News

ഫ്രാൻസിന്റെ മുന്നിൽ ഉറുഗ്വായുടെ സ്വപ്‌നയാത്രയും അവസാനിച്ചു; എതിരില്ലാത്ത രണ്ട് ഗോളിന് ഒന്നാം ലോക ചാമ്പ്യന്മാരെ തകർത്ത് ഫ്രാൻസ് സെമിയിൽ; ഗോൾ നേടിയത് റാഫേൽ വരാനെയും അന്റോണിയോ ഗ്രീസ്മാനും; നോക്കൗട്ടിൽ വീണ്ടും തനിനിറം കാട്ടി ഫ്രഞ്ച് പട; ഉറുഗ്വായും പുറത്തായതോടെ ലാറ്റിൻ പ്രതീക്ഷ ഇനി ബ്രസീലിൽ മാത്രം

നിഷ്നി: ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ഉറുഗ്വായെ മലർത്തിയടിച്ച് ഫ്രാൻസ് സെമിയിൽ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലാറ്റിനമേരിക്കൻ ടീമിനെ ഫ്രഞ്ച് പട കെട്ടുകെട്ടിച്ചത്. 41ാം മിനിറ്റിൽ റാഫേൽ വരാനേയും 61ാം മിനിറ്റില് സൂപ്പർ താരം അന്റോണിയോ ഗ്രീസ്മാനുമാണ് ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഫ്രാൻസ് ഒരു ഗോളിന് മുന്നിലായിരുന്നു. നാൽപതാം മിനിറ്റിൽ ഗ്രീസ്മാന്റെ ഫ്രീകിക്കിൽ നിന്ന് റാഫേൽ വരാനേയാണ് ഹെഡ്ഡറിലൂടെ ഗോൾ നേടിയത്. ടൊലീസോയെ ഫൗൾ ചെയ്തതിന് കിട്ടിയ കിക്കാണ് വലതു വിങ്ങിൽ നിന്ന് ഗ്രീസ്മാൻ ബോക്‌സിലേയ്ക്ക് തൊടുത്തത്. പരിക്കേറ്റ കവാനിയില്ലാതെയാണ് യുറഗ്വായ് ഫ്രഞ്ച് പടയെ നേരിട്ടത്.എന്നാൽ പകരക്കാരുടെ പട്ടികയിൽ കവാനിയെ ഉൾപ്പെടുത്തിയിരുന്നു.

അതേസമയം ലൂയി സുവാരസ് ആദ്യ ഇലവനിൽ കളിക്കുന്നുണ്ട്.അർജന്റീനയെ തോൽപ്പിച്ചാണ് ഫ്രാൻസ് ക്വാർട്ടറിൽ കളിക്കുന്നത്. പോർച്ചുഗലിനെ കീഴടിക്കിയാണ് ഉറുഗ്വായ് ക്വാർട്ടറിൽ കടന്നത്. ലയണൽ മെസ്സിയുടെ അർജന്റീനയെ മൂന്നിനെതിരെ നാല് ഗോളുഗൾക്കാണ് ഫ്രാൻസ് പ്രീക്വാർട്ടറിൽ തോൽപ്പിച്ചത്. മറ്റൊരു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പൊർച്ചുഗലിന് മടക്ക ടിക്കറ്റ് നൽകിയാണ് സുവാരസിന്റെ ടീം അവസാന എട്ടിൽ എത്തിയത്.

ബോക്സിനു പുറത്തു നിന്നും ഗ്രീസ്മാൻ തൊടുത്ത ഇടം കാൽ ഷോട്ട് പിടിയിലൊതുക്കുന്നതിൽ മസ്ലേരയ്ക്കു പിഴച്ചു. മസ്ലേരയുടെ കൈകളിൽ കുത്തിയുയർന്ന പന്ത് വലയ്ക്കുള്ളിൽ താഴ്ന്നിറങ്ങിയപ്പോൾ ഉറുഗ്വേ നിരാശയിലേക്ക് തള്ളിയിട്ടാണ് ഫ്രാൻസ് വിജയമുറപ്പിച്ച ഗോൾ നേടിയത്.ഗോൾ മടക്കാൻ ഉറുഗ്വേ കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നു പോലും ഫ്രാൻസിന് വെല്ലുവിളിയുയർത്തിയില്ല.വിരസമായിരുന്നു ഫ്രാൻസ് ഗോൾ നേടുന്നത് വരം മത്സരം.

