഷമിയെകൊണ്ട് പറയിപ്പിച്ചിരിക്കുകയാണ് സഞ്ജു.
ടേബിള്‍ ടെന്നീസ് കളിക്കുന്നതിനിടയിലാണ് ഷമി കുമ്പളങ്ങി നൈറ്റ്സിലെ ഡയലോഗ് പറയുന്നത്. ഒരു ഷോട്ട് അടിച്ച ശേഷം സിനിമയില്‍ പറയുന്നതുപോലെ 'ഷമ്മി ഹീറോയാടാ ഹീറോ...!' എന്നാണ് ഷമി വീഡിയോയില്‍ പറയുന്നത്. ശേഷം സഞ്ജുവിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. പരമ്പര വിജയത്തില്‍ ഇന്ത്യന്‍ ടീമിനേയും ഷമിയേയും അഭിനന്ദിച്ചാണ് സഞ്ജു ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി-20യില്‍ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഇനി രണ്ട് കളികള്‍ കൂടിയുണ്ട്. അതുകൊണ്ട് തന്നെ ഇനി പ്രമുഖര്‍ക്ക് വിശ്രമം നല്‍കും. അടുത്ത രണ്ട് കളികളിലും സഞ്ജു ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാനുള്ള സാധ്യതയാണ് ഈ വിജയം നല്‍കുന്നത്. ഹാമില്‍ടണില്‍ ഇന്ത്യയുടെ വിജയത്തില്‍ രോഹിത് ശര്‍മ്മയുടെ പ്രകടനത്തിനൊപ്പം നിര്‍ണായകമായത് മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറാണ്.
20-ാം ഓവറില്‍ ന്യൂസീലന്‍ഡിന് വിജയിക്കാന്‍ ഒമ്പത് റണ്‍സ് മാത്രം മതിയായിരുന്നു. ക്രീസിലുണ്ടായിരുന്നത് മികച്ച ഫോമിലുള്ള കെയ്ന്‍ വില്ല്യംസണും റോസ് ടെയ്ലറും. ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ സിംഗിളും വഴങ്ങിയെങ്കിലും മൂന്നാം പന്തില്‍ ഷമി വില്ല്യംസണിന്റെ വിക്കറ്റെടുത്തു. പിന്നീട് അവസാന പന്തില്‍ റോസ് ടെയ്ലറെ ബൗള്‍ഡാക്കി മത്സരം സൂപ്പര്‍ ഓവറിലെത്തിച്ചു. ഈ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ഇതോടെ രോഹിതിനൊപ്പം ഷമിയും ഇന്ത്യയുടെ ഹീറോ ആയി.
മൂന്നാം ടി20യിലെ സൂപ്പര്‍ ഓവര്‍ വിജയത്തോടെ ന്യുസിലാന്‍ഡില്‍ പുതുചരിത്രം രചിച്ചിരിക്കുകയാണ് കോഹ്ലിയും കൂട്ടരും. ഇതാദ്യമായാണ് ഇന്ത്യ ന്യുസിലാന്‍ഡില്‍ ഒരു ടി20 പരമ്പര നേടുന്നത്. സൂപ്പര്‍ ഓവറില്‍ അവസാന രണ്ട് പന്തില്‍ സിക്സ് അടിച്ച് വിജയം സമ്മാനിച്ച രോഹിതിനെ ക്രിക്കറ്റ് ലോകം വാഴ്ത്തുകയാണ്. എന്നാല്‍ തന്റെ സിക്സറുകളല്ല , ഷമിയുടെ അവസാന ഓവറാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് രോഹിത് ശര്‍മ്മ മത്സരശേഷം പറഞ്ഞു.
മുഹമ്മദ് ഷമിയുടെ അവസാന ഓവര്‍ നിര്‍ണായകമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു, യഥാര്‍ത്ഥത്തില്‍ അത് ഞങ്ങള്‍ക്ക് വിജയം നേടി. എന്റെ രണ്ട് സിക്സറുകളല്ല. ഷമിയുടെ ഓവറാണ് ഞങ്ങള്‍ ഒമ്പത് റണ്‍സ് പ്രതിരോധിച്ചത്. മഞ്ഞു വീഴുന്നതുകൊണ്ട് അത് എളുപ്പമല്ലായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച ബാറ്റ്സ്മാന്മാരായിരുന്നു അവിടെയുണ്ടായിരുന്നത്... ഒരു ബാറ്റ്സ്മാന് 95 റണ്‍സില്‍ ബാറ്റ് ചെയ്യുകയായിരുന്നു, അവരുടെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരന് മറ്റേ അറ്റത്ത്. ആ ഓവര്‍ പന്തെറിഞ്ഞ് കളിയിലേക്കും സൂപ്പര്‍ ഓവറിലേക്കും ഞങ്ങളെ തിരികെ കൊണ്ടുവന്ന ഷമിക്ക് അനുമോദനങ്ങള്‍-ഇതായിരുന്നു കളിയില്‍ മാന്‍ ഓഫ് ദി മാച്ചായ രോഹിത്തിന്റെ പ്രതികരണം.