Kerala

അനാവശ്യമായുള്ള കാത്തിരിപ്പില്‍ മഞ്ജുവിന്റെ ജീവന്‍ പൊലിഞ്ഞു; മരണത്തില്‍ ചികിത്സാ പിഴവെന്ന് ആരോപിച്ചു ബന്ധുക്കളും സോഷ്യല്‍ മീഡിയയും; നിഷേധിച്ച് ചാഴിക്കാട് ആശുപത്രി അധികൃതരും

തൊടുപുഴ: ഡെങ്കിപ്പനിയെ തുടര്‍ന്ന് തൊടുപുഴ അരീക്കര മഞ്ജു ബോബി (33) എന്ന യുവതി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവോ? ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ മഞ്ജുവിനെ പ്രവേശിപ്പിച്ചത്. ഞായര്‍ ആയിട്ടും സ്ഥിതി ഗുരുതരമായി തുടര്‍ന്നതിനെ തുടര്‍ന്നാണ് മഞ്ജുവിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത്. തിങ്കള്‍ പുലര്‍ച്ചെ തന്നെ മഞ്ജു മരിക്കുകയും ചെയ്തു. ചാഴിക്കാട്ട് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് മഞ്ജുവിന്റെ മരണം എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ബുധനാഴ്ച ആശുപത്രിയില്‍ എത്തിച്ചിട്ടും ആവശ്യമായ ചികിത്സ രോഗിക്ക് ലഭ്യമാക്കിയില്ല. തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടും മഞ്ജുവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോലഞ്ചേരി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇന്റെണല്‍ ബ്ലീഡിങ് തുടങ്ങിയിരുന്നു. രക്ഷിക്കാനുള്ള സാദ്ധ്യതകള്‍ വിരളമാണ് എന്നാണ് ബന്ധുക്കളെ കോലഞ്ചേരി ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഞായര്‍ എത്തിച്ചിട്ടും തിങ്കള്‍ പുലര്‍ച്ചെ തന്നെ മഞ്ജു മരിക്കുകയും ചെയ്തു. രോഗിയുടെ അതീവ ഗുരുതരാവസ്ഥ വ്യക്തമാക്കി കോലഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത് രക്ഷിക്കാന്‍ പ്രയാസമാണ് എന്നാണ്. ഒരു ദിവസം മുന്‍പെങ്കിലും ഇവിടെ എത്തിച്ചിരുന്നെങ്കില്‍ നമുക്ക് മഞ്ജുവിനെ കാക്കാമായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. മഞ്ജുവിന്റെ മരണം സ്ഥിരീകരിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ ബന്ധുക്കള്‍ക്കായി നല്‍കിയ മറുപടി ഇതായിരുന്നു. ഈ മറുപടി തന്നെയാണ് മഞ്ജുവിന്റെ മരണം വിവാദമാക്കുന്നതും.

ഡെങ്കിപ്പനിയാണെന്ന് തൊടുപുഴയിലെ ചാഴിക്കാട്ടു ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നു. ബ്ലഡ് കൗണ്ട് അനുനിമിഷം കുറഞ്ഞുകൊണ്ടുമിരുന്നു. ഈ ഘട്ടത്തില്‍ വേറെ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയോ അല്ലെങ്കില്‍ വിദഗ്ദ ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടിയിരുന്നു. ഇത് ചെയ്തില്ല. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മഞ്ജുവിനെ മാറ്റുമ്പോഴേക്കും ആന്തരിക രക്തസ്രാവം വന്നിരുന്നു. ഇതോടെ കോലഞ്ചേരിയിലെ ചികിത്സ ഫലിക്കാതെയാവുകയും നിത്യനിദ്രയിലേക്ക് മഞ്ജു ആണ്ടു പോവുകയും ചെയ്തു. ഒരു ദിവസം മുന്‍പെങ്കിലും മഞ്ജുവിനെ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് കോലഞ്ചേരി ആശുപത്രി അധികൃതര്‍ ബന്ധുക്കളോടു പറയുമ്പോള്‍ ഈ സമയമൊക്കെ മഞ്ജു ചാഴിക്കാട്ടു ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രി അധികൃതര്‍ക്ക് മറ്റു ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കളോട് ആവശ്യപ്പെടാമായിരുന്നു. പക്ഷെ ഇത് ചാഴിക്കാട്ടു ആശുപത്രി അധികൃതര്‍ ചെയ്തില്ല. അവിടുന്ന് ഡിസ്ചാര്‍ജ് ചെയ്ത് കോലഞ്ചേരിയില്‍ എത്തുമ്പോഴേക്കും സ്ഥിതി ഗുരുതരമാവുകയും മഞ്ജു മരണത്തിന്റെ വക്കില്‍ എത്തുകയും ചെയ്തിരുന്നു.