44ാം മിനിറ്റിൽ ഉറുഗ്വായ്ക്ക് സമനില ഗോളിനുള്ള്ള സുവർണാവസരം ലഭിച്ചെങ്കിലും ഗോളി ലോറിസിന്റെ അവിശ്വസനീയ സേവ് ഫ്രാൻസിനെ കാത്തു രക്ഷിക്കുകയായിരുന്നു.ഫ്രാൻസിന്റെ ഗോളിന് സമാനമായ ആംഗിളിൽ നിന്നും ഉറുഗ്വേയ്ക്ക് ഫ്രീകിക്ക ലഭിച്ചെങ്കിലും.ടൊറേറയുടെ കിക്ക് ഉറുഗ്വേ ഡിഫൻഡർ മാർട്ടിൻ കസേറസ് ചാടിയുയർന്ന് ഹെഡ്ഡ് ചെയ്തെങ്കിലും ഗോളി ലോറിസ് പറവയെ്പോലെ വലതുമൂലയിലേക്ക് മുഴുനീളെ ഡൈവ് ചെയ്ത് കൈ കൊണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു.

തോൽവിയറിയാതെയാണ് ഇരുടീമും അവസാന എട്ടിലേക്കു കുതിച്ചത്. ആതിഥേയരായ റഷ്യയുൾപ്പെട്ട ഗ്രൂപ്പ് എയിലെ മൂന്നു മൽസരങ്ങളിലും ജയിച്ച് ജേതാക്കളായാണ് ഉറുഗ്വേയുടെ വരവ്. പ്രീക്വാർട്ടറിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ 2-1ന് ഉറുഗ്വേ മറികടക്കുകയായിരുന്നു.

ഗ്രൂപ്പ് സിയിൽ നിന്ന് ചാംപ്യന്മാരായാണ് ഫ്രാൻസിന്റെ നോക്കൗട്ട് റൗണ്ട് പ്രവേശനം. മൂന്നു മൽസരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ച ഫ്രഞ്ച് പട ഒന്നിൽ സമനിലയും വഴങ്ങി. പ്രീക്വാർട്ടറിലാണ് ഫ്രാൻസ് തങ്ങളുടെ തനിനിറം പുറത്തെടുത്തത്. ഇതിഹാസ താരം ലയണൽ മെസ്സിയുടെ അർജന്റൈൻ ടീമിനെ 4-3ന് മുക്കിയാണ് ഫ്രാൻസ് അവസാന എട്ടിലേക്കു ടിക്കറ്റെടുത്തത്. കളം നിറഞ്ഞു കളിച്ച യുവ സൂപ്പർ താരം കൈലൻ എംബാപ്പെയായിരുന്നു ടീമിന്റെ ഹീറോ.

ഇന്ന് രാത്രി നടക്കുന്ന ബ്രസീൽ ബെൽജിയം ക്വാർട്ടർ ഫൈനലിലെ വിജയികളെ ഫ്രാൻസ് ആദ്യ സെമിയിൽ നേരിടും. ഉറുഗ്വായ് കൂടി പുറത്തായതോടെ ഈ ലോകകപ്പിൽ ഇനി അവശേഷിക്കുന്ന 7ൽ ബ്രസീൽ ഒഴികെ എല്ലാ ടീമുകളും യൂറോപ്പിയൻ രാജ്യങ്ങളാണ് എന്ന സവിശേഷതയും ഉണ്ട്.

 

Read more topics:
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close