News

ഇറാന്റെ സമുദ്രാതിര്‍ത്തി കടന്നാല്‍ ഏതു വലിയവന്റെ കപ്പലുകളും നോക്കി നില്‍ക്കവെ മുക്കിയിരിക്കും; ഏത് യുദ്ധവിമാനങ്ങളും കടലില്‍ വീഴ്ത്തും; സേനയെ അയക്കുന്ന അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്

ഇറാന്റെ സമുദ്രാതിര്‍ത്തി കടന്നാല്‍ ഏതു വലിയവന്റെ കപ്പലുകളും നോക്കി നില്‍ക്കവെ മുക്കിയിരിക്കും; ഏത് യുദ്ധവിമാനങ്ങളും കടലില്‍ വീഴ്ത്തും; സേനയെ അയക്കുന്ന അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്.  ഇറാനെതിരെ യുദ്ധനീക്കം നടത്തുന്ന അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം. അമേരിക്ക നടത്തുന്ന പടനീക്കം വിഡ്ഡിത്തമാണെന്ന് ഇറാനിലെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്തിടെ ഓയില്‍ ടാങ്കറുകള്‍ക്കുനേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ചാണ് അമേരിക്ക പശ്ചിമേഷ്യയിലേക്ക് പടനീക്കം നടത്തുന്നത്. 1500 സൈനികരെക്കൂടി മേഖലയില്‍ നിയോഗിക്കുമെന്ന് കഴിഞ്ഞദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു.    

ഇറാന്‍ മിലിട്ടറി കമാന്‍ഡിന്റെ ഉപദേഷ്ടാവായ ജനറല്‍ മൊര്‍ത്താസ ഖുര്‍ബാനിയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. രണ്ട് യുദ്ധക്കപ്പലുകളെ അമേരിക്ക അയക്കുന്നുണ്ട്. അവ അതിസാഹസികത കാട്ടി ഇറാന്റെ സമുദ്രാതിര്‍ത്തി കടന്നാല്‍ കപ്പലുകള്‍ ഞൊടിയിടയില്‍ കടലിന്റെ അടിത്തട്ടിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കപ്പലുകളും അതിലുള്ള സൈനികരും യുദ്ധവിമാനങ്ങളുമെല്ലാം തകര്‍ത്തു തരിപ്പണമാക്കാന്‍ രണ്ട് മിസൈലുകളും രണ്ട് പുതിയ രഹസ്യായുധങ്ങളും മതിയെന്നും അദ്ദേഹം പറഞ്ഞു.  

ഇറാനില്‍നിന്നുള്ള ഭീഷണി നേരിടുന്നതിനായാണ് ട്രംപ് ഭരണകൂടം രണ്ട് വിമാനവാഹിനി കപ്പലുകളെ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുള്ളത്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നുണ്ടെന്നും ആണവ പരീക്ഷണങ്ങള്‍ എത്രയും വേഗം നിര്‍ത്തിവെക്കണമെന്നുമാണ് അമേരിക്കയുടെ ആവശ്യം. കഴിഞ്ഞവര്‍ഷം ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇറാനുമേല്‍ സമ്മര്‍ദം കൂട്ടുന്നതിന് അവിടെനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഉപരോധ ഭീഷണിചെലുത്തി പിന്മാറ്റാനും അമേരിക്കയ്ക്കായി.

 

Read more topics: # america, # IRAN ISSUE,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close