News

ജനങ്ങളുടെ പട്ടിണിയേക്കാൾ ബിസിനസ് ആഗ്രഹിക്കുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കും; മിനിമം താങ്ങ് വില തുടരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നിയമം കൊണ്ടുവരുമോ? നിയമം വന്നാൽ കർഷകരെ കൊള്ളയടിക്കുന്നത് അവസാനിക്കും; നരേന്ദ്ര മോദിയുടെ രാജ്യസഭാ പ്രസംഗത്തിന് മറുപടിയുമായി കർഷക നേതാവ് രാകേഷ് ടിക്കായത്ത്; അടുത്ത ചർച്ചയ്ക്ക് തീയതി കുറിക്കണമെന്ന് കർഷക യൂണിയനുകൾ; മോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസും

മിനിമം താങ്ങുവില സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് കർഷക നേതാവ് രാകേഷ് ടിക്കായത്ത് തള്ളിക്കളഞ്ഞു. രാജ്യം വിശ്വാസത്തിന്മേലല്ല, മറിച്ച് നിയമത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ പ്രസംഗത്തിലാണ് മോദി കർഷകർക്ക് ഉറപ്പുകൾ നൽകിയത്. മണ്ഡികൾ ആധുനികവത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. മിനിമം താങ്ങ് വിലയിൽ ഉറപ്പ് നൽകിയ പ്രധാനമന്ത്രി സർക്കാർ അത് തുടരുന്നുവെന്ന് നിശ്ചയിക്കാൻ നിയമം കൊണ്ടുവരുമോയെന്ന് വ്യക്തമാക്കിയില്ലെന്ന് ടിക്കായത്ത് പറഞ്ഞു. പട്ടിണിക്ക് മുകളിലുള്ള ബിസിനസ്സ് രാജ്യത്ത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്പ്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടും ആവർത്തിച്ചു.ജനങ്ങളുടെ പട്ടിണിയെക്കാൾ ബിസിനസ് ആഗ്രഹിക്കുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കും. താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് തങ്ങൾ പറഞ്ഞത്. അത്തരമൊരു നിയമം കൊണ്ടുവന്നാൽ രാജ്യത്തെ എല്ലാ കർഷകർക്കും പ്രയോജനം ലഭിക്കും. നിലവിൽ താങ്ങുവില നിയമമില്ലാത്തതിനാൽ കച്ചവടക്കാർ കർഷകരെ കൊള്ളയടിക്കുകയാണെന്നും ടികായത്ത് പറഞ്ഞു.

കർഷകരെ വിശ്വാസത്തിൽ എടുത്താണ് കേന്ദ്രസർക്കാർ നിയമം പാസ്സാക്കിയതെന്നായിരുന്നു രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ അവകാശവാദം. ചെറുകിട കർഷകർ വഞ്ചിക്കപ്പെടുകയാണ്. 12 കോടിയോളം കർഷകർക്ക് വളരെ കുറച്ച് ഭൂമി മാത്രമാണുള്ളത്. ബാങ്ക് വായ്പയും ആനുകൂല്യങ്ങളും ചെറുകിട കർഷകന് ലഭിക്കുന്നില്ല. വിള ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ചെറുകിട കർഷകർക്ക് ലഭിച്ചു. സർക്കാർ നയങ്ങളുടെ ആധാരം ചെറുകിട കർഷകരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കർഷക കുടുബത്തിൽ ജനിച്ച മുൻ പ്രധാനമന്ത്രി ദേവഗൗഡ, കാർഷികരംഗത്തെ പരിഷ്‌കരണങ്ങളെ പിന്തുണയ്ക്കുന്നുവെന്നും മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി സമരം അവസാനിപ്പിക്കാനും ചർച്ചകൾ പുനരാരംഭിക്കാനും ആവശ്യപ്പെട്ടതോടെ. അടുത്ത റൗണ്ട് ചർച്ചകൾക്കായി തീയതി കുറിക്കാൻ കർഷക യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ചർച്ചകളോട് തങ്ങൾ ഒരിക്കലും മുഖം തിരിച്ചിട്ടില്ലെന്നും വിളിച്ചപ്പോഴൊക്കെ പങ്കെടുത്തിട്ടുണ്ടെന്നും, ഇനിയും അതിന് തയ്യാറാണെന്നും കർഷക നേതാവ് ശിവ കുമാർ കാക്ക പറഞ്ഞു. ഇതിനകം 11 വട്ടം ചർച്ചകൾ നടത്തിക്കഴിഞ്ഞു. മൂന്നുകാർഷിക നിയമങ്ങൾ പിൻവലിക്കുക, മിനിമം താങ്ങ് വിലയ്ക്ക് നിയമപരമായ ഉറപ്പ് എന്നിവയാണ് മുഖ്യആവശ്യങ്ങൾ. നിയമങ്ങൾ ഒന്നരവർഷത്തേക്ക് മരവിപ്പിക്കാമെന്ന് സർക്കാർ വാഗ്ദാനം ചെയ്‌തെങ്കിലും കർഷകർ അതുതള്ളിക്കളഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസഭാ പ്രസംഗത്തിൽ യാതൊന്നുമില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മൂന്ന് കാർഷിക നിയമങ്ങളുടെ ന്യൂനതകൾ ചൂണ്ടിക്കാട്ടിയുള്ള കോൺഗ്രസിന്റെ നിർദ്ദേശത്തെ അദ്ദേഹം അവഗണിച്ചു. നിയമങ്ങളെക്കുറിച്ചുള്ള കർഷകരുടെയും ബിരുദധാരികളുടെയും ശാസ്ത്രജ്ഞരുടെയും ആശങ്കകൾ പ്രധാനമന്ത്രി നിരസിച്ചു. ആർക്കും ഒന്നുമറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. നമ്മളെല്ലാം വിഡ്ഢികളാണോ എന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ ചോദിച്ചു.

Read more topics:
Show More

Related Articles

Close