News

ഭര്‍ത്താവ് ഗള്‍ഫില്‍ പോയപ്പോള്‍ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; എന്റെ കണ്‍മുമ്പില്‍ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോള്‍ ഞെട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ

കൊല്ലം കൊട്ടിയത്ത് നോട്ടു വലിച്ചു കീറിയെറിഞ്ഞ സംഭവത്തില്‍ പ്രതിയായ നിവാസ് ഏതുവിധേനെയും കേസില്‍ നിന്നും രക്ഷപെടാനുള്ള വഴി തേടുകയാണ്. താന്‍ കീറിയത് യഥാര്‍ത്ഥ നോട്ടല്ലെന്നു പറഞ്ഞു കൊണ്ടു തടിയെടുക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തിയത്. എന്നാല്‍, സംഭവത്തില്‍ നിവാസിന്റെ ശ്രമങ്ങള്‍ തള്ളി പണം കടം വാങ്ങിയ ആളിന്റെ ഭാര്യ രംഗത്തെത്തി. കൊട്ടിയം പറക്കുളം പുത്തന്‍കട വീട്ടില്‍ ഇമ്രാന്റെ ഭാര്യ സനിലയാണ് എന്താണ സംഭവിച്ചതെന്ന് മറുനാടനോട് വെളിപ്പെടുത്തിയത്. തന്റെ കണ്‍മുമ്പില്‍ വെച്ച് നിവാസ് പണം വലിച്ചു കീറുകയായിരുന്നു എന്നാണ് സനില മറുനാടനോട് പറഞ്ഞത്. ഉമയനല്ലൂരില്‍ ബേക്കറി നടത്തുന്ന സിപിഎം പ്രവര്‍ത്തകനായ കാഞ്ഞാന്തല നിസാം മന്‍സിലില്‍ നിവാസ് എന്നയാളാണ് കടം വാങ്ങിയ പണം കത്യ സമയത്ത് തിരികെ നല്‍കിയില്ല എന്ന് പറഞ്ഞ് നോട്ട് കീറിക്കളഞ്ഞത്. ഇയാളും ഭാര്യയും ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് വ്യാപക പ്രതിഷേധം ഉയരുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോക്ക് പിന്നില്‍ സംഭവിച്ചത് കാര്യങ്ങല്‍ ഇമ്രാന്‍ എന്നറിയപ്പെടുന്ന സുദ്ധിഖിന്റെ ഭാര്യ സനില വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്: ഇമ്രാനും നിവാസും കാലങ്ങാളായി അടുത്ത സുഹൃത്തുക്കളായിരുന്നു. കുറച്ചു കാലം മുമ്പ് ഒരു അത്യാവശ്യം വന്നപ്പോഴാണ് നിവാസില്‍ നിന്നും തന്റെ ഭര്‍ത്താവായ ഇമ്രാന്‍ 2500 രൂപ കടം വാങ്ങിയത്. അത് സാമ്പത്തിക ബുദ്ധിമുട്ടു കാരണം പെട്ടന്നു തിരികെ കൊടുക്കാന്‍ സാധിച്ചില്ല. ഇതിനിടെ ഇമ്രാന്‍ ഗള്‍ഫിലേക്ക് പോകുകയും ചെയ്തു. രണ്ട് മാസം മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫിലെ തൊഴില്‍ ഇടത്തിലേക്ക് പോയതും. ഭര്‍ത്താവ് ഗള്‍ഫില്‍ പോയതിന് ശേഷം നിവാസ് പണം ആവശ്യപ്പെട്ടു നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു.

എത്രയും വേഗം പണം നല്‍കണം എന്നാവശ്യപ്പെട്ട് ഇമ്രാനെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തി. പണം ലഭിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി പ്രശ്നമുണ്ടാക്കും എന്ന ഭീഷണികളും മുഴക്കി കൊണ്ടാണ് നിവാസ് രംഗത്തുവന്നത്. ഇങ്ങനെ ഭീഷണി ശക്തമായതോടെ ഗള്‍ഫില്‍ ഉള്ള സഹപ്രവര്‍ത്തകനില്‍ നിന്നും 5000 രൂപ കടം വാങ്ങി നാട്ടിലുള്ള അക്കൗണ്ടില്‍ ഇടുകയായിരുന്നു. ഈ പണം എടിഎമ്മില്‍ നിന്നും പിന്‍വലിച്ചാണ് പകുതി നിവാസിന്റെ വീട്ടില്‍ കൊണ്ടു പോയി കൊടുത്തത്. രണ്ടായിരത്തിന്റെ രണ്ട് നോട്ടും 500ന്റെ രണ്ട് നോട്ടുമാണ് എടിഎമ്മില്‍ നിന്നും ലഭിച്ചത്. ഇതില്‍ രണ്ടായിരം രൂപയുടെ നോട്ടും 500 രൂപയുമായാണ് നിവാസിന്റെ വീട്ടിലെത്തിയത്.

