News

'ടെസ്റ്റില്‍ സിദ്ധു ഒന്‍പതു സെഞ്ചുറികള്‍ നേടിയിട്ടുണ്ടെങ്കിലും അതിലൊന്നു പോലും പാക്കിസ്ഥാന് എതിരെയല്ല; അദ്ദേഹത്തിന് പാക്കിസ്ഥാനോട്, പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടുള്ള ഇഷ്ടത്തിന്റെ തെളിവാണിത്'; കര്‍താര്‍പൂര്‍ ഇടനാഴി കടന്ന് പാക്കിസ്ഥാനിലെത്തിയ സിദ്ധുവിന് ലഭിച്ച സ്വീകരത്തില്‍ പാക്ക് സെനറ്റ് അംഗത്തിന്റെ വാക്കുകള്‍ ഇങ്ങനെ; 'അവര്‍ തടഞ്ഞിരുന്നെങ്കില്‍ അദ്ദേഹം ഒരു ഹീറോ ആയേനെ'; സിദ്ധുവിനെക്കുറിച്ച് ഇമ്രാന്‍ ഖാനും പാക് മന്ത്രിയും നടത്തിയ സംഭാഷണവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധുവും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും തമ്മിലുള്ള സൗഹൃദം അറിയാത്തവരായി അധികമാരും ഇല്ല. ഈ സുഹൃദ്ബന്ധത്തിന്റെ പേരിലാണ് ക്യാപ്ടര്‍ അമരേന്ദര്‍ സിങ് അടക്കമുള്ളവരുമായി സിദ്ധുവിന് പിണങ്ങേണ്ടി വന്നത്. എങ്കിലും ഇമ്രാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ പ്രധാനിയായി അദ്ദേഹം നിലകൊള്ളുന്നു. കര്‍താര്‍പൂര്‍ ഇടനാഴി കടന്ന് പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസം സിദ്ധു എത്തിയപ്പോഴും സ്നേഹം നിറഞ്ഞ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പാക്കിസ്ഥാന്‍ നല്‍കിയ ഈ രസകരമായ സ്വീകരണം കൗതുകകരമായിരുന്നു.

കര്‍താര്‍പൂര്‍ ഇടനാഴി കടന്ന് പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ സംഘത്തെ സ്വീകരിക്കുന്നതിനിടെ സിന്ധുവിനെ വേദിയിലേക്കു ക്ഷണിച്ച പാക്ക് സെനറ്റ് അംഗം ഫൈസല്‍ ജാവേദ് ഖാന്റെ പരാമര്‍ശമാണ് കൈയടി നേടിക്കൊടുത്തത്. മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമാണ് ആദ്യ തീര്‍ത്ഥാടക സംഘത്തില്‍ അംഗമായി സിദ്ധുവും പാക്കിസ്ഥാനിലെത്തിയത്.

'ടെസ്റ്റ് കരിയറില്‍ സിദ്ധു ഒന്‍പതു സെഞ്ചുറികള്‍ നേടിയിട്ടുണ്ടെങ്കിലും അതിലൊന്നു പോലും പാക്കിസ്ഥാനെതിരെയല്ല. അദ്ദേഹത്തിന് പാക്കിസ്ഥാനോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടുള്ള ഇഷ്ടത്തിന്റെ തെളിവാണിത്' എന്നു ചൂണ്ടിക്കാട്ടിയാണ് ഫൈസല്‍ ജാവേദ് ഖാന്‍ താരത്തെ വേദിയിലേക്കു ക്ഷണിച്ചത്. ജനക്കൂട്ടം ആവേശത്തോടെയാണ് ഖാന്റെ നര്‍മം കലര്‍ന്ന സ്വാഗതവാചകങ്ങളെ എതിരേറ്റത്. സിദ്ധുവിനെയാകട്ടെ വേദിയിലേക്കു സ്വീകരിച്ച ഇമ്രാന്‍ ഖാന്‍ വേദിയില്‍വച്ച് അദ്ദേഹത്തെ ആലിംഗനം ചെയ്തപ്പോഴും ജനം ഇളകിമറിഞ്ഞു. 'ഒരു ആലിംഗനത്തിന് ഇത് ചെയ്യാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ കൂടുതല്‍ ആലിംഗനം ചെയ്യേണ്ടിയിരിക്കുന്നു' എന്നായിരുന്നു ഇതേക്കുറിച്ച് സിദ്ധുവിന്റെ പ്രതികരണം.

ഒന്നര ദശാബ്ദത്തിലധികം നീണ്ടുനിന്ന രാജ്യാന്തര കരിയറില്‍ 51 ടെസ്റ്റുകളാണ് സിദ്ധു കളിച്ചിട്ടുള്ളത്. ഒന്‍പതു സെഞ്ചുറികളും 15 അര്‍ധസെഞ്ചുറികളും സഹിതം 42.13 റണ്‍സ് ശരാശരിയില്‍ 3202 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടാന്‍ സിദ്ധുവിന് സാധിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഖാന്റെ സ്വാഗത പ്രസംഗം. 198990 കാലഘട്ടത്തില്‍ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സിദ്ധു. അന്ന് ഏഴ് ഇന്നിങ്സുകള്‍ കളിച്ചെങ്കിലും ഒരിക്കല്‍പ്പോലും സെഞ്ചുറി നേടാന്‍ സിദ്ധുവിന് കഴിഞ്ഞില്ല. നാലാം ടെസ്റ്റില്‍ 97 റണ്‍സെടുത്തെങ്കിലും അപ്പോഴും മൂന്നു റണ്‍സിന് സെഞ്ചുറി നഷ്ടമായി. അതേസമയം, 136 ഏകദിനങ്ങളില്‍നിന്ന് ആറു സെഞ്ചുറിയും 33 അര്‍ധസെഞ്ചുറിയും സഹിതം 4413 റണ്‍സ് നേടിയിട്ടുള്ള സിദ്ധു, കന്നി സെഞ്ചുറി നേടിയത് പാക്കിസ്ഥാനെതിരെയാണ്.

ഇടനാഴിയുടെ ഇന്ത്യന്‍ ഭാഗത്തെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് അതുവഴി സിദ്ധു ഉള്‍പ്പെടെയുള്ള 500 പേരടങ്ങുന്ന സംഘം പാക്കിസ്ഥാനിലെത്തിയത്. സിദ്ധുവിനു പുറമെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കു പുറമെ പഞ്ചാബിലെ 117 എംഎല്‍എമാരും ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ ദേര ബാബ നാനാക്കില്‍നിന്ന് പാക്കിസ്ഥാനിലെ കര്‍താര്‍പുരിലേക്കുള്ള ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്കാണ് നാലര കിലോമീറ്റര്‍ വരുന്ന ഇടനാഴി.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close