News

സമാധാനത്തിന് ആദ്യ പരിഗണനയെന്ന് ട്രംപ് പറയുമ്പോഴും സ്ഥിതി ഗതികള്‍ സ്‌ഫോടനാത്മകം; ഇറാഖിലെ യുഎസ് എംബസിക്ക് മുമ്പിലെ പ്രതിഷേധം ആളിക്കത്തുമ്പോള്‍ ഗള്‍ഫില്‍ സ്ഥിതി ഗതികള്‍ കൈവിട്ട് പോകുന്ന അവസ്ഥയില്‍; യുദ്ധ ഭീതി ഒഴിയാതെ പശ്ചിമേഷ്യ

ടെഹ്റാന്‍: പശ്ചിമേഷ്യയിലെ യുദ്ധ ഭീതി പൂര്‍ണ്ണമായും ഒഴിയുന്നില്ല. അമേരിക്കയ്ക്ക് എന്തും ചെയ്യാമെന്ന ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ പ്രസ്താവന അമേരിക്കയെ നേരിടാന്‍ ഇറാന്‍ തയ്യാറാണെന്ന സന്ദേശമാണ് നല്‍കുന്നത്. അമേരിക്കയുടെ ക്രൂരതകളെ അംഗീകരിക്കില്ലെന്നും അതില്‍ അപലപിക്കുന്നുവെന്നും ഇറാന്‍ നേതാവ് വ്യക്തമാക്കുന്നുണ്ട്. പുതിയ പശ്ചാത്തലത്തില്‍ 750 സൈനികരെക്കൂടി അയക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ അറിയിച്ചു. 82ാമത് എയര്‍ബോണി വിഭാഗത്തിലെ സൈനികരെയാണ് അയക്കുക. ഇതും സംഘര്‍ഷത്തിന് പുതിയ തലം നല്‍കും. യുദ്ധമെങ്കില്‍ യുദ്ധമെന്ന സന്ദേശമാണ് അമേരിക്കയ്ക്ക് ഇറാന്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം.

ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘത്തിന്റെ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബഗ്ദാദിലെ യു.എസ് എംബസിക്കു മുന്നില്‍ നടക്കുന്ന പ്രതിഷേധമാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. ചൊവ്വാഴ്ച എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൈന്യത്തെ പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഇറാന്‍ പിന്തുണയുള്ള സായുധ വിഭാഗമായ ഹശദ് അല്‍ശാബി അംഗങ്ങളും അനുകൂലികളുമാണ് യു.എസ് എംബസിക്ക് മുന്നില്‍ പ്രക്ഷോഭം നടത്തുന്നത്.

ചൊവ്വാഴ്ചത്തെ അക്രമാസക്തമായ സമരത്തിന് ശേഷം രാത്രിയിലും ഒട്ടേറെ പേര്‍ എംബസിക്ക് പുറത്ത് നിലയുറപ്പിച്ചു. ബുധനാഴ്ച എംബസിയുടെ സ്വീകരണ മുറിയുടെ മേല്‍ക്കൂരയിലേക്ക് തീയെറിഞ്ഞു. എംബസിയുടെ രണ്ടാം ഗേറ്റിലും തീബോംബെറിഞ്ഞു. പ്രക്ഷോഭകര്‍ക്കു നേരെ രണ്ടാം ദിനവും കണ്ണീര്‍ വാതകം പ്രയോഗിച്ച യു.എസ് സൈനികര്‍ എംബസി പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ ഭീഷണികളെ കാര്യമായെടുക്കുന്നില്ലെന്ന സൂചനയാണ് പ്രതിഷേധക്കാര്‍ നല്‍കുന്നത്.

അതിനിടെ, ഇറാഖ് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥനമാനിച്ച് എംബസി കോമ്പൗണ്ടില്‍നിന്ന് പിന്മാറണമെന്ന് അനുയായികളോട് ഹശദ് അല്‍ശാബി വാര്‍ത്തക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് സമരക്കാരില്‍ ചിലര്‍ പിന്‍വാങ്ങിയെങ്കിലും മറ്റുള്ളവര്‍ തമ്പ് കെട്ടി എംബസിക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്. സമരം തുടരുമെന്ന് ഹശദ് അല്‍ശാബി സഖ്യത്തിലുള്ള കതാഇബ് ഹിസ്ബുല്ല സമാന്തര സേനയുടെ വക്താവ് മുഹമ്മദ് മുഹൈഹ് പറഞ്ഞു.

ബഗ്ദാദ് യു.എസ് എംബസിയിലെ അക്രമങ്ങള്‍ക്ക് ഇറാന്‍ ഉത്തരവാദിയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ജീവാപായത്തിനും നാശനഷ്ടങ്ങള്‍ക്കും അവര്‍ പൂര്‍ണ ഉത്തരവാദികളായിരിക്കും. അവരിതിന് വലിയ വിലനല്‍കേണ്ടി വരും. ഇതൊരു മുന്നറിയിപ്പല്ല, ഭീഷണിയാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, മേഖലയില്‍ യുദ്ധസാധ്യത അദ്ദേഹം തള്ളി. യുദ്ധമെന്നത് ഇറാന് ഗുണകരമാവില്ലെന്നും താന്‍ സമാധാനം ഇഷ്ടപ്പെടുന്നുവെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

 

Read more topics: # america, # iran, # ayatollah khomeini,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close