News

യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രാ സമയം ഉയരും; ഇറാന്‍ വ്യോമ പാത ഒഴിവാക്കി വിമാന കമ്പനികള്‍; ഗള്‍ഫ് നാടുകളില്‍ നിന്നും മടങ്ങാന്‍ പൗരന്മാരെ ഉപദേശിച്ച് മിക്ക രാജ്യങ്ങളും; ആശങ്കയോടെ ഗള്‍ഫ് മലയാളികള്‍

അമേരിക്ക- ഇറാന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇറാന്‍ വ്യോപാത വഴിയുള്ള യാത്ര ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനക്കമ്പനികള്‍്. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം. സംഭവത്തെത്തുടര്‍ന്നു യുഎസ്-ഇറാന്‍ ബന്ധം വഷളായിരിക്കുകയാണ്. ഇതോടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വിമാന യാത്രയ്ക്ക് സമയം കൂടുതലെടുക്കും. ഇറാന്‍ വ്യോമപാത വഴിയുള്ള യാത്ര സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് നീക്കം. മറ്റ് രാജ്യങ്ങളുടെ വിമാനക്കമ്പനികളും സമാന തീരുമാനം എടുക്കും. ബാഗ്ദാദില്‍ ആകാശ യുദ്ധം സജീവമാകുന്ന സാഹചര്യത്തിലാണ് ഇത്.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഏറ്റവും അധികം ബാധിക്കുക പ്രവാസികളെയാണ്. ഗള്‍ഫിലുള്ള പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാന്‍ മിക്ക രാജ്യങ്ങളും ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ പ്രധാന സഖ്യകക്ഷി സൗദിയാണ്. അതുകൊണ്ട് തന്നെ ഇറാന്റെ പ്രത്യാക്രമണം സൗദിയിലേക്കാകുമെന്ന് വിലയിരുത്തുന്നവര്‍ ഏറെയാണ്. ഇതുണ്ടായാല്‍ ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും പ്രതിസന്ധിയിലാകും. ഇത് അവിടെ ജോലി ചെയ്യുന്ന അന്യനാട്ടുകാരേയും ബാധിക്കും. ഇറാന്റെ തിരിച്ചടി എപ്രകാരമാകുമെന്ന് ഉറപ്പില്ലാത്തതു കൊണ്ട് തന്നെ പശ്ചിമേഷ്യയില്‍ ആകമാനം ആശങ്ക സജീവമാണ്. ഇറാഖിനെ കടന്നാക്രമിക്കുന്ന അമേരിക്ക യുദ്ധത്തിന് ഇറാനെ പ്രേരിപ്പിക്കുകയാണെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട തന്നെ ഗള്‍ഫ് മലയാളികളും ആശങ്കയിലാണ്.

യുദ്ധമുണ്ടായാല്‍ അത് സാമ്പത്തിക രംഗത്തേയും ബാധിക്കും. എണ്ണ വില ക്രമാതീതമായി ഉയരും. ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ഇത് കാരണം വലിയ തോതില്‍ ജോലി നഷ്ടവും ഉണ്ടാകും. ഇതെല്ലാം പ്രവാസികളെയാകും സാരമായി ബാധിക്കുക. അതുകൊണ്ടാണ്

സുലൈമാനിയുടെ വധത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും സ്ഥിതി കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അറിയിക്കുകയും ചെയ്തത്. കഴിഞ്ഞ വര്‍ഷം യുഎസ് ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതിനു പിന്നാലെ പ്രശ്നബാധിത മേഖല വഴിയുള്ള യാത്ര ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഒഴിവാക്കുകയും വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിന് ശേഷം വീണ്ടും ഇപ്പോള്‍ ഇതേ തീരുമാനം വിമാനക്കമ്പനികള്‍ എടുക്കുകായണ്.

വെള്ളിയാഴ്ചയാണ് റവല്യൂഷണറി ഗാര്‍ഡ്‌സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ മേധാവിയായ ഖാസിം സുലൈമാനി യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചത്. സുലൈമാനിക്കൊപ്പം ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദിയും അഞ്ച് ഇറാന്‍ കമാന്‍ഡോകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തില്‍ മൂന്നു മിസൈലുകള്‍ പതിച്ചെന്ന് ഇറാന്‍ അറിയിച്ചു. എല്ലാത്തരത്തിലും ഒരുങ്ങിയിരിക്കാനാണു രാജ്യത്തെ വിവിധ സായുധ വിഭാഗങ്ങളോട് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയുടെ ആഹ്വാനം. ഇറാന്‍ ഏതുരീതിയില്‍ തിരിച്ചടിക്കുമെന്ന ആശങ്കയിലാണ് ലോകം. ഇറാഖിലേത് ഉള്‍പ്പടെ മേഖലയിലെ യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ വന്‍ തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഗള്‍ഫ് മേഖലയിലെ യു.എസ് സൈനിക നയതന്ത്ര കേന്ദ്രങ്ങള്‍ക്ക് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.

 

Read more topics: # america, # america iran war,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close