News

പിടിച്ചെടുത്തത് ആഴ്ച്ചകള്‍ പഴക്കം ചെന്ന പുളിച്ചുനാറിയ ഭക്ഷണ സാധനങ്ങള്‍

പാകം ചെയ്ത മീനും ഇറച്ചിയും ഫ്രീസറിലേക്ക് തള്ളുക. ദിവസങ്ങള്‍ അല്ല ആഴ്ചകള്‍ പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍. പാചകം ചെയ്ത മീനും ഇറച്ചിയുമെല്ലാം സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കിറ്റുകളിലാക്കി ഫ്രീസറുകളില്‍ തന്നെ. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഈ മീനും ഇറച്ചിയും പരിശോധിച്ചപ്പോള്‍ എല്ലാം മരക്കട്ടകള്‍ പോലെ. നിലത്തേക്ക് ആഞ്ഞെറിഞ്ഞപ്പോഴും കോഴിക്കും മീനിനും ഒന്നും ഒരു മാറ്റവുമില്ല. എത്ര ആഴ്ചത്തെ പഴക്കമുണ്ടെന്ന് ചോദിച്ചപ്പോള്‍ ഹോട്ടലുകാര്‍ക്ക് മറുപടിയുമില്ല.

കിഴക്കേക്കോട്ട സണ്‍ വ്യൂ ഹോട്ടല്‍, മണക്കാട് റിഹാബ് ഹോട്ടല്‍, മണക്കാടുള്ള സീനത്ത് ഹോട്ടല്‍, അട്ടക്കുളങ്ങര ബിസ്മി ഹോട്ടല്‍ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഫ്രീസറിലെവെച്ച് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചത്. പങ്കജ്, ചിരാഗ് തുടങ്ങിയ ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍നിന്നും, ബുഹാരി, ബിസ്മി, ആര്യാസ്, എം.ആര്‍.എ. തുടങ്ങിയ പ്രമുഖ ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തെന്നാണ് വിവരം. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മേയര്‍ ഉച്ചയോടെ പുറത്തുവിടും.

റെയ്ഡ് ഇപ്പോഴും തുടരുന്നതിനാല്‍ മുഴുവന്‍ ഹോട്ടലുകളുടെയും പേര് ലഭ്യമായിട്ടില്ല. പല ഹോട്ടലുകളിലും കോഴിയിറച്ചി ശരിയായി വൃത്തിയാക്കാതെയാണ് പാചകം ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. തമ്പാനൂര്‍,കരമന, അട്ടക്കുളങ്ങര, പാളയം, ഓവര്‍ബ്രിഡ്ജ് തുടങ്ങിയ മേഖലകളിലായി 57 ഓളം ഹോട്ടലുകളില്‍ പരിശോധന നടത്തിയപ്പോള്‍ 30 ഓളം ഹോട്ടലുകളില്‍ നിന്നാണ് പഴകിയ സാധനങ്ങള്‍ പിടിച്ചത്. ഏഴു സ്‌ക്വാഡുകള്‍ ആയി തിരിഞ്ഞായിരുന്നു റെയ്ഡുകള്‍ നടത്തിയത്. ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത എല്ലാ ഹോട്ടലുകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പല ഹോട്ടലുകളിലെയും മാലിന്യ ശുചീകരണ സംവിധാനങ്ങള്‍ ഫലപ്രദമായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയും ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

നഗരത്തിലെ തമ്പാനൂര്‍,കരമന, അട്ടക്കുളങ്ങര, പാളയം, ഓവര്‍ബ്രിഡ്ജ് തുടങ്ങിയ മേഖലകളായിരുന്നു പരിശോധന. വൃത്തിഹീനമായ നിലയില്‍ അടുക്കള പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു. പരിശോധനകള്‍ ഇനിയും തുടരുമെന്നും കൃത്യമായ ഇടവേളകളില്‍ ഇവ തുടരുമെന്നും ആരോഗ്യവിഭാഗം അധികൃതര്‍ മറുനാടനോട് പറഞ്ഞു. നല്ല ഭക്ഷണം കൊടുക്കാന്‍ നിര്‍ബന്ധിക്കുക ലക്ഷ്യമിട്ടാണ് ഈ റെയ്ഡുകള്‍. ഇനിയും റെയ്ഡ് തുടരും. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഈ ഹോട്ടലുകള്‍ ഇനിയും പ്രവര്‍ത്തിക്കുകയാണെങ്കില്‍ നോട്ടീസ് നല്‍കി അവ അടപ്പിക്കുക തന്നെ ചെയ്യും-ആരോഗ്യവിഭാഗം പറയുന്നു.

കഴിഞ്ഞ മാസം ജൂണ്‍ പതിനെട്ടിനും ആരോഗ്യവിഭാഗം നഗരത്തില്‍ നടത്തിയ റെയ്ഡില്‍ ഒട്ടനവധി ഹോട്ടലുകള്‍ കുരുങ്ങിയിരുന്നു. ഹോട്ടലുകളുടെ അടുക്കളകള്‍ പലതും പരിതാപകരമായ അവസ്ഥയിലാണെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നാല് പ്രത്യേക സ്‌ക്വാഡുകളാണ് അന്ന് നഗരപരിധിയില്‍ പരിശോധന നടത്തിയത്. നഗരത്തിലെ 52 ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. മൂന്നു സ്ഥാപനങ്ങള്‍ താത്കാലികമായി അടപ്പിക്കുകയും അപാകത കണ്ടെത്തിയ 47 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ പിഴവ് ആരോഗ്യവിഭാഗം കണ്ടെത്തുകയും അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

 

Read more topics: # food safety, # food, # FOODPOISON, # hotel,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close