Kerala

നഗരസഭ ചൂണ്ടിക്കാട്ടിയ പിശകുകള്‍ മാറ്റാന്‍ വേണ്ടി വന്നത് നാല് ദിവസവും 50,000 രൂപയും; ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ സാജനെ വിധിക്ക് വിട്ടു കൊടുക്കേണ്ടി വരുമായിരുന്നോ ശ്യാമളേ

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരിക്കാന്‍ നഗരസഭ ചൂണ്ടിക്കാട്ടിയത് തുക്കടാ ന്യായങ്ങള്‍ ആണെന്ന് വ്യക്തമാകുന്നു. സിപിഎം രാഷ്ട്രീയത്തിലെ വിഭാഗീയതയുടെ ഇരയായിരുന്നു സാജനെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് പുറത്തുവരുന്ന വിവരങ്ങലും സൂചിപ്പിക്കുന്നത്. 15 കോടി രൂപ മുടക്കി നിര്‍മ്മിച്ച കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരിക്കാന്‍ ഒടുവില്‍ നഗരസഭ ചൂണ്ടിക്കാട്ടിയത് 5 പോരായ്മകള്‍ മാത്രമായിരുന്നു. ഇതാകട്ടെ വലിയ കാര്യമുള്ളതും ആയിരുന്നില്ല. എന്നിട്ടും പ്രവാസി സംരംഭകന്റെ ഫയല്‍ വെച്ചുനീട്ടുന്ന നടപടിയാണ് ഉണ്ടായിരുന്നത്. ഈ പ്രശ്നങ്ങളെല്ലാം പരിഗണിച്ച് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാന്‍ വേണ്ടി ചിലവു വന്നതാകട്ടെ വെറും 50,000 രൂപയും.

നഗരസഭാ അധികാരികള്‍ ചൂണ്ടിക്കാട്ടിയത് പോരാായ്മകളില്‍ നാലെണ്ണവും പരിഹരിച്ചു. ഇതോടെയാണ് കണ്‍വന്‍ഷന്‍ സെന്ററിനു നഗരസഭയുടെ അന്തിമാനുമതി നല്‍കിയത്. ഇക്കാര്യം ആദ്യം പറഞ്ഞിരുന്നെങ്കില്‍ ഒരു ജീവന്‍ നഷ്ടമാകുമായിരുന്നോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഈ പോരായ്മകള്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ സാജന്‍ ജീവനൊടുക്കേണ്ടി വരുമായിരുന്നില്ലല്ലോ എന്നു വിലപിക്കുകയാണു കുടുംബം. കണ്‍വന്‍ഷന്‍ സെന്ററിനു പുറത്തെ ജലസംഭരണി മാറ്റിപ്പണിയാന്‍ 6 മാസം അനുവദിച്ചുകൊണ്ടാണു നഗരസഭാ സെക്രട്ടറി കെട്ടിടത്തിനു ലൈസന്‍സ് നല്‍കിയത്.

പുരുഷന്മാരുടെ ശുചിമുറിയില്‍ ഏതാനും ക്ലോസെറ്റും ഒരു വാഷ് ബെയ്സിനും കുറവ്, ബാല്‍ക്കണിയില്‍ കസേരയില്‍നിന്നു കൈവരിയിലേക്കുള്ള ദൂരം 50 സെന്റിമീറ്റര്‍ കൂടുതല്‍, പ്രധാന വാതിലിനു മുന്‍പിലെ റാംപിന്റെ ചരിവ് 5 സെന്റിമീറ്റര്‍ കുറവ്, തുറസ്സായ സ്ഥലത്തു ജലസംഭരണിയുടെ സാന്നിധ്യം എന്നിവയാണു സാജന്റെ മരണശേഷം ചീഫ് ടൗണ്‍ പ്ലാനറുടെ സംഘം കണ്ടെത്തിയ പോരായ്മകള്‍. ഇവ പരിഹരിക്കാന്‍ ആകെ ചെലവായതു നാലു ദിവസത്തെ അധ്വാനവും അരലക്ഷത്തോളം രൂപയും മാത്രമാണെന്നു പാര്‍ഥാ ബില്‍ഡേഴ്സ് മാനേജര്‍ സജീവന്‍ പറഞ്ഞു.

സാജന്‍ ജീവിച്ചിരിക്കേ രണ്ടു വട്ടം പ്ലാന്‍ സമര്‍പ്പിച്ചിട്ടും ഇതാണു പോരായ്മകളെന്നു നഗരസഭ ചൂണ്ടിക്കാട്ടിയിരുന്നില്ല. യഥാര്‍ഥ പ്രശ്നമെന്തെന്നു പറയാതെ സാജനെ നടത്തിക്കുകയായിരുന്നു. സാജന്റെ ആത്മഹത്യയില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മനസാ വാചാ ചിന്തിക്കാത്തവയാണെന്ന് നഗരസഭാധ്യക്ഷ പി.കെ.ശ്യാമള പ്രതികരിച്ചു. അ്തേസമയം പോരായ്മകള്‍ എന്തെന്ന് കൃത്യമായി ഒരു ഘട്ടത്തിലും പറഞ്ഞിരുന്നില്ല. ഇതാണെന്നു നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ അന്നു തന്നെ പരിഹരിക്കുമായിരുന്നുവെന്ന് സാജന്റെ ഭാര്യ ബീനയും ചൂണ്ടിക്കാട്ടുന്നു.

