News

മാര്‍ത്താണ്ഡവര്‍മ്മ ട്രസ്റ്റ് ഗോശാലയെ കൈവിട്ടത് അമ്പലക്കാശ് കിട്ടാതായപ്പോള്‍.. കുതിരമാളികയ്ക്കടുത്ത് നടതള്ളിയത് ചത്തൊടുങ്ങാന്‍ തന്നെ; 'ശ്രീ പത്മനാഭന്റെ' പേരില്‍ ഗോക്കളെ കാണിച്ച് നടത്തിയ തട്ടിപ്പിന്റെ കഥ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഗോശാലയിൽ ഗോക്കളെ എത്തിച്ചത് നട തള്ളാൻ വേണ്ടി. മാർത്താണ്ഡവർമ്മ ട്രസ്റ്റ് പത്മനാഭ ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കായി സ്ഥാപിച്ച ഗോശാലയിലെ പശുക്കൾ ചത്തൊടുങ്ങും മുൻപ് മാധ്യമ ശ്രദ്ധയിൽ വന്നതുകൊണ്ട് മാത്രമാണ് ഗോശാലയിലെ പശുക്കൾ രക്ഷപ്പെടാൻ അവസരമൊരുങ്ങിയത്.

മാർത്താണ്ഡവർമ്മ ട്രസ്റ്റിന് നേതൃത്വം നൽകിയ സുരേഷ് ഗോപി തൃശൂർ ഏറ്റെടുക്കാൻ പോയപ്പോൾ താൻ നേതൃത്വം നൽകുന്ന ട്രസ്റ്റിന്റെ അവസ്ഥയും ഗോക്കളുടെ കാര്യവും വിസ്മരിച്ചത് കാര്യങ്ങൾ പരിതാപകരമാക്കുകയും ചെയ്തു. മൂന്നു ഗോശാലകളാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ളത്. രണ്ടു ഗോശാലകളും നല്ല രീതിയിൽ നടന്നുപോവുന്നുണ്ട്. ഒന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നേരിട്ട് നടത്തുന്ന ഗോശാലയാണ്. രണ്ടാമത് ആർഎസ്എസ് നടത്തുന്ന ഗോശാലയാണ്. ഇവ രണ്ടും നല്ല രീതിയിൽ നടക്കുന്നുണ്ട്. പക്ഷെ മാർത്താണ്ഡവർമ്മ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഗോശാലയിലെ ഗോക്കളെ ട്രസ്റ്റ് ഭാരവാഹികൾ പാലസ് മ്യൂസിയത്തിൽ നട തള്ളിയതാണ് ഗോക്കളുടെ അവസ്ഥ പരിതാപകരമാക്കാൻ ഇടയാക്കിയത്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പണം എടുത്ത് ഗോശാല നടത്താനുള്ള പദ്ധതി പാളിപ്പോയതാണ് ഗോക്കൾക്ക് ദുരവസ്ഥ വരാൻ കാരണമായത്. ആരും അറിയാത്ത പാലസ് മ്യൂസിയത്തിനു സമീപം ഗോക്കളെ എത്തിച്ചാൽ ആരും അറിയാതെ ഇവ ചത്തൊടുങ്ങും എന്ന് കരുതിയാണ് ട്രസ്റ്റ് ഭാരവാഹികൾ ഗോക്കളെ ഇവിടെ എത്തിച്ചത്. 19 പശുക്കളും 17 കിടാങ്ങളും അടക്കം 36 കാലികളാണ് ഗോശാലയിലുള്ളത്. സുരേഷ് ഗോപിയും മേനകാ സുരേഷും അടക്കമുള്ള ഉന്നതർ നടത്തുന്ന ട്രസ്റ്റിന്റെ ഭാഗമായ ഗോശാലയിലെ ഗോക്കൾക്കാണ് ഈ അവസ്ഥ വന്നതെന്നാണ് ഞെട്ടിക്കുന്ന കാര്യമായി മാറുന്നത്. മൂന്നു ഗോശാലകൾ ആണ് ഇവിടെയുള്ളത്. രണ്ടു ഗോശാലയും നല്ല രീതിയിൽ പോകുമ്പോഴാണ് മാർത്താണ്ഡവർമ്മ ട്രസ്റ്റ് ആരംഭിച്ച ഈ ഗോശാലയ്ക്ക് ഈ കഷ്ടസ്ഥിതി വന്നത്.

