News

ബസുകളിൽ മുമ്പിലും പിന്നിലും പോകുന്ന വാഹനങ്ങളുടെ നമ്പർ ബോർഡ് ഷൂട്ട് ചെയ്യാവുന്ന ഡാഷ് ക്യാമറകൾ; പിടിക്കുന്ന നിയമലംഘനങ്ങൾക്കു 250 രൂപ തോതിൽ ഈടാക്കിയാൽ 10000 രൂപ അധിക വരുമാനം; കെ എസ് ആർ ടി സിയെ കുട്ടിച്ചോറാക്കാൻ പുതിയ മണ്ടത്തരവുമായി ഗതാഗത സെക്രട്ടറി; മന്ത്രിക്കെഴുതിയ നോട്ട് കണ്ട് ഞെട്ടി മലയാളികൾ

 കെഎസ് ആർ ടിസിയെ തകർക്കുന്നത് ഗതാഗത സെക്രട്ടറിയുടെ വികലമായ നയം തന്നെ. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷപ്പെടുത്താൻ പുതിയ ആശയവുമായി ഗതാഗതവകുപ്പ് ബസുകളുടെ മുന്നിലും പിന്നിലും ഡാഷ് ക്യാമറ വച്ച് റോഡിലെ നിയമലംഘനങ്ങൾ പകർത്തി പിഴ ഈടാക്കാനാണ് നീക്കം. ഉടോപ്യയൻ മണ്ടത്തരമാണ് ഇത്. നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും മാത്രമേ അധികാരമുള്ളൂ. അത് കണ്ടെത്തേണ്ടതും ഈ രണ്ട് ഏജൻസികളാണ്. അതുകൊണ്ട് തന്നെ നിയമപരമായി ഇതിന് കഴിയില്ല.

പൊലീസും മോട്ടോർ വാഹന വകുപ്പുമാണ് നിലവിൽ പരിശോധനകൾ റോഡിൽ നടത്തുന്നത്. ഗതാഗത നിയമ ലംഘനത്തിന് പിഴ അവർ ഈടാക്കാറുമുണ്ട്. ഈ തുക മുഴുവൻ സർക്കാരിലേക്ക് നൽകുകയാണ് പൊലീസും ഗതാഗത വകുപ്പും. അവർക്ക് സ്വന്തമായി ചെലവാക്കാൻ അധികാരവുമില്ല. ഇതാണ് സാഹചര്യം. എന്നാൽ എല്ലാം അറിയുന്ന ഗതാഗത സെക്രട്ടറി വിചിത്ര ഉത്തരവുമായി എത്തുകയാണ്. പ്രതിദിനം ശരാശരി 40 നിയമലംഘനങ്ങൾക്കു മോട്ടർ വാഹന വകുപ്പിൽനിന്നു പിഴവിഹിതമായി 250 രൂപ തോതിൽ ഈടാക്കിയാൽ 10000 രൂപ അധികവരുമാനം ലഭിക്കും. ഇത് ശമ്പളം നൽകാനും മറ്റും ഉപയോഗിക്കാമെന്നാണ് ഗതാഗത സെക്രട്ടറിയുടെ  ഉട്ടോപ്യൻ ആശയം.

ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ തയാറാക്കിയ പദ്ധതി കെഎസ്ആർടിസി എംഡിയുമായി ചർച്ച ചെയ്യാൻ മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശിച്ചു. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ ബസുകളിലും ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുൻപിൽ പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കൂടി പകർത്താൻ ഡാഷ് ക്യാമറകൾക്കു കഴിയും എന്നതിനാൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയും ലൈൻ തെറ്റിച്ചും വാഹനമോടിക്കുന്നതും അനധികൃത പാർക്കിങ്ങും കണ്ടെത്താം. ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മോട്ടർ വാഹന വകുപ്പിൽ നിന്ന് കോംപൗണ്ടിങ് ഫീ ഈടാക്കാമെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ ഇത്തരമൊരു ഫീസ് നിയമ ലംഘനങ്ങളുടെ പിഴയിൽ നിന്ന് ആർക്കും കൊടുക്കാൻ മോട്ടർ വാഹന വകുപ്പിനാകില്ല.

കേരളത്തിലെ സർക്കാർ തീരുമാനം അനുസരിച്ച് ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്താൽ 500 രൂപ പിഴ കൊടുക്കണം. ഇങ്ങനെ ഹെൽമറ്റ് വയ്ക്കാത്തതിന് കിട്ടുന്ന 500 രൂപയും സർക്കാരിന് അവകാശപ്പെട്ട പിഴ തുകയാണ്. അതിൽ നിന്ന് കമ്മിഷനോ മറ്റ് സർവ്വീസ് ചാർജോ മറ്റാർക്കെങ്കിലും കൊടുക്കാൻ സർക്കാരിന് കഴിയില്ല. ഇത് കണ്ടത്തേണ്ട ചുമതല പൊലീസിനും മോട്ടർ വാഹന വകുപ്പിനും മാത്രം. അധികാരം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഇതെല്ലാം അറിയാവുന്ന ഗതാഗത സെക്രട്ടറിയുടെ നോട്ടിന് പിന്നിൽ എത്രയും വേഗം ക്യാമറകൾ വാങ്ങി ബസുകളിൽ ഫിറ്റ് ചെയ്യാനുള്ള തിടുക്കമാണെന്ന വാദവും സജീവമാണ്. അഴിമതിയൂടെ സാധ്യതകളും ഇവിടെ തെളിയുകയാണ്.

Read more topics: # ksrtc, # Tomin Thachankary, # jyothilal,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close