Kerala

ധർമ്മജൻ എത്തിയതോടെ ബാലുശ്ശേരിക്ക് താരത്തിളക്കം; ചങ്കായ ചങ്ങാതിയെ വിജയിപ്പിക്കാൻ വോട്ടു നൽകാൻ ആവശ്യപ്പെട്ട് പിഷാരടിയും; നടന്മാരുടെ റോഡ്‌ഷോ കാണാൻ തടിച്ചു കൂടി സ്ത്രീകളും യുവജനങ്ങളും; താരത്തിളക്കം വോട്ടായാൽ സിപിഎം കുത്തക മണ്ഡലത്തിൽ പ്രതീക്ഷിക്കേണ്ടത് വൻ അട്ടിമറി

താൻ പഠന കാലം മുതൽ കെഎസ് യുക്കാരനാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ധർമ്മജൻ ബൊൾഗാട്ടി തെരഞ്ഞെടുപ്പു രംഗത്തേക്ക് കടന്നുവന്നത്. കോൺഗ്രസിന് ബാലികേറാ മലയായ മണ്ഡലത്തിൽ ധർമജൻ എത്തിയത് മുതൽ മണ്ഡലത്തിൽ പുത്തൻ ഉണർവ്വാണ് ഉണ്ടായിരിക്കുന്നത്. ബാലിശ്ശേരിയിൽ പ്രചരണം തുടങ്ങിയ ധർമ്മജന് വലിയ വരവേൽപ്പാണ് മണ്ഡലത്തിലുള്ള യുഡിഎഫ് പ്രവർത്തകർ നൽകിയത്. ധർമ്മജന്റെ ഉറ്റചങ്ങാതിയായ രമേശ് പിഷാരടിയും ധർമ്മജന് ഒപ്പം എത്തി വോട്ടഭ്യർഥിച്ചു. തുറന്ന ജീപ്പിൽ സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധർമജനെ പ്രവർത്തകർ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. തുറന്ന ജീപ്പിൽ കൈവീശി കാട്ടി സ്ഥാനാർത്ഥി ധർമജൻ. സുഹൃത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് രമേഷ് പിഷാരടി ഒപ്പം. ജീപ്പിന് മുന്നിലും പുറകിലുമായി നൂറിലധികം പ്രവർത്തകരുടെ ബൈക്ക് റാലി. ഇരുവരെയും കാണാൻ റോഡിനിരുവശവും വീട്ടമ്മമാർ അടക്കം തടിച്ചു കൂടി. മണ്ഡലത്തിൽ ഇളക്കി മറിച്ചുള്ള പ്രചരണം ഉണ്ടാകുമെന്ന കാര്യം ഉറപ്പാകുന്നതാണ് ധർമ്മജന് കിട്ടിയ സ്വീകരണം തെളിയിക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത കൺവെൻഷൻ ഹാളും നിറഞ്ഞു കവിഞ്ഞു. ആത്മവിശ്വാസം കൂടിയെന്ന് ധർമജനും ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേഷ് പിഷാരടിയും പറഞ്ഞു. കൺവെൻഷന് ശേഷം ബഹുജന റാലിയോടെയാണ് ആദ്യദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനമായത്.

ധർമ്മജൻ സ്വന്തമായി ഒരു മുദ്രാവാക്യം കൂടി അവതരിപ്പിച്ചിട്ടുണ്ട്. ''ധർമ്മം ജയിക്കാൻ ധർമ്മജൻ'' എന്നതാണ് മുദ്രാവാക്യമെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താനിത് വെറുതെ പ്രാസം ഒപ്പിക്കാൻ അല്ല ഇത് പറയുന്നതെന്നും കേരളത്തിൽ എല്ലായിടത്തും ഇപ്പോൾ അധർമ്മമാണ് വിളയാടുന്നതെന്നും ധർമ്മജൻ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് കടന്നുവന്ന ആളല്ല താൻ എന്നും സ്‌കൂൾ കാലം മുതൽ കോൺഗ്രസ് സംഘടനാ പ്രവർത്തനം നടത്തിയ ആളാണ് താനെന്നും ധർമ്മജന് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മണ്ഡലത്തിലിറങ്ങിയ കോൺഗ്രസ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടിയും സിപിഐഎം സ്ഥാനാർത്ഥി സച്ചിൻ ദേവും കണ്ടുമുട്ടുകയായിരുന്നു. ചിരിച്ചുകൊണ്ട് ഇരുവരും ഷേക്ക് ഹാൻഡ് കൈമാറി വിജയാശംസകൾ നേർന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബാലുശ്ശേരിയിലേക്ക് താമസം മാറിയ ധർമ്മജന്റെ താമസസൗകര്യത്തെകുറിച്ചെല്ലാം സച്ചിൻ അന്വേഷിച്ചു. ഒടുവിൽ വീണ്ടും കാണാം എന്ന് പറഞ്ഞാണ് ഇരുവരും പിരിയുന്നത്. നിലവിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷൻ കടലുണ്ടിയാണ് നിലവിലെ എംഎൽഎ. 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷൻ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷൻ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയിൽ ധർമ്മജൻ അല്ല, മോഹൻലാൽ വന്ന് മത്സരിച്ചാലും എൽ.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷൻ കടലുണ്ടി പ്രതികരിച്ചിരുന്നു. ബാലുശ്ശേരി ധർമജനിലൂടെ പിടിക്കുവാനാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ദളിത് കോൺഗ്രസ് ജില്ല നേതൃത്വവും മണ്ഡലത്തിലെ ഒരു വിഭാഗം കോൺഗ്രസുകാരും ധർമജനെതിരെ പ്രതിഷേധമുയർത്തിയിരുന്നു. അതിനിടെ കഴിഞ്ഞയാഴ്ച തന്നെ വോട്ട് അഭ്യർത്ഥിച്ച് കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകളും ഉയർന്നിരുന്നു.

 

Read more topics:
Show More

Related Articles

Close