News

എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗവർണർക്ക് പരാതി നൽകാൻ എത്തിയ വിദ്യാർത്ഥിനി കസ്റ്റഡിയിൽ; നാനോ സയൻസിലെ ഗവേഷണ വിദ്യാർത്ഥിനി ദീപ മോഹനനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് ബലം പ്രയോഗിച്ച് വലിച്ചിഴച്ചു കൊണ്ട്; ദലിത് വിദ്യാർത്ഥിനി ആയതിനാൽ ഗവേഷണം പൂർത്തിയാക്കാൻ ലാബ് സൗകര്യം അടക്കമുള്ളവ വി സി അനുവദിക്കില്ലെന്ന് ദീപ

മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സര്‍ക്കെതിരെ പരാതി നല്‍കാന്‍ എത്തിയ വിദ്യാര്‍ത്ഥിനിടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാനോ സയന്‍സിലെ ഗവേഷണ വിദ്യാര്‍ത്ഥിനി ദീപ മോഹനനെയാണ് കസ്റ്റഡിയില്‍ എടുത്തത്. എംജി സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ എത്തുമെന്നറിഞ്ഞാണ് ദീപ ഇവിടെയെത്തിയത്. ദീപയെ കണ്ട പൊലീസ് വിശദീകരണം തേടി. ഗവര്‍ണറെ കാണാനെത്തിയതാണെന്നും വൈസ് ചാന്‍സലര്‍ക്കെതിരെ പരാതി നല്‍കാനാണെന്നും ദീപ പറഞ്ഞു. തുടര്‍ന്ന് ദീപയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി സി സാബു തോമസിന് എതിരെയാണ് ഗവര്‍ണര്‍ക്ക് പരാതിയുമായി വിദ്യാര്‍ത്ഥിനി എത്തിയത്. ഗവേഷണ വിദ്യാര്‍ത്ഥി ദീപ പി. മോഹനെയാണ് ബലംപ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദലിത് വിദ്യാര്‍ത്ഥിയായതിനാല്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ ലാബ് സൗകര്യം അടക്കമുള്ളവ വി സി അനുവദിക്കില്ലെന്നാണ് ദീപയുടെ പരാതി. മാര്‍ക്ക്ദാന വിവാദത്തില്‍ കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാനോ ടെക്നോളജി വകുപ്പില്‍ രഹസ്യ സന്ദര്‍ശനത്തിനായി ഇന്ന് കാമ്പസില്‍ എത്തുന്നുണ്ട്.

ഇവിടെവെച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് ദീപ എത്തിയത്. എന്നാല്‍, പൊലീസ് ദീപയെ ബലം പ്രയോഗിച്ച് കസ്റ്റഡിലെടുത്ത് ഗാന്ധി നഗര്‍ സ്റ്റേഷനില്‍ കരുതല്‍ തടങ്കലിലാക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ ദീപയുടെ കൈക്ക് പിടിച്ച് വലിച്ചിഴച്ചിക്കുന്നതിന്റെയും തുടര്‍ന്ന് ദീപ അലമുറയിടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

എം.ജി വി സി തന്നെ ദ്രോഹിക്കുകയാണെന്ന് ദീപ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറെ കാണാനായി കാത്തിരിക്കുമ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്നും ദീപ വ്യക്തമാക്കി. വൈസ് ചാന്‍സലര്‍ സാബു തോമസ് മേധാവിയായിരുന്ന നാനോ ടെക്നോളജി വകുപ്പില്‍ 10 വര്‍ഷമായി ഗവേഷണം നടത്തി വരുന്ന കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ദീപ മോഹന്‍. ഗവേഷണം നീണ്ടു പോകാന്‍ കാരണം വി സി സാബു തോമസ് ആണെന്ന് ദീപ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദീപ മുന്‍ ഗവര്‍ണര്‍മാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. കൂടാതെ ദീപ നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലുമാണ്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close