News

ആദ്യം ഇസ്രയേലിനും സൗദിക്കും അമേരിക്കക്കും നേരെ സൈബര്‍ ആക്രമണം; പിന്നാലെ ഭീകര പിന്തുണയോടെ സൗദിയെ ലക്ഷ്യമാക്കി നേരിട്ടാക്രമണം; മൗനം വെടിഞ്ഞ് ഇന്ത്യയ്ക്കും അമേരിക്കയെ തുണയ്‌ക്കേണ്ടി വരും; മൂന്നാം ലോക മഹായുദ്ധം ആര്‍ക്കും ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യമാകുന്നുവോ...?

മൂന്നാംലോക മഹായുദ്ധം വരുന്നുവെന്ന മുന്നറിയിപ്പ് ഇതിന് മുമ്പ് പല അവസരങ്ങളിലുയര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ ഇറാനും യുഎസും തമ്മില്‍ വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയേറിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പ്. തങ്ങളുടെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശക്തമായ തിരിച്ചടിയേകുന്നതിന് ഇറാന്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇറാന്‍ ആദ്യം ഇസ്രയേലിനും സൗദിക്കും അമേരിക്കക്കും നേരെ സൈബര്‍ ആക്രമണം നടത്തുന്നതായിരിക്കും.

പിന്നാലെ ഭീകര പിന്തുണയോടെ സൗദിയെ ലക്ഷ്യമാക്കി നേരിട്ടാക്രമണം നടത്താനും ഇറാന്‍ ഒരുങ്ങുന്നുണ്ട്. തുടര്‍ന്ന് ആരുടെയും അനുമതിക്ക് കാത്ത് നില്‍ക്കാതെ ഇസ്രയേലിന്റെ പ്രത്യാക്രമണമുണ്ടാകുമെന്നും പ്രവചനമുണ്ട്. ഏതെല്ലാം എണ്ണപ്പാടങ്ങള്‍ അഗ്നിക്കിരയാക്കാന്‍ കാത്തിരിക്കുന്നുവെന്ന് ആര്‍ക്കും പിടിയില്ലാത്ത അവസ്ഥയായിരിക്കും പിന്നീട് സംജാതമാകാന്‍ പോകുന്നത്. ഈ യുദ്ധത്തില്‍ റഷ്യയും തുര്‍ക്കിയും സിറിയയും ചൈനയും ഇറാന്‍ പക്ഷം ചേരുന്നതോടെ മൗനം വെടിഞ്ഞ് ഇന്ത്യയ്ക്കും അമേരിക്കയെ തുണയ്‌ക്കേണ്ടി വരികയും ചെയ്യും. ഇത്തരത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന മൂന്നാം ലോക മഹായുദ്ധം ആര്‍ക്കും ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രവചനം

സുലൈമാനിയെ വധിച്ചതിന് പകരം വീട്ടുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നതിനായി ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ടെഹ്‌റാനില്‍ ചേര്‍ന്നിട്ടുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇറാന്റെ പരമാധികാരി ആയത്തൊള്ള ഖമെയ്‌നിയാണ് ഈ യോഗത്തിന് അധ്യക്ഷം വഹിച്ചിരിക്കുന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും ശക്തമായ 13ാമത്തെ സൈന്യമാണ് ഇറാനുള്ളത്. മിഡില്‍ ഈസ്റ്റിലാകമാനം തങ്ങളുടെ സൈന്യത്തെ ഇറാന്‍ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ ലെബനണിലെ ഹെസ്‌ബൊല്ലാഹ്, യെമനിലെ ഹൂത്തികള്‍, തുടങ്ങിയ റിബല്‍ പോരാളികളുടെ പിന്തുണയും ഇത്തരമൊരു യുദ്ധത്തില്‍ ഇറാന്‍ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ്. ഇതിന് പുറമെ സിറിയയിലെ ബാഷര്‍ അല്‍-ആസാദിനെ പോലുള്ളവരുടെ സഖ്യവും പ്രത്യാക്രമണവേളയില്‍ ഇറാന്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും.

