Sports
ഡെത്ത് ഓവറുകളിൽ ആത്മവിശ്വാസത്തോടെ ഉള്ള ഇംഗ്ലണ്ടിന്റെ റൺചേസ്; അവസാന ഓവറിൽ ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ആർച്ചറുടെ സിക്സും ഫോറും; ഒടുവിൽ അവസാന ചിരി കോഹ്ലിയുടെയും കൂട്ടൂകാരുടെയും തന്നെ; എട്ട് വിക്കറ്റിന് ജയിച്ച് ട്വന്റി-ട്വന്റി പരമ്പര സമനിലയിലാക്കി
അവസാന ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ വിറപ്പിച്ചെങ്കിലും 4-ാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 8 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ടെങ്കിലും ജയം പിടിച്ചെടുത്ത ഇന്ത്യ പരമ്പര 2-2 സമനിലയിലാക്കി. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 8ന് 185, ഇംഗ്ലണ്ട് 20 ഓവറില്‍ 8ന് 177. അവസാന മത്സരം നാളെ ഇതേ വേദിയില്‍.
ബെന്‍ സ്റ്റോക്സിന്റെ (23 പന്തുകളില്‍ 46) മിന്നലടിയില്‍ ജയത്തിലേക്കു നീങ്ങുകയായിരുന്ന ഇംഗ്ലണ്ടിനു ബ്രേക്കിട്ടത് 17-ാം ഓവറില്‍ ഷാര്‍ദൂല്‍ ഠാക്കൂറാണ്. ആദ്യ പന്തില്‍ സ്റ്റോക്സിനെയും 2-ാം പന്തില്‍ ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനെയും (4) പുറത്താക്കി ഷാര്‍ദൂല്‍ ഇന്ത്യയ്ക്കു ബ്രേക്ക് ത്രൂ നല്കി. ഓപ്പണര്‍ ജേസന്‍ റോയി (27 പന്തുകളില്‍ 40) മികച്ച തുടക്കമാണ് ഇംഗ്ലണ്ടിനു നല്‍കിയത്. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യയും ഷാര്‍ദൂല്‍ ഠാക്കൂറും യുസ്വേന്ദ്ര ചെഹലിനു പകരമെത്തിയ രാഹുല്‍ ചാഹറും 2 വിക്കറ്റ് വീതമെടുത്തു. ഷാര്‍ദൂല്‍ എറിഞ്ഞ അവസാന ഓവറില്‍ ആര്‍ച്ചര്‍ ഒരു സിക്സും ഫോറുമടിച്ചെങ്കിലും ഇന്ത്യ ജയം കൈവിട്ടില്ല.
റണ്‍ സൂര്യ റണ്‍
ഇന്നിങ്സിന്റെ ആദ്യ പന്തില്‍ ആദില്‍ റഷീദിനെ സിക്സറിനു പറത്തി രോഹിത് ശര്‍മ (15) തുടങ്ങിയെങ്കിലും അധികം മുന്നേറാനായില്ല. കെ.എല്‍.രാഹുല്‍ (14) വീണ്ടും നിരാശപ്പെടുത്തി. എന്നാല്‍, 2-ാം മത്സരത്തില്‍ അരങ്ങേറ്റം നടത്തിയിട്ടും ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാതിരുന്ന സൂര്യകുമാര്‍ ഇന്നലെ തന്റെ 2-ാം മത്സരത്തില്‍ മിന്നി.
28 പന്തുകളില്‍ താരം അര്‍ധ സെഞ്ചുറിയിലെത്തി. 31 പന്തുകളില്‍ 6 ഫോറും 3 സിക്സറും പറത്തിയാണ് 57ലെത്തിയത്. ശ്രേയസ് അയ്യരും (18 പന്തുകളില്‍ 37) ഋഷഭ് പന്തും (23 പന്തുകളില്‍ 30) സ്കോറിങ് ഉയര്‍ത്തി. പവര്‍പ്ലേയില്‍ ഒന്നിന് 45 എന്ന നിലയില്‍ ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. കഴിഞ്ഞ 2 കളികളിലും തിളങ്ങിയ ക്യാപ്റ്റന്‍ കോലി ഒരു റണ്ണില്‍ പുറത്തായി. 4 വിക്കറ്റെടുത്ത പേസര്‍ ജോഫ്ര ആര്‍ച്ചറാണു ബോളര്‍മാരില്‍ തിളങ്ങിയത്.
വിവാദം നോട്ടൗട്ട്!
4-ാം ട്വന്റി20യില്‍ ഇന്ത്യന്‍ ടീമിനെയും ആരാധകരെയും ഞെട്ടിച്ച് തേഡ് അംപയറുടെ വിവാദ തീരുമാനങ്ങള്‍. സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് എടുക്കുന്നതിനിടെ ഇംഗ്ലണ്ട് ഫീല്‍ഡര്‍ ഡേവിഡ് മലാന്റെ കയ്യില്‍നിന്ന് പന്ത് നിലംതൊട്ടുവെന്നു റീപ്ലേയില്‍ വ്യക്തമായിട്ടും അംപയര്‍ വീരേന്ദര്‍ ശര്‍മ ഔട്ട് വിളിച്ചതാണ് എല്ലാവരെയും അമ്പരപ്പിച്ചത്. സോഫ്റ്റ് സിഗ്നലായി 'ഔട്ട്' വിളിച്ച ശേഷമാണ് ഫീല്‍ഡ് അംപയര്‍ അനന്തപത്മനാഭന് തീരുമാനം 3-ാം അംപയര്‍ക്കു വിട്ടത്. എന്നാല്‍, തീരുമാനം തിരുത്താവുന്നവിധം മതിയായ തെളിവില്ലെന്നാണു തേഡ് അംപയര്‍ കണ്ടെത്തിയത്.
പിന്നീടു വാഷിങ്ടന്‍ സുന്ദറിനെ ഔട്ട് വിധിച്ചതിലും വിവാദമുണ്ടായി. സുന്ദറിന്റെ ക്യാച്ച് എടുക്കുന്നതിനിടെ ആദില്‍ റഷീദിന്റെ കാല് ബൗണ്ടറി ലൈനില്‍ തൊട്ടുവെന്നു റീപ്ലേയില്‍ കണ്ടിട്ടും അംപയര്‍ മറിച്ചു ചിന്തിച്ചില്ല.