ക്ഷേത്ര ഭരണം മാർത്താണ്ഡവർമ്മയുടെ കൈയിലായിരുന്നപ്പോഴാണ് സുരേഷ് ഗോപിയും മേനകയും ഭർത്താവ് സുരേഷ് കുമാറും എല്ലാം ചേർന്ന് ട്രസ്റ്റ് തുറക്കുന്നത്. പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ മാഹാത്മ്യം ചർച്ചയാക്കാനായിരുന്നു ഇത്. അപ്പോഴും ക്ഷേത്ര ഭരണത്തെ കുറിച്ചുള്ള കേസ് നിലവിലുണ്ടായിരുന്നു. സംഘപരിവാറുകാരെ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മാർത്താണ്ഡവർമ്മ ഇതിന് ഇറങ്ങി പുറപ്പെട്ടത്. അങ്ങനെ ഉണ്ടാക്കിയ ട്രസ്റ്റിലെ പശുക്കളുടെ നിത്യ ചെലവുകൾ ക്ഷേത്രത്തിന്റെ ഭാഗമായി നടന്നു. എന്നാൽ സുപ്രീംകോടതി ഇടപെടലുണ്ടായി. ക്ഷേത്രവും മാർത്താണ്ഡവർമ്മ ട്രസറ്റും രണ്ടാണെന്ന് കൊട്ടാരവും നിലപാട് എടുത്തു. ഇതിനിടെ മാർത്താണ്ഡവർമ്മ മരിക്കുകയും ചെയ്തു. ഇതോടെ ക്ഷേത്ര ചെലവിൽ നിന്ന് മാർത്താണ്ഡവർമ്മ ട്രസ്റ്റിലെ പശുക്കൾക്ക് ഫണ്ട് കിട്ടാതെയായി. ഇതോടെയാണ് ദുര്യോഗം തുടങ്ങിയത്.

ട്രസ്റ്റുമായി ആത്മബന്ധമുണ്ടായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ വിടപറഞ്ഞതോടെ ഗോശാല ട്രസ്റ്റിന് കഷ്ടകാലം വരുകയും ചെയ്തു. സ്വന്തം കയ്യിൽ നിന്ന് പണം എടുത്ത് ഗോക്കളെ നോക്കാൻ ആർക്കും താത്പര്യമില്ലാത്ത അവസ്ഥയായി. ഇതോടെ ഗോക്കൾക്ക് തീറ്റയും പരിചരണവും ലഭിക്കാതെയുമായി. ജനങ്ങളുടെ കണ്ണിൽപ്പെടാത്തതിനാൽ ഗോക്കൾക്ക് ആരും ഭക്ഷണവും നൽകാത്ത അവസ്ഥയായി. ട്രസ്റ്റ് ഭാരവാഹികളും ഗോക്കളെ കൈവിടുകയും ചെയ്തു. ഈ അടുത്ത് ഒരു പശുക്കുട്ടിയെ നായകൾ കടിച്ചു കൊന്നിരുന്നു. ഗോശാലയെ കുറിച്ചുള്ള പരാതി ഉയർന്നതോടെയാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവും ഗോശാല സന്ദർശിച്ചിട്ടുണ്ട്. ഗോശാല ഭാരവാഹികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജു വ്യക്തമാക്കി. അടിയന്തര ചികിത്സയും ഭക്ഷണവും ഉറപ്പാക്കും.

ട്രസ്റ്റിന്റെ പ്രവർത്തനത്തെക്കുറിച്ച് പരിശോധിക്കാനും സർക്കാർ തീരുമാനിച്ചിതായി മന്ത്രി പറഞ്ഞു. എന്നാൽ സുരക്ഷാ കാരണം പറഞ്ഞു ഗോശാല പ്രവർത്തനം തടസ്സപ്പെടുത്തുന്നു എന്നാണ് ഗോശാല ട്രസ്റ്റ് പറയുന്നത്. കൊട്ടാരം ട്രസ്റ്റ് തുടക്കത്തിൽ വാടകയില്ലാതെയാണ് ഗോശാലയ്ക്കു സ്ഥലംനൽകിയത്. പിന്നീടുണ്ടായ തർക്കത്തിൽ മേൽക്കൂര നിർമ്മാണം തടസ്സപ്പെട്ടു. മേൽക്കൂര നിർമ്മിക്കാൻ കോടതി ഉത്തരവുണ്ടെങ്കിലും നിർമ്മാണവസ്തുക്കൾ ഉള്ളിലെത്തിക്കാൻ പ്രയാസമുണ്ട്. ട്രസ്റ്റി എസ്.വിജയകൃഷ്ണൻ പ്രതികരിച്ചിട്ടുണ്ട്.

Read more topics: # padmanabha swami temple, # goshala,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close