ഈ തിരിച്ചടിയുടെ ഭാഗമായി ഇറാഖിലെയും സിറിയയിലയും യുഎസ് ട്രൂപ്പുകളെയും മിലിട്ടറി ബേസുകളെയും ഇറാന്‍ ആക്രമിച്ചേക്കും. ഇതിന് പുറമെ ഗോലാന്‍ കുന്നുകളിലെ ഇസ്രയേലി സേനകളെയും ഹോര്‍മുസിലെ ടാങ്കറുകളെയും ഇറാന്‍ ആക്രമിക്കും. കൂടാതെ സൗദിയുടെ നിരവധി എണ്ണ പാടങ്ങളെയും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ തുടക്കത്തില്‍ പരിമിതമായ തോതില്‍ മാത്രമേ ഇറാന്‍ ആക്രമണം നടത്തുകയുള്ളൂ. സിറിയയില്‍ തമ്പടിച്ചിരിക്കുന്ന റഷ്യന്‍ സേനകള്‍ ഈ അവസരത്തില്‍ ഇറാന് പിന്തുണയേകുന്നതായിരിക്കും. ഇതിന് പുറമെ തുര്‍ക്കി സേനയും ഇറാനൊപ്പം കൈ കോര്‍ക്കും.

ഗള്‍ഫ് ഓഫ് ഒമാനില്‍ തമ്പടിച്ചിരിക്കുന്ന ചൈനീസ് പടക്കപ്പലുകളും ഇറാന് കരുത്ത് പകരാനായി മുന്നോട്ട് വരുന്നതായിരിക്കും. യെമനിലെ ഹൂത്തി റിബലുകളെ ഉപയോഗിച്ച് ഇറാന്‍ തങ്ങളുടെ എണ്ണപ്പാടങ്ങളെ ആക്രമിച്ചുവെന്ന ആരോപിച്ച് സൗദി അറേബ്യ നേരത്തെ തന്നെ ഇറാനുമായി കൊമ്പ് കോര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ സൗദിയുടെ ഇനിയുള്ള പ്രതികരണവും ഇറാന്റെ തിരിച്ചടിയെ നിര്‍ണയിക്കുന്നതായിരിക്കും. തുര്‍ക്കിയിലെ ശക്തനായ ഭരണാധികാരി റികെപ് എര്‍ഡോഗന്റെ സേന നോര്‍ത്തേണ്‍ സിറിയയില്‍ തമ്പടിച്ചിട്ടുണ്ട്. ഇറാനുമായും റഷ്യയുമായി സൗഹൃദം പുലര്‍ത്തുന്ന തുര്‍ക്കി നാറ്റോയിലെ ശക്തമായ അംഗമാണെന്ന പ്രത്യേകതയുമുണ്ട്.

ഈ പ്രദേശത്ത് സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ തുര്‍ക്കിയുടെ പ്രതികരണം എത്തരത്തിലായിരിക്കുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയും നിലവിലുണ്ട്.യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും ആണവായുധങ്ങള്‍ ഇഷ്ടം പോലെയുണ്ടെന്നതിനാല്‍ ഈ യുദ്ധം വന്‍ നാശം വിതയ്ക്കുമെന്ന ആശങ്കയും ശക്തമാണ്. ഇത്തരം ആണവായുധങ്ങളില്‍ മൂന്നെണ്ണമെങ്കിലും നെക്സ്റ്റ് ജനറേഷന്‍ ഹൈപ്പര്‍ സോണിക് മിസൈലുകളെ വഹിക്കുന്നവയാണ്. എല്ലാ പ്രതിരോധ സംവിധാനങ്ങളെയും തകര്‍ത്ത് മുന്നേറാന്‍ കരുത്തുള്ളവയാണിവ. ഇസ്രയേലിനും ആണവായുധങ്ങളുണ്ട്. ഏത് ഇറാന്‍ ആക്രമണത്തെയും ചെറുക്കാന്‍ ഇവയ്ക്ക് കഴിവുമുണ്ട്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close