India

അതിര്‍ത്തി പ്രശ്നം അതിര്‍ത്തി കടക്കുന്നു; ഇന്ത്യയുടെ പുതിയ ഭൂപടത്തിനെതിരെ ചൈനയ്ക്ക് പിന്നാലെ ഉടക്കുമായി നേപ്പാളും

ഇന്ത്യയുടെ നല്ല അയല്‍ക്കാരാണ് നേപ്പാള്‍. പാക്കിസ്ഥാനും ചൈനയും ഇന്ത്യയെ വെല്ലുവിളിക്കാന്‍ മുമ്പില്‍ വരുമ്പോഴും ചേര്‍ന്ന് നിന്ന സുഹൃത്ത്. ഇപ്പോഴിയാ ഈ സുഹൃത്തും ഇന്ത്യയുടെ പുതിയ ഭൂപടത്തിനെ തള്ളി പറയുന്നു. എന്നാല്‍ പുതിയ ഭൂപടത്തിനെതിരായ നേപ്പാളിന്റെ ആരോപണം ശരിയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളിനെ ഇന്ത്യയോടൊപ്പം ചേര്‍ത്ത് നിര്‍ത്തിയാണ് ഇന്ത്യയുടെ പ്രതികരണം. നേരത്തെ ചൈനയും ഇന്ത്യയുടെ ഭൂപടത്തെ വിമര്‍ശിച്ചിരുന്നു.

ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടത്തിനെതിരെയാണ് കഴിഞ്ഞ ദിവസം നേപ്പാള്‍ രംഗത്തെത്തിയത്. ഭൂപടത്തില്‍ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയില്‍ കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം നേപ്പാള്‍ അധീനതയില്‍ ഉള്ളതെന്നാണ് അവരുടെ അവകാശവാദം. നേപ്പാളിലെ ഡര്‍ച്ചുല ജില്ലയിലെ പ്രദേശമാണ് കാലാപാനിയെന്ന് അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇന്ത്യ പുറത്തിറക്കിയ ഭൂപടം രാജ്യത്തിന്റെ പരമാധികാരത്തിലുള്ള പ്രദേശങ്ങളെ കൃത്യമായി ചിത്രീകരിക്കുന്നതാണെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വിശദീകരിച്ചു. പുതിയ ഭൂപടത്തില്‍ നേപ്പാളുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി പരിഷ്‌കരിച്ചിട്ടില്ല. ഇന്ത്യയുടെ ഉറ്റ സുഹൃത്തായ നേപ്പാളുമായി നയതന്ത്ര ബന്ധത്തില്‍ ഊന്നി പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു. ആരേയും പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയുമില്ല.

ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരസ്പര ധാരണയിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നായിരുന്നു ബുധനാഴ്ച നേപ്പാള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന. ഏകപക്ഷീയമായ ഏത് നീക്കവും നേപ്പാള്‍ സര്‍ക്കാരിന് സ്വീകാര്യമല്ലെന്നും അവര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇരു രാജ്യങ്ങളുടെയും വിദേശ സെക്രട്ടറിമാരെ നിയോഗിച്ചു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close