News

അമ്മയെ പൊലീസ് പിടികൂടിയപ്പോൾ പിൻവാതിതിലൂടെ ഓടി രക്ഷപ്പെട്ടു; അറസ്റ്റ് തടയാനുള്ള ജാമ്യം നീക്കം പൊളിഞ്ഞതോടെ നെട്ടോട്ടമായി; ഒടുവിൽ ചിറ്റൂരിൽ വച്ച് പൊലീസ് കുടുക്കിയത് ഐപിഎസ് വേഷത്തിൽ എല്ലാവരേയും പറ്റിച്ച വിപൻ കാർത്തിക്കിനെ; അമ്മയും മകനും കൂടി തട്ടിപ്പ് നടത്തിയത് കോടികൾ

വ്യാജ ഐപിഎസ് ഓഫീസറുടെ വേഷത്തിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ വിപിൻ കാർത്തിക് (29) അറസ്റ്റിൽ. പാലക്കാട് തത്തമംഗലത്ത് വെച്ച് ചിറ്റൂർ പൊലീസ് ബുധനാഴ്ച രാത്രിയാണ് ആണ് ഇയാളെ പിടികൂടിയത്. പിന്നീട് ഗുരുവായൂർ പൊലീസിന് പ്രതിയെ കൈമാറി. ഐപിഎസ് ഓഫിസർ ചമഞ്ഞ് സംസ്ഥാനത്ത് ഉടനീളെ തട്ടിപ്പ് നടത്തിയ വിപിൻ കാർത്തിക്കിനെതിരെ 15 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വിപിന്റെ അമ്മ തലശ്ശേരി തിരുവങ്ങാട്ട് കുനിയിൽ മണൽവട്ടം വീട്ടിൽ ശ്യാമളയെ(58) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ വ്യാജ ഇൻഫർമേഷൻ ഓഫീസറായി തട്ടിപ്പുനടത്തിയിരുന്നു. ഇരുവരും ഐപിഎസ്, ഇൻഫർമേഷൻ ഓഫീസർ എന്നീ വ്യാജ മേൽവിലാസം ഉപയോഗിച്ച് ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയത്. അമ്മയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെ അറസ്റ്റ് ചെയ്തപ്പോൾ വിപിൻ പൊലീസിനെ വെട്ടിച്ച് പിൻവാതിലിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. രണ്ടുപേരും വ്യാജ ശമ്പളസർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽനിന്നായി 12 ആഡംബരക്കാറുകൾക്കാണ് വായ്പയെടുത്തത്. ഇത് മൊത്തം രണ്ടുകോടിയോളം രൂപ വരുമെന്നാണ് കരുതുന്നത്.

ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖാ മാനേജരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇവിടെനിന്നുമാത്രം രണ്ടുപേരും രണ്ട് കാറുകൾക്കായി 30 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തിട്ടുള്ളത്. ബാങ്ക് മാനേജർ കൊല്ലം സ്വദേശിയായ സുധാദേവിയിൽനിന്ന് 97 പവൻ സ്വർണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതായും കേസുണ്ട്. നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്ന പ്രതി വിപിൻ കാർത്തിക്കിന്റെ ആവശ്യം തൃശ്ശൂർ ജില്ലാ കോടതി തള്ളിയിരുന്നു. നിരവധി കേസുകളിൽ പ്രതിയായതിനാൽ അറസ്റ്റ് അനിവാര്യമാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. പിന്നാലെയാണ് അറസ്റ്റ്.

Read more topics: # bank cheat, # financial fraud, # ips,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close