India

ഇരകളെ വീഴ്ത്തിയത് അമാനുഷികനെന്ന് വിശ്വസിപ്പിച്ച്; രത്നങ്ങളും നിധികളും കണ്ടെത്താമെന്നും സ്വര്‍ണം ഇരട്ടിയാക്കാമെന്നും പറഞ്ഞ് പറ്റിച്ചത് അന്ധവിശ്വാസത്തിലൂടെ; സ്വത്തും സ്വര്‍ണ്ണവും തട്ടിയെടുത്ത് ശേഷം മന്ത്രവാദി നല്‍കിയ പ്രസാദം കഴിച്ചവരെല്ലാം വീണു മരിച്ചു; നാഗരാജുവിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത് രണ്ട് മാസത്തില്‍ ഒരാള്‍ എന്ന കണക്കില്‍ 20 മാസത്തിനിടെ 10 പേരെ കൊന്നൊടുക്കിയതും; ആന്ധ്രയിലെ സീരിയല്‍ കില്ലര്‍ തോല്‍പ്പിച്ചത് കൂടത്തായി ജോളിയേയും മോഹനനേയും; സയനൈയ്ഡ് ശിവ ഏവരേയും ഞെട്ടിക്കുമ്പോള്‍

ഹൈദരാബാദ് : കോഴിക്കോട് കൂടത്തായിയിലെ ജോളിയേക്കാള്‍ വലിയ സയനൈഡ് കില്ലറുടെ കഥ ആന്ധ്രയില്‍ നിന്ന് പുറത്തു വരികയാണ്. സയനൈഡ് മോഹനെ പോലും വെല്ലുന്ന കില്ലര്‍. ആന്ധ്രപ്രദേശിലെ ഏളൂരു പൊലീസാണ് സീരിയല്‍ കില്ലറെ അറസ്റ്റ് ചെയ്തത്. വെല്ലാങ്കി സിംഹാദ്രി എന്ന ശിവ (38 )യാണ് അറസ്റ്റിലായത്. കൂടത്തായിയിലെ ജോളിയേയും സയനൈഡ് മോഹനേയും തോല്‍പ്പിച്ച വില്ലന്‍. 20 മാസത്തിനിടെ 10 പേരെയാണ് ശിവ പൊട്ടാസ്യം സയനൈഡ് നല്‍കി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളിലുള്ളവരാണ് ഇയാള്‍ക്ക് ഇരകളായത്. 2018 ഫെബ്രുവരി മുതലാണ് ശിവ കൊലപാതക പരമ്പരയ്ക്ക് തുടക്കമിടുന്നത്. രണ്ടുമാസത്തില്‍ ഒരാള്‍ എന്നതായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് വ്യക്തമാക്കി.

മുത്തശ്ശി, സഹോദരഭാര്യ, ശിവയുടെ വീട്ടുടമസ്ഥ, രാജമുന്ദ്രിയിലെ പുരുഷോത്തപട്ടനം ആശ്രമത്തിലെ മതപുരോഹിതന്‍ ശ്രീരാമകൃഷ്ണാനന്ദ തുടങ്ങിയവര്‍ ശിവയുടെ ഇരകളാണ്. പിടിയിലാകുമ്പോള്‍, അടുത്തതായി കൊല്ലാന്‍ പദ്ധതിയിട്ട 20 ഓളം പേരുടെ പട്ടിക ശിവയുടെ പക്കലുണ്ടായിരുന്നു. ഇയാള്‍ പിടിയിലായിരുന്നില്ലെങ്കില്‍, രാജ്യം കണ്ട വന്‍ കൂട്ടക്കൊലയാകും ഇയാള്‍ നടത്തുകയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സമ്പത്ത് ഇരട്ടിയാക്കിത്തരാമെന്നും, നിധി കണ്ടെത്തിത്തരാമെന്നും പ്രലോഭിപ്പിച്ച്, ഇരകളെ ആകര്‍ഷിച്ചാണ് കൊലപാതകം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തന്റെ പക്കല്‍ പ്രത്യേക ശക്തിയുള്ള (മാഗ്നറ്റിക്) ധാന്യങ്ങളുണ്ടെന്നും, മാന്ത്രിക നാണയങ്ങളുണ്ടെന്നും, ഇരട്ടത്തലയന്‍ സര്‍പ്പമുണ്ടെന്നും, ഇതുവഴി സമ്പത്ത് ഇരട്ടിയാക്കാമെന്നും, മാറാവ്യാധികള്‍ മാറ്റാനാകുമെന്നും ശിവ ഇരകളെ വിശ്വസിപ്പിച്ചുപോന്നു.

ഇത് വിശ്വസിച്ചെത്തുന്നവരോട്, തങ്ങളുടെ പക്കലുള്ള പണവും ആഭരണങ്ങളുമടക്കം എല്ലാം പൂജകള്‍ക്കായി കൊണ്ടുവരാന്‍ ആവശ്യപ്പെടും. ആളൊഴിഞ്ഞ പ്രദേശത്ത് ആഭരണങ്ങളും പണവുമായി എത്തുന്നവര്‍ക്ക് ശിവ സയനൈഡ് കലര്‍ത്തിയ പ്രസാദം നല്‍കുകയായിരുന്നു ചെയ്തിരുന്നത്. വാച്ച് മാനായിരുന്ന ശിവ പിന്നീട് സ്ഥലംവില്‍പ്പനയിലേക്ക് (റിയല്‍ എസ്റ്റേറ്റ് ഡീലര്‍) മാറി. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനിറങ്ങിയ ശിവയ്ക്ക് വന്‍ നഷ്ടമാണ് നേരിട്ടത്. ഈ നഷ്ടം മറികടക്കുക ലക്ഷ്യമിട്ടാണ്, ശിവ ഈ കൂട്ടക്കുരുതി ആസൂത്രണം ചെയ്തത്.

