News
കാൽപ്പന്തുകളിയുടെ ആവേശം പേറുന്ന മലപ്പുറത്തെ ജനസഖ്യ 50 ലക്ഷം; ലോകകപ്പിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യയിലുള്ളത് 42 ലക്ഷം പേരും; ഇംഗ്ലണ്ടിനെ മുക്കി ഫൈലിലെത്തിയതോടെ ഏറവും തിരയുന്നത് ക്രൊയേഷ്യയെന്ന രാജ്യത്തെ കുറിച്ച്; റഷ്യയിൽ വിപ്ലവം രചിച്ചത് യുഗോസ്ലാവ്യയിൽനിന്നും അടർന്ന് മാറിയ കുഞ്ഞൻ രാജ്യം; 50 ലക്ഷം ജനങ്ങൾ ഇല്ലാത്ത രാജ്യം എങ്ങനെ ലോകകപ്പ് ഫൈനലിലെത്തി?

മോസ്കോ: മലപ്പുറത്തെ ഫുട്ബോൾ ഭ്രാന്ത് ലോക പ്രശസ്തമാണ്. മെസിയും റൊണാൾഡോയും നെയ്മറുമാണ് മലപ്പുറത്തെ പ്രധാന ചർച്ചാവിഷയം. കാൽപ്പന്ത് കളിയുടെ ആവേശത്തിൽ തിമിർത്താടുന്ന മലപ്പുറത്ത് കാനേഷുമാരി കണക്ക് അനുസരിച്ചുള്ളത് 41 ലക്ഷം പേരാണ്. ഇതും വർഷങ്ങൾക്ക് മുമ്പുള്ള കണക്ക്. ഇപ്പോഴിത് 50 ലക്ഷം കവിഞ്ഞു കാണും. ഈ ഫുട്ബോൾ ഭ്രാന്ത് കാട്ടുന്ന കേരളത്തിലെ ജില്ലയായ മലപ്പുറത്തേതിന് സമാനമാണ് ക്രോയേഷ്യയിലെ ജനസഖ്യയും. അവിടെയുള്ളത് മലപ്പുറത്തേക്കാൾ കുറവ് ആളുകളും. 42 ലക്ഷം ജനസംഖ്യയുള്ള ക്രൊയേഷ്യയിലേക്കാണ് ഇന്ന് ഫുട്ബോൾ ആരാധകരുടെ കണ്ണ്. ലോകകപ്പ് അവർ ഉയർത്തുമോ എന്നതാണ് ഇപ്പോഴത്തെ സജീവ ചർച്ചാ വിഷയം.
കഴിഞ്ഞ ഏതാനും മണിക്കൂറായി ഇന്റർനെറ്റിൽ ആളുകൾ പരതിക്കൊണ്ടിരിക്കുന്ന പേരാണ് ക്രൊയേഷ്യ. 1998-ലെ ലോകകപ്പിൽ സെമി ഫൈനലിൽ കടന്നതൊഴിച്ചാൽ ക്രൊയേഷ്യ ലോകത്ത് മറ്റൊരു തരത്തിലും ചർച്ചാവിഷയമായി മാറിയിട്ടുണ്ടായിരുന്നില്ല. എന്നാൽ, റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ഫൈനലിൽ കടന്നതോടെ എല്ലാവർക്കും ്അറിയേണ്ടത് ഒരുകാര്യം മാത്രം. ഏതാണ് ഈ രാജ്യം? എവിടെയാണത്? എങ്ങനെയാണ് ഈ കുഞ്ഞൻ രാജ്യം ലോകകപ്പിന്റെ ഫൈനലിലെത്തിയത്.
തെക്കുകിഴക്കൻ യൂറോപ്പിലുള്ള ചെറിയ രാജ്യങ്ങളിലൊന്നാണ് ക്രൊയേഷ്യ. വെറും 42 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ യുഗോസ്ലാവ്യയുടെ കീഴിലായിരുന്നു 1991 വരെ. ബോസ്നിയ ഹെർസഗോവിനയും മാസിഡോണിയയും സ്ലോവേനിയയും സെർബിയയും മോണ്ടെനെഗ്രോയും ക്രൊയേഷ്യയും ഉൾപ്പെട്ടതായിരുന്നു യുഗോസ്ലാവ്യ. സോവിയറ്റ് യൂണിയൻ കഴിഞ്ഞാൽ ഏറ്റവും വലിയ കൂട്ടായ്മ. 1918-ൽ യുഗോസ്ലാവ്യയിൽ അംഗമായ ക്രൊയേഷ്യ വീണ്ടും സ്വാതന്ത്ര്യത്തിനായി രംഗത്തുവരുന്നത് യുഗോസ്ലാവ്യൻ പ്രസിഡന്റായ ജോസിപ് ബ്രോസ് ടിറ്റോ 1980-ൽ മരിക്കുന്നതോടെയാണ്.