പേഴ്സില്‍ നിന്നും പണം എഠുത്തു കൊടുത്തപ്പോള്‍ പണം തന്നതിന് തെളിവു വേണം എന്നു പറഞ്ഞു നിവാസ് ഭാര്യയെ കൊണ്ടാണ് മൊബൈലില്‍ ഷൂട്ടു ചെയ്യിച്ചത്. പണം കൊടുത്തതിന് പിന്നാലെ എന്റെ ക്ണ്‍മുമ്പില്‍ വെച്ച് പണം വലിച്ചു കീറുകയായിരുന്നു അയാള്‍. ഇതു കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഭര്‍ത്താവ് ഏറെ ബുദ്ധിമുട്ടി അയച്ച പണമാണ് അയാള്‍ കീറിക്കളഞ്ഞത് എന്നോര്‍ത്തപ്പോള്‍ കടുത്ത വിഷമമാണ് തോന്നിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് പ്രശ്നമുണ്ടായത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇമ്രാന്റെ സുഹൃത്തായ ഷാജിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചു നോട്ടു വലിച്ചു കീറി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു പരാതി നല്‍കിയത്.

സോഷ്യല്‍ മീഡിയയില്‍ നോട്ടുകീറുന്ന ചിത്രം വൈറലായതോടെ കടുത്ത ജനരോഷം നിവാസിന് നേരെ ഉയരുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ഇയാള്‍ ബേക്കറിയിലേക്ക് വന്നിട്ടില്ല. നാട്ടുകാരെ ഭയന്നാണ് ഇയാള്‍ മുങ്ങി നടക്കുന്നത്. നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തില്‍ കൊല്ലം സിറ്റി പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കമ്മീഷ്ണര്‍ ടി നാരായണന്‍ ഐ.പി.എസ് കൊട്ടിയം സിഐയോട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം നിവാസിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം എപ്പോള്‍ വിളിച്ചാലും ഹാജരാകണം എന്ന നിബന്ധനയില്‍ വിട്ടയക്കുകയാണ് ഉണ്ടായത്.

സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സിറ്റി പൊലീസ് സൈബര്‍ വിങ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു. കൂടാതെ ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി പ്രദീഷ് കമ്മീഷ്ണര്‍ക്ക് നേരിട്ട് പരാതി നല്‍കുകയും ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ കൊട്ടിയം എസ്‌ഐ പ്രതിയെ വിളിച്ചു വരുത്തി മൊഴിയെടുക്കുകയായിരുന്നു. നോട്ട് വലിച്ചു കീറിയത് ആദ്യം സമ്മതിക്കാതിരുന്ന ഇയാള്‍ പിന്നീട് വീഡിയോ ദൃശ്യങ്ങളിലെ പിശകുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സമ്മതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേഷനിലെത്തിയപ്പോള്‍ ന്യായീകരണ വീഡിയോ ലൈവില്‍ കാണിച്ച കീറിയ പേപ്പര്‍ നോട്ടുകളും ഇയാള്‍ കൈവശം കൊണ്ടു വന്നിരുന്നു. എന്നാല്‍ പൊലീസ് ഇയാളുടെ അവകാശ വാദങ്ങളൊക്കെയും പൊളിച്ചടുക്കുകയായിരുന്നു. കൊട്ടിയം പൊലീസ് ജില്ലാ പൊലീസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമായിരിക്കും ഇയാള്‍ക്കെതിരെ നടപടിയെടുക്കുക.

നിവാസും ഭാര്യയും ചേര്‍ന്നാണ് നോട്ട് കീറിക്കളഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. രാജ്യ ദ്രോഹ കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതോടെ പ്രവാസിയുടെ ഭാര്യ രണ്ട് ദിവസം മുന്‍പ് പണവുമായി ഇയാളുടെ വീട്ടില്‍ എത്തി. എന്നാല്‍ നിവാസ് ഇവരോട് മോശമായി തരംതാഴ്ത്തി സംസാരിക്കുകയും കളിയാക്കുകയും ചെയ്തു. പിന്നീട് പണം വാങ്ങുന്നത് തന്റെ ഭാര്യയുടെ സഹായത്താല്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. പ്രവാസിയുടെ ഭാര്യയുടെ പക്കല്‍ നിന്നും പണം വാങ്ങുകയും മൂന്ന് വട്ടം കീറി ചൂരുട്ടിക്കൂട്ടി മുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. പണം വലിച്ചു കീറുന്നത് കണ്ട് പ്രവാസിയുടെ ഭാര്യ ഏറെ വിഷമത്തോടെയും ദൈന്യതയോടെയും നോക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close