News
പോളണ്ടും റുമാനിയയും അടക്കം അഞ്ചുരാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസ വേണമെന്ന വ്യവസ്ഥ മാറ്റാന്‍ കൂട്ടാക്കാത്ത അമേരിക്കയ്ക്ക് തിരിച്ചടി നല്കി യൂറോപ്യന്‍ യൂണിയന്
പോളണ്ടും റുമാനിയയും അടക്കം അഞ്ചുരാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസ വേണമെന്ന വ്യവസ്ഥ മാറ്റാന്‍ കൂട്ടാക്കാത്ത അമേരിക്കയ്ക്ക് തിരിച്ചടി നല്കി യൂറോപ്യന്‍ യൂണിയന്; അമേരിക്കന്‍ പൗരന്മാര്ക്ക് 2021 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും വിസ നിര്‍ബന്ധം; അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വീണ്ടും കലഹത്തിലേക്ക്
കടുത്ത വിസ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ലോകത്തെ മറ്റു രാജ്യങ്ങളില്നിന്നുള്ളവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത രാജ്യമാണ് അമേരിക്ക. അവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന് ഇപ്പോള്‍. 2021 മുതല്‍ യൂറോപ്പിലെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്ന അമേരിക്കക്കാര്‍ക്ക് മുന്‍കൂട്ടി വിസ എടുക്കണം. നിലവില്‍, യൂറോപ്പിലെ മിക്ക രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ്പോര്‍ട്ട് മാത്രം മതി.
എന്നാല്‍, യൂറോപ്പിലെ അഞ്ചുരാജ്യങ്ങളിലുള്ളവര്ക്ക് അമേരിക്കയില്‍ പോകണമെങ്കില്‍ വിസയെടുക്കണമെന്ന നിലപാടില്‍ അമേരിക്ക ഇളവുവരുത്താത്തതാണ് യൂറോപ്യന്‍ യൂണിയനെ ചൊടിപ്പിച്ചത്. ബള്‍ഗേറിയ, പോളണ്ട്, റുമാനിയ, ക്രൊയേഷ്യ, സൈപ്രസ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് വിസ നിര്‍ബന്ധമുള്ളത്. ഇ്ക്കാര്യത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ കമ്മിഷനും പലവട്ടം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് തിരിച്ചും സമാനമായ നിലപാടെടുക്കാന്‍ യൂറോപ്യന്‍ യൂണിയന് തീരുമാനിച്ചത്.
യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (എറ്റിയാസ്) വഴിയുള്ള പ്രത്യേക തരം വിസയെടുത്താല്‍ മാത്രമേ 2021 മുതല്‍ അമേരിക്കന്‍ പൗരന്മാര്ക്ക് യൂറോപ്പിലെ ഷെങ്കണ്‍ മേഖലയില്‍ പ്രവേശിക്കാനാകൂ. അതിനുള്ളില്‍ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ബ്രിട്ടനില്‍ പ്രവേശിക്കുന്നതിനും അമേരിക്കക്കാര്‍ എറ്റിയാസ് എടുക്കേണ്ടിവരും.
യൂറോപ്യന്‍ യൂണിയനിലെ 23 രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ അമേരിക്ക വിസ-ഫ്രീ പദവി നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന അഞ്ചുരാജ്യങ്ങള്ക്കുകൂടി ഇതേ പദവി നല്കണെമെന്ന് 2016-ല്‍ യൂറോപ്യന്‍ കമ്മിഷന് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ അക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍, അക്കാര്യം പരിഗണിക്കുക പോലും ചെയ്തില്ലെന്നതാണ് യൂറോപ്യന്‍ യൂണിയനെ മറിച്ചൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്.
അമേരിക്കന്‍ പൗരന്മാര്ക്ക് യൂറോപ്പില്‍ വിസ എര്‍പ്പെടുത്തണമെന്ന് കഴിഞ്ഞവര്‍ഷം ജൂണില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് നിര്‍ദേശിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് ഒരേതരത്തിലുള്ള പരിഗണന ലഭിക്കണമെന്ന അടിസ്ഥാനതത്വം പാലിക്കാന്‍ അമേരിക്ക തയ്യാറാകാത്തതിന്റെ പേരിലായിരുന്നു അത്. നിലവില്‍ അമേരിക്കന്‍ പൗരന്മാര്ക്ക് ഷെങ്കണ്‍ മേഖലയില്‍ വിസയില്ലാതെ 90 ദിവസത്തോളം യാത്ര ചെയ്യാനാകും.
സുരക്ഷമുന്നിര്ത്തിയും അനധികൃത കുടിയേറ്റവും ഭീകരതയും തടയുന്നതിനുമാണ് പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതെന്ന് എറ്റിയാസ് വെബ്സൈറ്റില്‍ പറയുന്നു. അതിര്‍ത്തി കടന്ന് എത്തുന്നത് ആരെന്നറിയാനുള്ള അവകാശമുണ്ടെന്ന് യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഴാങ് ക്ലോഡ് ജങ്കര്‍ പരഞ്ഞു. പുതിയ സംവിധാനമനുസരിച്ച് ഇവിടെത്തുന്നതിന് മുമ്പുതന്നെ ആരാണ് വരുന്നതെന്ന് അറിയാന്‍ സാധിക്കുമെന്നും ജങ്കര്‍ പറയുന്നു.