1991 ജൂൺ 25-ന് ക്രൊയേഷ്യ യുഗോസ്ലാവ്യയിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. യുഗോസ്വാവ് പീപ്പിൾസ് ആർമിയും സെർബുകളും ക്രൊയേഷ്യയെ ആക്രമിക്കുകയും മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. പോരാട്ടങ്ങളുടെ നാളുകൾക്കൊടുവിൽ 1995 ഓഗസ്റ്റോടെ യുദ്ധം അവസാനിച്ചു. ക്രൊയേഷ്യ വിജയം കണ്ടു. 1994-ലാണ് ഫിഫ ക്രൊയേഷ്യയെ അംഗീകരിക്കുന്നത്. 1994-ൽ ലോക റാങ്കിങ്ങിൽ 125-ാാം സ്ഥാനത്തായിരുന്നു ക്രൊയേഷ്യ. 1999-ൽ അവർ മൂന്നാം സ്ഥാനത്തേക്കുയർന്നു.
ഫുട്ബോൾ ക്രൊയേഷ്യൻ ജനതയുടെ രക്തത്തിൽ അലിഞ്ഞതാണ്. വിഖ്യാതമാ യുഗോസ്ലാവ്യൻ പാരമ്പര്യത്തിന്റെ യഥാർഥ അവകാശികൾ ക്രൊയേഷ്യയാണ്. സെർബിയക്കാണ് ഫിഫ ആ പദവി നൽകിയിരിക്കുന്നതെങ്കിലും അത് യഥാർഥത്തിൽ അർഹിച്ചത് ക്രൊയേഷ്യക്കാണ്. 125-ൽനിന്ന് മൂന്നിലേക്കെത്തിയ ക്രൊയേഷ്യയുടെ കുതിപ്പിന് ഫിഫ പ്രത്യേക അംഗീകാരം നൽകിയിരുന്നു. 1998 ലോകകപ്പിൽ ക്രൊയേഷ്യ അരങ്ങേറിയതുതന്നെ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടാണ്.
സെമിയിലേക്ക് കുതിച്ച ക്രൊയേഷ്യ, അവിടെ ഫ്രാൻസിനെതിരേ ലീഡെടുത്തശേഷമാണ് തോൽവി വഴങ്ങിയത്. ലിലിയൻ തുറാം നേടിയ ഇരട്ടഗോളുകൾ ഫ്രാൻസിന് 2-1 വിജയം നേടിക്കൊടുത്തു. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ 2-1ന് ഹോളണ്ടിനെ തോൽപിച്ച് ക്രൊയേഷ്യ അത്ഭുതം ആവർത്തിച്ചു. അതിനുശേഷം കാര്യമായ നേട്ടം ലോകഫുട്ബോളിൽ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. 2002-ലും 2006-ലും പ്രാഥമിക റൗണ്ടിൽത്തന്നെ പുറത്തായി. 2010-ൽ യോഗ്യത നേടിയതുമില്ല.
കഴിഞ്ഞ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ക്രൊയേഷ്യ, 20 വർഷത്തിനുശേഷം വീണ്ടും അത്ഭുതം ആവർത്തിച്ചു. ഇംഗ്ലണ്ടിനെ 2-1 തോൽപിച്ച അവർ ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നു. ഒരു മത്സരംകൂടി ജയിച്ചാൽ കിരീടം ക്രൊയേഷ്യയുടെ കൈയിലിരിക്കും. ഈ ടീമിന് അതിനാവുമെന്ന ഉറച്ച മനസോടെയാണ് ആരാധകർ ഞായറാഴ്ചയ്ക്കായി കാത്തിരിക്കുന്നത്.