India

ഡോളർ കടത്ത് കേസിൽ സിപിഎമ്മും കസ്റ്റംസും തുറന്ന പോരിലേക്ക്; ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മീഷണർ; ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിക്ക് ശ്രമിക്കുന്നുവെന്നും എൽഡിഎഫ് പോസ്റ്റർ പങ്കുവച്ച് സുമിത് കുമാർ; ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരണം മേഖലാ ഓഫീസുകളിലേക്ക് എൽഡിഎഫ് മാർച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്

ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി മുൻനിർത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനുമെതിരെ നിയമ നടപടിക്ക് നീക്കം ആരംഭിച്ചതോടെ സിപിഎമ്മും കസ്റ്റംസും തുറന്ന പോരിലേക്ക്. ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സുമിത് കുമാർ പ്രതികരിച്ചത്.

ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും എന്നാൽ അത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കസ്റ്റംസ് കമ്മീഷണറുടെ പ്രതികരണം.

 

എൽ.ഡി.എഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാർച്ചിന്റെ പോസ്റ്റർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് കസ്റ്റംസ് കമ്മീഷണറുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ശനിയാഴ്ച കസ്റ്റംസ് ഓഫീസുകളിലേക്കുള്ള പ്രതിഷേധ മാർച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ അന്വേഷണ ചുമതലയുള്ള സുമിത് കുമാറിന്റെ പ്രതികരണം.

കേസിന് പിന്നിലുള്ള ഉന്നതരുടെ പേരുകളെല്ലാം പുറത്തുവരുമെന്ന് നേരത്തെ സുമിത് കുമാർ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിനെതിരേയുള്ള അന്വേഷണ ഏജൻസികളുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കെതിരേ പ്രതിഷേധം ശക്തമാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.  തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമാണ് പ്രതിഷേധ മാർച്ചുകൾ നടക്കുന്നത്.

നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം പ്രതിഷേധത്തിന് രംഗത്തിറങ്ങിയത്

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ വെള്ളിയാഴ്ച ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. ശ്രീരാമകൃഷ്ണൻ ചോദ്യം ചെയ്യല്ലിന് ഹാജരാവുമോ എന്ന് വ്യക്തമല്ല.

ജൂലൈ 3 നു നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിലൂടെ കുടത്തിലെ ഭൂതത്തെ തുറന്നുവിട്ട കസ്റ്റംസ്, ഡോളർ കടത്തു കേസിൽ നിർണായക വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചതോടെയാണ് പ്രതിരോധം തീർക്കാൻ സിപിഎം നേരിട്ട് രംഗത്തിറങ്ങിയത്. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്ന് മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലാണ് സമരം. കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് എൽഡിഎഫ് ആക്ഷേപം.

അതേസമയം തെരഞ്ഞെടുപ്പ് കാലമായതിനാൽ ബിജെപിയും യുഡിഎഫും ഇതു ചർച്ചയാക്കാനുള്ള സാധ്യത പാർട്ടി മുൻകൂട്ടി കാണുന്നു. അതിനാൽ തന്നെ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നീങ്ങുന്നുവെന്ന തരത്തിൽ പ്രചാരണം ശക്തമാക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്.

സ്വർണം പിടികൂടിയതു കസ്റ്റംസ് ആണെങ്കിലും എൻഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നീ ഏജൻസികളെല്ലാം സ്വർണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുകയും ആഴ്ചകളോളം പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, സ്വപ്നയും സരിത്തും നൽകിയ മൊഴിയിൽ നിന്നു ഡോളർ കടത്തു കേസ് പിറന്നതോടെ സംഭവങ്ങളുടെ ഗതിമാറി. ഒക്ടോബർ 15ന് ആണ് ഈ കേസിന്റെ ഒക്കറൻസ് റിപ്പോർട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിക്കുന്നത്.

മുൻ കോൺസൽ ജനറൽ ജമാൽ അൽസാബിയടക്കം യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥർക്കെതിരായ നിർണായക വെളിപ്പെടുത്തലും ഈ റിപ്പോർട്ടിലൂടെയാണു പുറത്തു വന്നത്. ഒടുവിൽ, നവംബറിൽ കസ്റ്റംസ് കസ്റ്റഡിയിലിരിക്കെ സ്വപ്നയും സരിത്തും നൽകിയ മൊഴികളെ അടിസ്ഥാനമാക്കി, സാമ്പത്തിക കുറ്റവിചാരണക്കോടതി നടത്തിയ 'വമ്പൻ സ്രാവുകൾ' പരാമർശം വിവാദങ്ങൾക്കു വഴിമരുന്നിട്ടു. തുടർന്നാണു സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (3) രേഖപ്പെടുത്തിയത്. അട്ടക്കുളങ്ങര ജയിലിൽ തനിക്കു സുരക്ഷാഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതിയും ജയിൽ അധികൃതരുടെ നിഷേധവും സ്വപ്നയുടെ ശബ്ദരേഖയും അടക്കമുള്ള വിവാദങ്ങളും ഇതിനിടെ ഉയർന്നു.

Read more topics:
Show More

Related Articles

Close