News

ഇറാനോടുള്ള കളി ചെറിയ കളിയല്ല; അഞ്ഞൂറ്‌ മൈലുകൾ വരെ സഞ്ചരിച്ച് കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ സംവിധാനം ഈ രാജ്യത്തിന് മുതൽക്കൂട്ട്; ആയുധങ്ങൾ വികസപ്പിച്ചത് അമേരിക്കയുടെ ഉപരോധം മറികടന്ന് തദ്ദേശീയമായി; ഫത്തേ-110 ഖിയാം- ഒന്ന് എന്നീ ഉഗ്രരൂപത്തിലുള്ള രണ്ടു ബാലിസ്റ്റിക്ക് മിസൈലുകൾ യുഎസിന്റെയും സൗദിയുടെയും ഉറക്കം കെടുത്തും; ഇറാഖിലെ യുഎസ് സൈനിക താവളങ്ങളിൽ ആക്രമണം നടത്താൻ കഴിഞ്ഞത് തെളിയിക്കുന്നത് ഇറാന്റെ സൈനിക കരുത്ത്

ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രമണം നടത്തിയപ്പോള്‍ ഞെട്ടിയത് യുഎസ് പ്രതിരോധ ഏജന്‍സികളും. അഞ്ചൂറ് മൈലിലധികം സഞ്ചരിച്ച് കൃത്യമായി ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന മിസൈല്‍ സംവിധാനം ഇറാന് ഉണ്ടെന്നതിന്റെ തെളിവ് കൂടിയായിരുന്നു ഇത്. ഫത്തേ-110, ഖിയീം-1, എന്നീ ഉഗ്രരൂപത്തിലുള്ള രണ്ടു ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നും, ഇതിലും വലിയ മിസൈലുകള്‍ ഇറാന്റെ കൈയിലുണ്ടെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി അടക്കമുള്ള രാജ്യങ്ങളെ പേടിപ്പിക്കുന്നതും ഇതുതന്നെയാണ്. ഇത്രയും വലിയ മിസൈല്‍ സംവിധാനം ഉള്ളതുകൊണ്ട്, ഹൂതി വിമതര്‍ വഴി നിഷ്പ്രയാസം സൗദിയെ ആക്രമിക്കാന്‍ ഇറാന് കഴിയും. ഇറാഖിലെ അല്‍ അസദ് വ്യോമതാവളം, പടിഞ്ഞാറന്‍ ഇറാഖിലെ ഇര്‍ബിലിനു സമീപത്തുള്ള വ്യോമതാവളം എന്നിവടങ്ങളിലേക്ക് കൃത്യമായി മിസൈല്‍ അയക്കാന്‍ ഇറാന് കഴിഞ്ഞത് യുദ്ധ ഭീതി ഉയര്‍ത്തിയിട്ടുണ്ട്. 80ലധികം പേര്‍ മരിച്ചുവെന്ന് ഇറാന്‍ അവകാശപ്പെടുമ്പോള്‍ ആരും മരിച്ചിട്ടില്ല എന്നാണ് അമേരിക്ക പറയുന്നത്. മരണസംഖ്യയെക്കുറിച്ച് എന്ത് തര്‍ക്കം ഉണ്ടായാലും ഇറാന്‍ മിസൈലുകള്‍ ലക്ഷ്യഭേദിയാണെന്നത് വ്യക്തമാണ്.

അമേരിക്കയുടെ എല്ലാവിധ ഉപരോധങ്ങളും മറികടന്നാണ് ഇറാന്‍ തങ്ങളുടെ മിസൈല്‍ പദ്ധതികള്‍ വിജയിപ്പിച്ച് എടുത്തത്. 180 മുതല്‍ 300 മൈലിലധികം ദൂരത്തില്‍ കൃത്യതയോടെ എത്തുന്നവയാണ് ഫത്തേ-110 മിസൈലുകള്‍. 225 കിലോവരെ വെടിക്കോപ്പുകള്‍ വഹിക്കാന്‍ ഇവക്ക് കഴിയും. ഇതിനേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്നവയാണ് ഖിയാം -1 മിസൈലുകള്‍. ഇവര്‍ക്ക് 500 മൈല്‍ സഞ്ചരിക്കാന്‍ കഴിയും. 340 കിലോയാണ് വാഹകശേഷി. ഈ രണ്ടു മിസൈലുകളുമാണ് സത്യത്തില്‍ ഇറാന്റെ തുറപ്പുചീട്ട്.

ഹസ്വ-ദൂര, സര്‍ഫസ് ടു സര്‍ഫസ് ബാലിസ്റ്റിക് മിസൈലായ ഫത്തേ പൂര്‍ണമായും ഇറാനില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. ഏത് സ്ഥലത്തുനിന്നും വിക്ഷേപിക്കാന്‍ കഴിയും. അതേസമയം ഖിയാം -1 മിഡില്‍ ഈസ്റ്റിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പ്രത്യേകമായി നിര്‍മ്മിച്ചത്. എത് നിമിഷവും ഇതുപോലെ ഒരു സാഹചര്യം വരുമെന്ന് ഇറാന് വ്യക്തമായിരുന്നു.വ്യോമതാവളങ്ങള്‍ ഇറാനെ വളഞ്ഞിരിക്കുന്നതിനാല്‍ നമുക്ക് കൂടുതല്‍ സുരക്ഷ വേണമെന്നാണ് ഇറാന്‍ പ്രസിഡന്റ് റൂഹാനി എടുത്തിരിക്കുന്ന നിലപാട്.

കഴിഞ്ഞ വര്‍ഷം ഇറാന്‍ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം രൂപവത്ക്കരിച്ചത് വലിയ വാര്‍ത്തയായിരുന്നു. തദ്ദേശീയമായി നിര്‍മ്മിച്ച ബവാര്‍-373 മിസൈല്‍ പ്രസിഡന്റ് ഹസന്‍ റുഹാനി അവതരിപ്പിച്ചു. യുഎസ് അടക്കമുള്ള രാജ്യങ്ങളും ഇറാനും തമ്മില്‍ ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് അമേരിക്ക കഴിഞ്ഞ വര്‍ഷം ഏകപക്ഷീയമായി പിന്മാറുകയും ഇറാന് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷവും അമേരിക്കയുമായി രൂക്ഷമായ സംഘര്‍ഷങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ പുതിയ മിസൈല്‍ സംവിധാനം ഇറാന്‍ അവതരിപ്പിക്കുന്നത്. ഏറെ നാളായി ഈ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പണിപ്പുരയിലായിരുന്നു ഇറാന്‍.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close