News

വേണ്ടി വന്നാല്‍ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയില്‍ നെഞ്ചിടിക്കുന്നത് മലയാളികള്‍ക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചില്‍ തീകോരിയിട്ട് റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഭീഷണി സന്ദേശം

ഇറാഖിനെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ പ്രവാസി മലയാളികളുടെ നെഞ്ചില്‍ തീ. വേണ്ടി വന്നാല്‍ ദുബായിയെയും ആക്രമിക്കും എന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇത് ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ഇടമായ ദുബായിയെ ആണെന്നതാണ് നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നത്. ദുബായിയില്‍ ഒരു ചെറിയ ബോംബ് വീണാല്‍ പോലും അതിന്റെ അനുരണനം പ്രത്യക്ഷത്തില്‍ ഫലിക്കുക കേരളത്തിലാകും. അതുകൊണ്ട് ഗള്‍ഫ് മേഖലയില്‍ ഉയരുന്ന യുദ്ധഭീതി മലയാളികള്‍ക്കിടയില്‍ കടുത്ത ആശങ്കയ്ക്കാണ് ഇട നല്‍കുന്നത്. എന്നാല്‍ അത്തരമൊരു നിലയിലേക്ക് കാര്യങ്ങള്‍ പോകില്ലെന്നാണ് പൊതുവേ വിലയിരുത്തുന്നത്.

യുദ്ധഭീതി ഉയര്‍ന്നതോടെ ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. വിമാന സര്‍വീസുകള്‍ പലയിടത്തും നിര്‍ത്തിവെച്ചു. ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കി. അതേസമയം ഗള്‍ഫിലേക്കുള്ള അമേരിക്കന്‍ വിമാനങ്ങളും സര്‍വീസ് നിര്‍ത്തകയാണ്. ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ മേഖലകളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

അമേരിക്ക തിരിച്ചടിച്ചാല്‍ ദുബായിയേയും ഇസ്രയേലിലെ ഹൈഫയേയും ആക്രമിക്കുമെന്നാണ് ഇറാന്‍ പറയുന്നത്. ഇറാഖിലെ ഇന്നത്തെ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ അമേരിക്ക ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. അറബ് ലോകത്ത് നിന്ന് അമേരിക്കന്‍ സേന പൂര്‍ണ്ണമായും പിന്‍വാങ്ങണമെന്നതാണ് ഇറാന്റെ ആവശ്യം. ഇറാന്‍ കമാണ്ടറായ ഖാസിം സുലൈമാനിയെ കൊല്ലപ്പെടുത്തിയതില്‍ അമേരിക്കയ്ക്കും ഇസ്രയേലിനും തുല്യ പങ്കുണ്ടെന്നാണ് ഇറാന്റെ വിലയിരുത്തല്‍. ഇറാന് തിരിച്ചടി നല്‍കാന്‍ അമേരിക്കന്‍ വ്യോമ സേന ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് യുദ്ധ വിമാനങ്ങള്‍ യുഎഇയില്‍ നിന്ന് പറന്നുയര്‍ന്നു കഴിഞ്ഞതായി സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാനില്‍ ബോംബ് വീണാല്‍ യുഎഇയെ വെറുതെ വിടില്ലെന്ന് ഭീഷണി മുഴക്കുന്നത്.

ബാഗ്ദാദിലെ അമേരിക്കന്‍ സൈനിക കേന്ദ്രം ആക്രമിക്കപ്പെട്ട് മിനിറ്റുകള്‍ക്ക് അകമാണ് യുദ്ധ വിമാനങ്ങള്‍ യുഎഇയില്‍ നിന്ന് പറന്നുയര്‍ന്നത്. അമേരിക്കയുടെ താവളങ്ങള്‍ യുഎഇയിലും ഉണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇയ്‌ക്കെതിരെ ഭീഷണിയുമായി ഇറാന്‍ എത്തുന്നത്. ഇറാനെതിരായ നീക്കങ്ങളില്‍ അമേരിക്കയെ സൈനികമായി സഹായിക്കുന്നവരെ എല്ലാം ആക്രമിക്കുമെന്ന സൂചയനാണ് ഇറാന്‍ നല്‍കുന്നത്. ഭീകര ആര്‍മിക്ക് സൈനിക താവളം ഒരുക്കുന്ന അമേരിക്കന്‍ അനുകൂല രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്. ഇറാനെ തകര്‍ക്കാന്‍ അമേരിക്കയെ സാഹായിക്കുന്നവരെ എല്ലാം തകര്‍ക്കുമെന്നാണ് ഇറാന്‍ വിശദീകരിക്കുന്നത്. ബാഗ്ദാദിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. എണ്ണ വിതരണം തടസ്സപ്പെടുമെന്നും സൂചനയുണ്ട്.

ഇതിനോടൊപ്പമാണ് സൗദിക്കും യുഎഇയ്ക്കുമെതിരെയുള്ള ഇറാന്‍ ഭീഷണി. ഇതോടെ യുദ്ധ സമാനമായ സാഹചര്യത്തിലാണ് ഗള്‍ഫ് മേഖല കടക്കുകയാണ്. ഇത് ഇന്ത്യയിലെ പ്രവാസികളേയും ഏറെ ദോഷകരമായി ബാധിക്കും. അതിനിടെ യുഎസ് ഇറാന്‍ പോര്‍വിളി യുദ്ധത്തിലേക്കു പോകരുതെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. വിവേകപൂര്‍ണമായ രാഷ്ട്രീയ പരിഹാരത്തിന് ഇരുകൂട്ടരും ശ്രമിക്കണമെന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, യുഎഇ ഉപ സര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിച്ചു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close