ഡെങ്കി ബാധിച്ച് കൗണ്ട് 30000 ത്തില്‍ താഴെ വന്നാല്‍ പ്ലേറ്റ് ലെറ്റ് ട്രാന്‍സ്ഫോര്‍മേഷന്‍ നടത്തുക സാധാരണമാണ്. പക്ഷെ മഞ്ജുവിന് കൗണ്ട് 24000 ത്തില്‍ താഴെ ആയിട്ടും ഈ രീതിയിലുള്ള ട്രാന്‍സ്ഫോര്‍മേഷന്‍ നടത്തിയില്ല എന്നാണ് ആരോപണം ഉയരുന്നത്. രോഗി വിറയലോടെ ചില അസ്വഭാവിക ലക്ഷണങ്ങള്‍ കാണിക്കുന്നു എന്ന് അറിയിച്ചിട്ടും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. പിന്നീട് ബ്ലീഡിങ് ആരംഭിച്ച നില അതീവ വഷളായി മാറിയപ്പോള്‍ മാത്രമാണ് ഞായറാഴ്ച ഡോക്ടര്‍ രോഗിയെ കാണാന്‍ എത്തുന്നത്. അപ്പോഴേക്കും നില വഷളായിരുന്നു. തുടര്‍ന്നാണ് കോലഞ്ചേരിക്ക് മാറ്റുന്നത്.

അലങ്കരിച്ച മെഴുകുതിരികള്‍ക്ക് മുന്നില്‍ ഇപ്പോള്‍ മഞ്ജു ശാന്തമായി ഉറങ്ങുകയാണ്. നാലും രണ്ടും വയസുള്ള ഫന്നയും മരിയയുമാണ് മഞ്ജുവിന്റെ മക്കള്‍. ഈ പിഞ്ചു കുഞ്ഞുങ്ങളെ അനാഥമാക്കിയാണ് മഞ്ജു യാത്രയാകുന്നത്. ചികിത്സാ പിഴവിനെ തുടര്‍ന്നാണ് മഞ്ജുവിന്റെ മരണം എന്നുള്ളതാണ് നാട്ടുകാരെയും ബന്ധുക്കളെയും അസ്വസ്ഥരാക്കുന്നത്. ഒരു ദിവസം മുന്‍പെങ്കിലും എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു എന്ന കോലഞ്ചേരിയിലെ ഡോക്ടര്‍മാരുടെ വാക്കുകളും ഇവരുടെ ചെവിയില്‍ മുഴങ്ങുന്നു. ഇതുകൊണ്ട് തന്നെ ഈ മരണം അരീക്കരയിലെ ഭര്‍തൃവീട്ടില്‍ കടുത്ത ദുഃഖത്തിന്റെ അലകള്‍ തന്നെയാണ് ഉയര്‍ത്തുന്നത്. ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ തുടരവേയാണ് ഭര്‍ത്താവിനും കുടുംബത്തിനും ദുഃഖങ്ങള്‍ ബാക്കിയാക്കി മഞ്ജു വിട ചൊല്ലിയത്. തൊടുപുഴ നടുക്കണ്ടത്തെ കര്‍ഷക ദമ്പതികളായ മാത്യുവിന്റെയും മേരിയുടെയും രണ്ടു മക്കളില്‍ ഒരാളാണ് മഞ്ജു. ആറു വര്‍ഷം മുന്‍പാണ് മഞ്ജുവിന്റെ വിവാഹം കഴിയുന്നത്. ഇലക്ട്രീഷ്യനായ ജോബിയാണ് ഭര്‍ത്താവ്. മഞ്ജുവിന്റെ സംസ്‌ക്കാരം ഇന്നു വൈകീട്ട് കോട്ടയം അരീക്കര സെന്റ് റോക്കീസ് പള്ളിയിലാണ് നടക്കുന്നത്.

 

Read more topics: # fever, # dengue,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close