India

പാമോയില്‍ ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തി മുട്ടന്‍ പണിയുമായി ഇന്ത്യ രംഗത്തിറങ്ങിയപ്പോള്‍ മലേഷ്യ നിലപാട് തണുപ്പിക്കുന്നു; അവസരം മുതലെടുക്കാന്‍ മലേഷ്യയിലെത്തിയ ഉറ്റ സുഹൃത്ത് ഇമ്രാന്‍ ഖാന് നിരാശ മാത്രം ബാക്കി

ക്വാലാലംപുര്‍: ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരേ രംഗത്തുവന്ന ആദ്യ വിദേശരാജ്യങ്ങളിലൊന്നായിരുന്നു മലേഷ്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ മലേഷ്യ നടതത്തിയ ഇടപെടലിനോട് ശക്തമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത്. മലേഷ്യയില്‍നിന്നുള്ള പാമോയില്‍ ഇറക്കുമതി നിര്‍ത്തി. പാമോയില്‍ ഇറക്കുമതികൊണ്ട് പിടിച്ചുനില്‍ക്കുന്ന മലേഷ്യക്ക് താങ്ങാവുന്നതിലധികം വലിയ പ്രഹരമായിരുന്നു അത്. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തോട് ഏറ്റുമുട്ടാനുള്ള ശേഷിയില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മതിന് തുറന്നുപറയേണ്ടി വന്നു.

ഇന്ത്യയുടെ ശത്രുപക്ഷത്തായ മലേഷ്യയെ പാട്ടിലാക്കാമെന്ന പ്രതീക്ഷയോടെയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കോലാലംപുരിലെത്തിയത്. എന്നാല്‍, ഇമ്രാനുമായിച്ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയില്‍ കശ്മീര്‍ വിഷയമോ പൗരത്വ നിയമഭേദഗതിയോ പരാമര്‍ശിക്കാന്‍ മഹാതിര്‍ തയ്യാറായില്ല. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതിരിക്കാനും ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കാനും ഈ രാജ്യങ്ങള്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.

അതിന്റെ തുടര്‍ച്ചയാണ് മഹാതിറിന്റെ നിലപാടുമാറ്റമെന്നാണ് കരുതുന്നത്. സംയുക്ത പ്രസ്താവനയില്‍ കശ്മീര്‍ പ്രശ്നത്തിന്മേല്‍ മലേഷ്യയുടേതായി ഒരുവരി പോലും ചേര്‍ത്തിട്ടില്ല. '2019 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യന്‍ സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നടത്തിയ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടികളെക്കുറിച്ച് ചര്‍ച്ചയില്‍ പ്രധാനമന്ത്രിയോട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു' എന്നാണ് ഇതുസംബന്ധിച്ച് സംയുക്തപ്രസ്താവനയിലുള്ള പരാമര്‍ശം.

കശ്മീര്‍ പ്രശ്നത്തിലും പൗരത്വ നിയമ ഭേദഗതിയിലും എതിര്‍നിലപാടെടുത്ത മഹാതിറിന്റെ നിലപാടുമാറ്റമാണ് സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കാതിരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യ പാമോയില്‍ ഇറക്കുമതി നിര്‍ത്തലാക്കിയപ്പോള്‍ തിരിച്ചടിക്കാനില്ലെന്നാണ് മഹാതിര്‍ പറഞ്ഞത്. മാത്രമല്ല, ഇന്ത്യയില്‍നിന്നുള്ള പഞ്ചസാര ഇറക്കുമതി മലേഷ്യ കൂട്ടുകയും ചെയ്തു. എന്നിട്ടും ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നുകണ്ടാണ് പാക് പ്രധാനമന്ത്രിയുമൊന്നിച്ചുള്ള പ്രസ്താവനയിലും മലേഷ്യ അയഞ്ഞ നിലപാടെടുത്തത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് മലേഷ്യയുമായി ഇന്ത്യ ഇടഞ്ഞുതുടങ്ങിയത്. ഇന്ത്യ കാശ്മീര്‍ കൈയടക്കിവെച്ചിരിക്കുകയാണെന്ന് യു.എന്‍. ജനറല്‍ അസംബ്ലിയില്‍ മഹാതിര്‍ പറഞ്ഞതുമുതല്‍ക്കാണിത്. ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചെങ്കിലും മഹാതിര്‍ നിലപാട് മാറ്റാന്‍ തയ്യറായില്ല. ഇതോടെയാണ് പാമോയില്‍ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞത്. പൗരത്വ വിഷയത്തിലും മഹാതിര്‍ എര്‍പ്പറിയിച്ചതോടെ, പാമോയില്‍ ഇറക്കുമതി ഇന്ത്യ നിര്‍്ത്തി. അത് മലേഷ്യക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനവുമായി.

ഇന്ത്യ വെട്ടിക്കുറച്ചതിലൂടെയുണ്ടായ നഷ്ടം നികത്താന്‍ കൂടുതല്‍ പാമോയില്‍ പാക്കിസ്ഥാന്‍ വാങ്ങാമെന്ന നിര്‍ദ്ദേശം ഇമ്രാന്‍ ഖാന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ഇത് ഫലവത്താകില്ലെന്ന് കണക്കുകള്‍ പറയുന്നു. 2019-ല്‍ ഇന്ത്യ മലേഷ്യയില്‍നിന്ന് 44 ടണ്‍ പാമോയിലാണ് ഇറക്കുമതി ചെയ്തത്. പാക്കിസ്ഥാന്‍ പത്തുലക്ഷം ടണ്ണും. പാക്കിസ്ഥാന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുന്നത് രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്ന് മഹാതിര്‍ തിരിച്ചറിഞ്ഞുവെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

 

Read more topics: # india, # pakistan, # palmoil,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close