സാജന്‍ പാറയിലിന്റെ ഉടമസ്ഥതയിലുള്ള പാര്‍ഥാ കണ്‍വന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നല്‍കുന്നതിനു നടപടിയെടുക്കാനാണ് തദ്ദേശ സ്വയംഭരണ അഡീഷനല്‍ സെക്രട്ടറി ടികെ ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. നിര്‍മ്മാണത്തില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിച്ചെന്ന് ഉറപ്പു വരുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയത് പ്രകാര നടത്തി. കണ്‍വന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണത്തില്‍ അഞ്ച് ചട്ടലംഘനങ്ങള്‍ ഉള്ളതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇവ പരിഹരിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ഉത്തരവിലെ നിര്‍ദ്ദേശം. ഇതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി.

സ്വന്തം സമ്പാദ്യം മുഴുവന്‍ ചെലവാക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്നുള്ള മനോവിഷമത്തിലാണ് സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. നഗരസഭ മനഃപൂര്‍വം സാജന്റെ സ്ഥാപനത്തിന് അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് ആക്ഷേപം. സാജന്റെ ആത്മഹത്യ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത കേസില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയും സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം,വി ഗോവിന്ദന്റെ ഭാര്യയുമായ പികെ ശ്യാമളയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. പാര്‍ത്ഥാസ കണ്‍വന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട കെട്ടിടാനുമതി രേഖകളും അന്വേഷണ സംഘം പരിശോധിച്ചു.

ആന്തൂര്‍ നഗരസഭാ പരിധിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തന അനുമതി നല്‍കുന്നതിലെ കാലതാമസത്തില്‍ മനം നൊന്ത് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ കുടുംബാംഗങ്ങള്‍ ആരോപണമുന്നയിച്ചിരുന്നു. കണ്‍വന്‍ഷന്‍ സെന്ററിന് താന്‍ നഗരസഭാ ചെയര്‍പേ്‌സണായി ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കുന്നില്ലെന്നു ശ്യാമള സാജനോ് പറഞ്ഞിരുന്നതായി സാജന്റെ ഭാര്യ ബീനയും കുടുംബാംഗങ്ങളുമാണ് ആരോപണമുന്നയിച്ചത്.

എന്നാല്‍ സാജന്‍ ആതമഹത്യ ചെയ്്ത സംഭവത്തില്‍ ശ്യാമളയക്ക് പങ്കില്ലെന്നായിരുന്നു സി. പി. എം നിലപാട്. കൊറ്റാളിയിലെ വീട്ടില്‍ നിന്നും ലഭിച്ച സാജന്റെ ഡയറിയില്‍ ശ്യാമളയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ഇതിനു തെളിവായി സി.പി. എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സാജന്‍ ആത്മഹത്യ ചെയത സംഭവത്തില്‍ ശ്യാമളയെ ചോദ്യം ചെയ്യാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച കഴിഞ്ഞ കുറേ ദിവസങ്ങളായി യുഡിഎഫും ബിജെപിയും സമരത്തിലാണ്.

ഇതിനെ തുടര്‍ന്നാണ് ആന്തൂര്‍ നഗരസഭ കാര്യാലയത്തിലെ ഓഫീസിലെത്തിഅന്വേഷണ സംഘം മൊഴിയെടുത്തത്.രാവിലെ പത്തുമുതല്‍ മണിക്കൂറുകളോളം നടന്ന മൊഴിയെടുക്കലുമായി പി.കെ ശ്യാമളയും നഗരസഭാ ഉദ്യോഗസ്ഥരും സഹകരിച്ചുവെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. കണ്‍വന്‍ഷന്‍ സെന്ററിന്റെ കെട്ടിടനിര്‍മ്മാണ അനുമതിയുമായി ബന്ധപ്പെട്ട് സകലരേഖകളും അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്.

ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് കേസിലെ പ്രധാനപ്പെട്ട ആരോപണം. കുടുംബത്തിന്റെ മൊഴിയിലും സാജന്റെ കുടുംബം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും എല്ലാം പികെ ശ്യാമളയ്‌ക്കെതിരെ ആരോപണമുണ്ട്. ഏതായാലും കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ടാണ് നഗരസഭ അധ്യക്ഷയുടെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായത്. കഴിഞ്ഞ ദിവസം ശ്യാമളയെ വിളിച്ച് നഗരസഭാ കാര്യാലയത്തില്‍ എത്തണമെന്ന് നിര്‍ദ്ദേശിച്ചാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close