News

അമ്മയുടെ സ്‌നേഹ വാസ്തല്യം അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ജുവൽ വീണ്ടും അനാഥയായി; ദത്തെടുത്ത മകളുമായി റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം ഉണ്ടായത് മകളെ തന്നതിന് കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം വീട്ടിലേക്ക് മടങ്ങവെ: പരുക്കേറ്റ ഒമ്പതു വയസ്സുകാരിയായ മകൾ ആശുപത്രിയിൽ

സ്‌നേഹം കൊണ്ടു മൂടുന്ന അച്ഛനേയും അമ്മയേയും ഒരുപാട് കൊതിച്ച് സ്വപ്‌നം കണ്ട ശേഷം അവർക്കരികിലെത്തിയപ്പോഴും ജുവലിനു കരയാൻ തന്നെ വിധി. ചെറുവാണ്ടൂരിലെ വഴിയിൽ ഉണ്ടായ കാറപകടത്തിൽ അവൾക്ക് നഷ്ടമായത് കാത്തു കാത്തു കിട്ടിയ സ്‌നേഹ നിധിയായ അമ്മയെ.

പട്ടിത്താനം മണർകാട് ബൈപാസിൽ ചെറുവാണ്ടൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ചെറുവാണ്ടൂർ വള്ളോംകുന്നേൽ വീട്ടിൽ എംപി.ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ജൂവലിനെ (9) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുൻപാണു ജൂവലിനെ ജോയിയും സാലിയും ഡൽഹിയിൽ നിന്നു ദത്തെടുത്തത്. എന്നാൽ അമ്മയുടെ സ്‌നേഹ വാത്സല്യം അറിഞ്ഞു തുടങ്ങും മുന്നേ ജുവലിന് അമ്മയെ നഷ്ടമാകുക ആയിരുന്നു.

 

11 വർഷമായി ജോയി-സാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകൾക്കു നൽകാനിരുന്ന ജൂവൽ എന്ന പേരും നൽകി.

ഇന്നലെ രാത്രി ചെറുവാണ്ടൂർ കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. കാർ സാലിയെയും ജൂവലിനെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി.

ഇടിയുടെ ആഘാതത്തിൽ ജൂവൽ റോഡിനു വശത്തേക്ക് തെറിച്ചു പോയി. ജൂവൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാലിയുടെ മൃതദേഹം മോർച്ചറിയിൽ.

 
 
 

Read more topics:
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close