News

പാലാരിവട്ടം പാലം പൊളിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തിരിച്ചടി; പാലം പൊളിക്കുന്നതിന് മുന്‍പ് ഭാരപരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം

വിവാദത്തിലായ പാലാരിവട്ടം പാലം പൊളിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭാരപരിശോധന മൂന്നു മാസത്തിനകം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന് ഇഷ്ടമുള്ള കമ്പനിയെക്കൊണ്ട് ഭാരപരിശോധന നടത്താമെന്നും കോടതി വ്യക്തമാക്കി. പരിശോധനയുടെ ചെലവ് പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന്, പാലം പരിശോധിച്ച ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലം പൊളിക്കാനും, പാലം പുനര്‍ നിര്‍മ്മിക്കാന്‍ ഇ ശ്രീധരനെ ചുമതലപ്പെടുത്തിക്കൊണ്ടും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയായ ആര്‍.ഡി.എസ് പ്രൊജക്ടും സ്ട്രക്ചറല്‍ എഞ്ചിനിയേഴ്‌സും ഹൈക്കോടതിയെ സമീപിച്ചത്.

ലോകത്തെ എവിടെയും ഭാരപരിശോധന പോലും നടത്താതെ പാലം പൊളിച്ച ചരിത്രമില്ലെന്നും, ഇനിയും 20 വര്‍ഷം കൂടി കൂടി ഈ പാലം ഉപയോഗയോഗ്യമാണെന്നും കമ്പനി വാദിച്ചു. കമ്പനിയുടെ വാദം പരിഗണിച്ച ഹൈക്കോടതി, പാലത്തിന്റെ ഭാരപരിശോധന നടത്താന്‍ ഉത്തരവിട്ടു. ലോഡ് ടെസ്റ്റ് നടത്തുമ്പോഴുള്ള അപകടത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. ഈ ഘട്ടത്തില്‍ പാലം പൊളിക്കുകയല്ലാതെ മറ്റ് വഴിയില്ല. അതിനാല്‍ ലോഡ് ടെസ്റ്റ് ഇല്ലാതെ പാലം പൊളിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്.

പാലം പൂര്‍ണമായും പൊളിക്കേണ്ടതില്ലെന്ന തീരുമാനം വാദം നിലനില്‍ക്കെ തന്നെയാണ് ഈ വിഷയത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പാലവുമായി ബന്ധപ്പെട്ട് ഒന്നിലേറെ കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. പാലം പൊളിക്കുന്നതിനു മുന്‍പു ഭാരപരിശോധന (ലോഡ് ടെസ്റ്റ്) നടത്താന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സ്ട്രക്ചറല്‍ എന്‍ജിനീയര്‍മാരുടെ സംഘടനയും പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്പനിയും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചത്.

ലോഡ് ടെസ്റ്റ് നടത്തി പാലത്തിന്റെ ബലം പരിശോധിക്കണമെന്നും ചെലവു വഹിക്കാന്‍ നിര്‍മ്മാണ കമ്പനിയോടു നിര്‍ദ്ദേശിക്കണമെന്നുമാണ് എന്‍ജിനീയര്‍മാരുടെ സംഘടനയുടെ ആവശ്യപ്പെട്ടിരുന്നത്.. എന്നാല്‍, ലോഡ് ടെസ്റ്റ് നടത്തുന്നതു സുരക്ഷിതമല്ലെന്നും വിദഗ്ധ റിപ്പോര്‍ട്ടുകളും പൊതു താല്‍പര്യവും മാനിച്ചാണു ഡിഎംആര്‍സിയെ കൊണ്ടു പാലം പുനരുദ്ധരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു. അറ്റകുറ്റപ്പണി ആരംഭിച്ചാല്‍ 9 മാസം കൊണ്ടു പാലം ഗതാഗതം യോഗ്യമാക്കാന്‍ സാധിക്കുമെന്ന് ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു. പാലത്തിന്റെ പിയര്‍ ക്യാപുകള്‍ ശക്തിപ്പെടുത്തുകയും 102 ഗര്‍ഡറുകള്‍ മാറ്റി സ്ഥാപിക്കുകയും വേണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2016ല്‍ ആണ് പാലം നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിലെ വീഴ്ചകള്‍ ആദ്യമേ ശ്രദ്ധയില്‍ പെട്ടെങ്കിലും വിദഗ്ധ പഠനത്തിന്റെ പേരില്‍ 2 വര്‍ഷം പാഴാക്കി. സര്‍ക്കാര്‍ നിയോഗിച്ച വിവിധ ഏജന്‍സികള്‍ നിര്‍മ്മാണ പോരായ്മകള്‍ കണ്ടെത്തിയതോടെ കഴിഞ്ഞ മെയ് 1ന് ആണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. മദ്രാസ് ഐഐടി നിര്‍ദ്ദേശിച്ച ആദ്യഘട്ട അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പാലം പുനര്‍നിര്‍മ്മിക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. അറ്റകുറ്റപ്പണി നടത്തിയാല്‍ പാലത്തിന്റെ ആയുസ്സ് 20 വര്‍ഷവും പുനര്‍നിര്‍മ്മാണം നടത്തിയാല്‍ 100 വര്‍ഷവും ആകുമെന്നാണു വിദഗ്ധ സമിതി കണ്ടെത്തിയത്.

കോടതിയില്‍ കേസിരിക്കുമ്പോള്‍ തന്നെ പണിതുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഡിഎംആര്‍സിയുടെ ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യത്തോടെയാണ് ഡിഎംആര്‍സി കരാര്‍ ഊരാളുങ്കലിന് ഏല്‍പ്പിച്ചിരിക്കുന്നത്. പൊലീസിന്റെ ഡാറ്റാബേസില്‍ പ്രവേശിക്കാന്‍ ഊരാളുങ്കലിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിയസഭയില്‍ കത്തിനില്‍ക്കുന്നതിനിടെയാണ്, പാലാരിവട്ടം പാലത്തിന്റെ അറ്റകുറ്റപണികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close