News

റെഡ് സോണായി പ്രഖ്യാപിച്ചതോടെ ഇറ്റലിക്കാർ ഭൂരിഭാഗവും വീട്ടിനുള്ളിൽ; മറ്റ് രാജ്യക്കാർ പാസ്‌പോർട്ട് കാണിച്ച് അവരുടെ രാജ്യത്തേക്കു പുറപ്പെടുന്നത് വിമാനത്താവളങ്ങളിൽ നോക്കി നിന്ന് മടുത്ത് ഇന്ത്യാക്കാരും; ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് നാട്ടിൽ പറഞ്ഞു കേട്ടിരുന്നുവെന്നും ഇവിടെ അത് യാത്ര മുടക്കാൻ വരെ കരുത്തുള്ള രേഖയാണ് എന്നു പറയുന്നതിൽ സങ്കടമുണ്ടെന്ന് വിലപിച്ച് ഇറ്റലിയിൽ കുടുങ്ങിയ പ്രവാസികൾ

വൈറസ് ബാധിച്ച് ഒറ്റദിവസത്തിനിടെ 96 പേര്‍കൂടി മരിച്ചതോടെ ഇറ്റലിയില്‍ രാജ്യവ്യാപക യാത്രവിലക്ക്. ചൈനയ്ക്കുപുറത്ത് ഏറ്റവുമധികം രോഗബാധയും ((9172) മരണവും (463) ഇറ്റലിയിലാണ്. ഇവിടെ കുടുങ്ങിയ മലയാളികളുടെ അങ്കലാപ്പിന് കാരണവും ഈ കണക്കുകളാണ്. അതിവേഗതയിലാണ് രോഗം ഇവിടെ പടര്‍ന്ന് പിടിക്കുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ വിലങ്ങു തടിയാകുന്നു. അങ്ങനെ അവര്‍ വലിയ പ്രതിസന്ധിയിലുമാകുന്നു. അതിവേഗ പരിഹാരം ഉണ്ടാക്കുമെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.

റെഡ് സോണായി പ്രഖ്യാപിച്ചതോടെ ഇറ്റലിയില്‍ ഭൂരിഭാഗം പേരും വീടുകളില്‍ തന്നെ തുടരുകയാണ്. ഷോപ്പിങ് സെന്ററുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍, അവിടെ ക്യൂവില്‍ നിര്‍ത്തി ഒരു സമയം ഒരാളെയാണു കടയിലേക്കു പ്രവേശിപ്പിക്കുന്നത്. മറ്റു കടകള്‍, ബാറുകള്‍, റസ്റ്ററന്റുകള്‍ എന്നിവയെല്ലാം അടഞ്ഞു കിടക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങാന്‍ തിടുക്കം കൂട്ടുന്നുണ്ട്. ഇറ്റലിയിലെ ആരോഗ്യ രംഗം പൊതുമേഖലയിലായതിനാല്‍ ചികിത്സയില്‍ ആളുകള്‍ക്ക് വിശ്വാസവുമില്ല. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം ഇവിടെ എത്തി ചികിത്സ നല്‍കുകയെന്നതാണു പ്രവാസികളുടെ ഏറ്റവും വലിയ ആവശ്യം.

ഇറ്റലിയില്‍ കുടുങ്ങിയവരോട് കോവിഡ് ബാധയില്ലെന്ന് ഇറ്റലിയിലെ അംഗീകൃതസ്ഥാപനത്തില്‍ നിന്ന് സാക്ഷ്യപത്രം വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇറ്റലിയില്‍ വന്ന് 3 മാസം കഴിഞ്ഞവര്‍ക്കാണ് ഇവിടത്തെ തിരിച്ചറിയല്‍ താമസരേഖ ലഭിക്കുക. അതുമായേ ആശുപത്രിയില്‍ പോകാനും സാക്ഷ്യപത്രം വാങ്ങാനും കഴിയൂ. അതുകൊണ്ട് തന്നെ വിസിറ്റിങ് വിസയിലും മറ്റും എത്തിയവര്‍ക്ക് സാക്ഷ്യപത്രം വാങ്ങുക അത്ര എളുപ്പമല്ല. ഇതാണ് ഇറ്റലിയില്‍ കുടുങ്ങിയവരെ വെട്ടിലാക്കുന്നത്. സ്വന്തം മണ്ണിലേക്ക് മടങ്ങാനും കഴിയുന്നില്ല. സഹായത്തിനു വേണ്ടി കേഴുകായണ് അവര്‍. എല്ലാം ശരിയാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.

ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് നാട്ടില്‍ പറഞ്ഞു കേട്ടിരുന്നു. ഇവിടെ അത് യാത്ര മുടക്കാന്‍ വരെ കരുത്തുള്ള േരഖയാണ് എന്നു പറയുന്നതില്‍ സങ്കടമുണ്ട്. ഇറ്റലിയിലെ വിമാനത്താവളങ്ങളില്‍നിന്ന് പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പാസ്പോര്‍ട്ട് കാണിച്ച് അവരുടെ രാജ്യത്തേക്കു പുറപ്പെടുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്കു കഴിയുന്നുള്ളൂ. റോം എയര്‍പോര്‍ട്ടിലെ വരിയില്‍നിന്ന്, തൊട്ടുമുന്‍പിലും പിന്നിലുമുള്ള മറ്റു രാജ്യക്കാര്‍ മുന്നോട്ടുപോകുമ്പോള്‍, നമ്മുടെ സര്‍ക്കാരിന്റെ യാത്രാവിലക്ക് ചൂണ്ടിക്കാട്ടി അവര്‍ ഇന്ത്യക്കാരെ തിരിച്ചയയ്ക്കുകയാണ്-ഇറ്റലിയില്‍ കുടുങ്ങിയവരുടെ വാക്കുകളാണ്.

തലേന്നു കിടന്നുറങ്ങുമ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന ലാസിയോ റീജനില്‍ അപകട സൂചന ഉണ്ടായിരുന്നില്ല. രാവിലെ 'റെഡ് സോണ്‍' ആയി മാറി. ഓരോ നിമിഷവും കാര്യങ്ങള്‍ മാറിമറിയുകയാണ്. കൂടുതല്‍ പ്രദേശങ്ങളില്‍ വിലക്കു പ്രഖ്യാപിക്കുന്നു. റോമിലും മിലാനിലുമൊക്കെ ഇപ്പോള്‍ വിമാനത്താവളം തുറന്നിരിക്കുകയാണ്. എപ്പോള്‍ അടയ്ക്കുമെന്ന് ഒരു ധാരണയുമില്ല. നാട്ടില്‍ തിരിച്ചെത്തി, ആരോഗ്യവകുപ്പ് പറയുന്ന ഏതു മുന്നൊരുക്കവും പരിശോധനയും നിരീക്ഷണവും നടത്താന്‍ ഞങ്ങളെല്ലാം തയാറാണ്. ഗര്‍ഭിണികളും കൊച്ചുകുട്ടികളും അസുഖങ്ങളുള്ളവരും വിദ്യാര്‍ത്ഥികളുമൊക്കെ വിമാനത്താവളത്തിലാണ്. ഞങ്ങള്‍ ഏതാനും പേര്‍ താമസസ്ഥലത്തേക്കു തിരിച്ചുപോന്നു-ഇങ്ങനെയൊക്കെ സോഷ്യല്‍ മീഡിയയില്‍ നിലപാട് വിശദീകരിക്കുകായണ് അവര്‍.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close