News

രാജിവയ്ക്കില്ലെന്ന് കുമാരസ്വാമി; മുംബൈയിലുള്ള എംഎല്‍എമാരും ബംഗ്ലൂരുവിലേയ്ക്ക്; വീണ്ടും ഡികെ മാജിക്ക്?

കര്‍ണ്ണാടകയില്‍ രാഷട്രീയ നാടകം തുടരുന്നു.. ഒരു കാരണവശാലും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് എച്ച് ഡി കുമാരസ്വാമി.. താന്‍ രാജിവയ്‌ക്കേണ്ട അടിയന്തര സാഹചര്യം ഇപ്പോഴില്ലായെന്നാണ് കുമാരസ്വാമി പറയുന്നത്. മുംബൈയില്‍ തുടരുന്ന 9 എംഎല്‍എമാര്‍ ഉടന്‍ ബംഗളൂരുവിലേയ്ക്ക് തിരിക്കുമെന്നാണ് അറിയുന്നത്. ഇവര്‍ ഉച്ചയ്ക്കുള്ള വിമാനത്തില്‍ ടിക്കറ്ര് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് ലഭ്യമായി വിവരം.

ഇന്ന് രാവിലെ മന്ത്രിസഭാ യോഗം ചേർന്ന ശേഷം മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കുമെന്ന വിവരമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ, രാജി തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകാനാണ് സഖ്യസർക്കാറിലെ മുഖ്യമന്ത്രിയുടെ നീക്കം. കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡി കെ ശിവകുമാറിന്റെ രാഷ്ട്രീയ കരുനീക്കങ്ങളിൽ പ്രതീക്ഷ അർപ്പിച്ചാണ് നേതാക്കൾ രാജി തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകുന്നത്.

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ലെന്ന് എച്ച്.ഡി കുമാരസ്വാമിയോട് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ പറഞ്ഞു. കുമാരസ്വാമിയുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് ശിവകുമാർ ഈ ആവശ്യം ഉന്നയിച്ചത്. ചർച്ചയിൽ എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ, ഉപമുഖ്യ ജി പരമേശ്വര, കെപിസിസി അദ്ധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു എന്നിവരും പങ്കെടുത്തു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് കുമാരസ്വാമിയും വ്യക്തമാക്കി.സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ല എന്ന് ഡികെ ശിവകുമാറും പ്രതികരിച്ചു. കോൺഗ്രസ് അംഗങ്ങൾ സ്പീക്കറെ കാണാനും തീരുമാനിച്ചു. അതേസമയം ഭരണപക്ഷ എം എൽ എമാരുടെ കൂട്ടരാജിയെ തുടർന്ന് രൂപപ്പെട്ട രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ്- ജെ ഡി എസ് ക്യാമ്പിൽ തിരക്കിട്ട ശ്രമങ്ങൾ നടക്കുകയാണ്.

അതിനിടെ കർണാടകയിൽ കൂറുമാറിയ കോൺഗ്രസ് എംഎ‍ൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതിയും നിർദ്ദേശം നൽകി. വൈകീട്ട് ആറു മണിക്കകം തീരുമാനമെടുക്കാൻ കോടതി സ്പീക്കർക്ക് സമയം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂറുമാറിയ എംഎ‍ൽഎമാർക്ക് സ്പീക്കറെ കാണാം. എംഎ‍ൽഎമാർക്ക് മതിയായ സുരക്ഷ ഒരുക്കാൻ കർണാടക ഡി.ജി.പിക്കും സുപ്രീംകോടതി നിർദ്ദേശം നൽകി.

അതേസമയം, ഹരജിയിൽ ഉത്തരവല്ല സുപ്രീംകോടതി പുറപ്പെടുവിച്ചത്. അഭ്യർത്ഥന രീതിയിലാണ് കോടതി നിർദ്ദേശം വെച്ചത്. നാളെ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. സ്പീക്കർ രാജി സ്വീകരിക്കാത്ത 10 കോൺഗ്രസ് എംഎ‍ൽഎമാരുടെ ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അനുനയിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ തള്ളിയാണ് മുംബൈയിലേക്ക് കടന്ന കർണാടക എംഎ‍ൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്.

തങ്ങളുടെ രാജി സ്വീകരിക്കാതെ കർണാടക സ്പീക്കർ ഭരണഘടനപരമായ ബാധ്യത പരിത്യജിച്ചുവെന്ന് വിമതർ ഹരജിയിൽ ബോധിപ്പിച്ചു. തങ്ങളോട് നേരിൽവന്ന് രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത് 12നാണെന്നും അന്നേദിവസം നിയമസഭ സമ്മേളനം തുടങ്ങുകയാണെന്നും വിമതർ ചൂണ്ടിക്കാട്ടി. മുൻകൂട്ടി ഇവരെ അയോഗ്യരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്പീക്കറുടെ നടപടിയെന്ന് അവർ ആരോപിച്ചു. രാജിവെച്ചവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർക്ക് പരാതി നൽകിയത് നിയമവിരുദ്ധമാണെന്നും ഹരജിക്കാർ ആരോപിക്കുന്നു.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close