India

'ആത്മാഭിമാനത്തിന് വേണ്ടി ഏതറ്റം വരെയും പോരാടും..പൊലീസുകാരുടെ ഭീഷണി ഞങ്ങളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചിരിക്കുന്നു': മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി അഭിഭാഷകര്‍; ഗേറ്റ് അടച്ചിട്ടും കോടതിയില്‍ എത്തുന്നവരെ തടഞ്ഞും അഭിഭാഷകര്‍; കടുത്ത പ്രതിഷേധത്തില്‍ പ്രവര്‍ത്തനം സ്തംഭിച്ച് സാകേത് കോടതി; ജില്ലാ കോടതികളിലും അഭിഭാഷകരുടെ പണിമുടക്ക് തുടരുന്നു; അഭിഭാഷകര്‍ക്കെതിരെ നടപടി പാടില്ലെന്ന ഉത്തരവില്‍ വ്യക്തത തേടിയുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ബാര്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഡല്‍ഹിയില്‍ അഭിഭാഷകരുടെ കടുത്ത പ്രതിഷേധം ബുധനാഴ്ചയും തുടര്‍ന്നു. കോടതി നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന പ്രമേയങ്ങള്‍ പിന്‍വലിക്കണമെന്ന് ബിസിഐ ബാര്‍ അസോസിയേഷനുകളോട് ആവശ്യപ്പെട്ടിരുന്നു. കോടതി വളപ്പുകളിലെ അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സാകേത് കോടതി വളപ്പില്‍ അഭിഭാഷകര്‍ പ്രതിഷേധം തുടര്‍ന്നുവെന്ന് മാത്രമല്ല, ആരെയും അങ്ങോട്ട് കടത്തിവിട്ടതുമില്ല. എന്നാല്‍, കഴിഞ്ഞ ദിവസം അക്രമം അരങ്ങേറിയ തിസ് ഹസാരി കോടതിയില്‍ ഇടപാടുകാരെ ബിസക്റ്റ് പാക്കറ്റുകള്‍ നല്‍കിയാണ് അഭിഭാഷകര്‍ സ്വീകരിച്ചത്. അതേസമയം, രോഹിണി കോടതിയില്‍ രണ്ടുഅഭിഭാഷകര്‍ പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ആത്മാഹുതിക്ക് ശ്രമിച്ചു. ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ് ഞങ്ങള്‍ ഈ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. പൊലീസുകാരുടെ ഭീഷണി ഞങ്ങളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി മരിക്കാന്‍ ഒരുങ്ങിയ ഒരു അഭിഭാഷകന്‍ പറഞ്ഞു.

ചൊവ്വാഴ്ച ബാര്‍ കൗണ്‍സില്‍ അക്രമത്തില്‍ ഏര്‍പ്പെട്ട അഭിഭാഷകരെ ശക്തമായി വിമര്‍ശിച്ചിരുന്നു. തിസ് ഹസാരി, സാകേത് സമുച്ചയങ്ങളില്‍ പൊലീസുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത് കടുത്ത പെരുമാറ്റച്ചട്ടലംഘനമാണെന്നും ഇത്തരത്തില്‍ ഗൂണ്ടായിസവും അക്രമവും നടത്തുന്ന അഭിഭാഷകരെ തിരിച്ചറിയണമെന്നും ഇവരെ വിലക്കണമെന്നും ബാര്‍ അസോസിയേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിനിടെ, ഇന്നലെ ഡല്‍ഹിയെ സതംഭിപ്പിച്ച പൊലീസ് സമരത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്നായികിന് നോട്ടീസയച്ചു. തിസ് ഹസാരി കോടതിവളപ്പില്‍ വെടിവയ്പിന് ഉത്തരവിട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. അതേസമയം അഭിഭാഷകര്‍ തങ്ങളെ മര്‍ദ്ദിച്ചെന്നാണ് പൊലീസ് വാദം. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

പൊലീസ് അവകാശ നിയന്ത്രണ നിയമപ്രകാരം പൊലീസുകാര്‍ സമരം ചെയ്യാന്‍ പാടില്ല. ഇതുലംഘിച്ച് സമരം ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അതേസമയം അഭിഭാഷകര്‍ക്കെതിരെ നടപടികള്‍ പാടില്ലെന്ന ഉത്തരവില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. തീസ്ഹസാരി കോടതിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ നടത്തുന്ന പണിമുടക്ക് ജില്ലാ കോടതികളില്‍ തുടരുകയാണ്.

ജില്ലാ കോടതികള്‍ പ്രവര്‍ത്തിക്കുന്ന തീസ് ഹസാരി കോടതി സമുച്ചയത്തിന് വെളിയില്‍ നവംബര്‍ ഒന്നിനാണ് സംഘര്‍ഷത്തിന് കാരണമായ സംഭവം നടന്നത്. കോടതിയില്‍ വാദിക്കാന്‍ എത്തിയ അഭിഭാഷകന്റെ കാര്‍ റോഡില്‍ പാര്‍ക്കു ചെയ്തതിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ എതിര്‍ത്തതാണ് തുടക്കം. എന്നാല്‍, അഭിഭാഷകന്റെ കാര്‍ പൊലീസ് വാഹനത്തില്‍ ഇടിച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്ന വാദവുമുണ്ട്. അഭിഭാഷകനെ കസ്റ്റഡിയിലെടുത്തെന്നും എതിര്‍ത്തപ്പോള്‍ പൊലീസ് വെടിവച്ചെന്നും മറ്റ് അഭിഭാഷകര്‍ പറയുന്നു.വെടിയേറ്റ അഡ്വക്കറ്റ് വിജയ് വര്‍മ്മയെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 വെടിവയ്പുണ്ടായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.സംഭവമറിഞ്ഞ് കോടതി വളപ്പില്‍ നിന്ന് കൂടുതല്‍ അഭിഭാഷകര്‍ എത്തി പൊലീസിനെ ആക്രമിക്കുകയും ജീപ്പ് കത്തിക്കുകയുമായിരുന്നു. കൂടുതല്‍ പൊലീസ് എത്തിയെങ്കിലും പ്രദേശത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. അഭിഭാഷകര്‍ എത്തുന്നത് തടയാന്‍ പൊലീസ് കോടതിയുടെ പ്രധാന ഗേറ്റ് പൂട്ടി.ഡി.സി.പി മോണിക്കാ ഭരദ്വാജ്, അഡിഷണല്‍ ഡി.സി.പി ഹരേന്ദ്ര, എസ്.എച്ച്.ഒ രാജീവ് ഭരദ്വാജ് എന്നിവര്‍ പരിക്കേറ്റവരില്‍പ്പെടുന്നു. സംഭവം റിപ്പോര്‍ട്ടു ചെയ്യാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. മൊബൈല്‍ ഫോണും മറ്റും പിടിച്ചു പറിക്കാന്‍ ശ്രമിച്ചു.

 

Read more topics: # high court, # delhi, # police, # judges,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close