2018 ഫെബ്രുവരിക്കും 2019 ഒക്ടോബര്‍ 16നും ഇടയില്‍ കൃഷ്ണ, ഈസ്റ്റ്-വെസ്റ്റ് ഗോദാവരി ജില്ലകളിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് സിംഹാദ്രി ആളുകളെ തെറ്റിധരിപ്പിച്ചിക്കുകയായിരുന്നു. അമൂല്യ രത്നങ്ങളും നിധികളും കണ്ടെത്താമെന്നും സ്വര്‍ണം ഇരട്ടിയാക്കിത്തരുമെന്നും വാഗ്ദാനം നല്‍കിയാണ് സിംഹാദ്രി തന്റെ പക്കല്‍ വരുന്നവരെ കബളിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ ആളുകളെ പറ്റിച്ച് അവരുടെ കയ്യില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം സയനൈഡ് അടങ്ങിയ പ്രസാദം നല്‍കി അവരെ കൊല്ലുകയാണ് പതിവ്.

സ്വാഭാവിക മരണമാണെന്ന് തോന്നിക്കുന്നതിനാണ് ആളുകളെ പ്രതി സയനൈഡ് നല്‍കി കൊന്നതെന്ന് വെസ്റ്റ് ഗോദാവരി എസ്പി നവ്ദീപ് സിം?ഗ് പറഞ്ഞു. എന്നാല്‍, കഴിഞ്ഞമാസം എളൂരില്‍ കെ നാഗരാജു (49) എന്നയാള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകനായ നാഗരാജു സ്വര്‍ണ്ണവും പണവും ബാങ്കില്‍ നിഷേപിക്കുന്നതിന് വേണ്ടി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. അതിനിടെ നാഗരാജു സിംഹാദ്രിയെ കാണാനായി അയാളുടെ സ്ഥലത്തേക്ക് പോയി. അവിടെവച്ച് ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാഗരാജുവിന് ഒരു നാണയം സിംഹാദ്രി നല്‍കി. രണ്ടുലക്ഷം രൂപ കൈപ്പറ്റിയാണ് നാഗരാജുവിനെ സിംഹാദ്രി നാണയം നല്‍കി പറ്റിച്ചത്. ഇതിന് പിന്നാലെ സയനൈഡ് കലര്‍ത്തിയ പ്രസാദവും സിംഹാദ്രി നാഗരാജുവിന് നല്‍കി.

വീട്ടിലെത്തി പ്രസാദം കഴിച്ചതോടെ നാഗരാജു അബോധാവസ്ഥയിലാകുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. നാഗരാജുവിന്റെ പെട്ടെന്നുള്ള മരണത്തില്‍ സംശയം തോന്നിയ കുടുംബം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡ് അകത്ത് ചെന്നാണ് നാഗരാജു മരിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും ഒടുവില്‍ സിംഹാദ്രിയില്‍ എത്തുകയുമായിരുന്നു. ാ?ഗരാജുവിന്റേതുകൊലപാതകമാണെന്ന് തെളിഞ്ഞതോടെ സിംഹാദ്രിയുടെ ഫോണിലുണ്ടായിരുന്നു കോണ്‍ടാക്റ്റുകളില്‍ പത്തോളം പേരുടെ കുടുംബാംഗങ്ങള്‍ അവരുടെ ബന്ധുക്കളുടെ മരണങ്ങളില്‍ അസ്വാഭാവികത പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരിച്ചവരെല്ലാവരും സയനൈഡ് പ്രസാദം കഴിച്ചിരുന്നുവെന്ന നിഗമനത്തില്‍ പൊലീസെത്തി. കൊല്ലപ്പെട്ടവരില്‍ സിംഹാദ്രിയുടെ മുത്തശ്ശിയും സഹോദരന്റെ ഭാര്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും എസ്പി പറഞ്ഞു.

സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് തെളിയിക്കുന്നതിനായി അടക്കം ചെയ്തവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. പഴുതുകളടച്ച കേസ് അന്വേഷണമാണ് നടക്കുന്നതെന്നും പ്രതിയുടെ കൊലപാതക പരമ്പര തെളിയിക്കുന്നതിനായി തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസെന്നും എസ്പി വ്യക്തമാക്കി. പ്രതിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ഷൈഖ് അബ്ദുള്ള എന്നായാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയവാഡയില്‍ നിക്കല്‍ കോട്ടിങ് വര്‍ക്ക്ഷോപ്പ് നടത്തുകയാണ് അബ്ദുള്ള. അതായത് കാര്യങ്ങളെല്ലാം കൂടത്തായി മോഡല്‍. ജോളിയെ പോലെ എല്ലാം സമര്‍ത്ഥമായി ശിവയും ചെയ്തു. കോഴിക്കോട്ടെ കൂടത്തായി കൊലപാതകം പരമ്പരയില്‍ പതിനാറ് വര്‍ഷങ്ങള്‍ക്കിടെ ഒരു കുടുംബത്തിലെ ആറ് പേരാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചത്.

കേസില്‍ കൊല്ലപ്പെട്ട റോയിയുടെ ഭാര്യ ജോളിയാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്ലെന്ന് പൊലീസ് കണ്ടെത്തി. പൊന്നമറ്റം കുടുംബത്തിലെ ഗൃഹനാഥനായിരുന്ന ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടി, ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

 

Read more topics: # cyanide, # serial killer,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close