News

അയോധ്യ വിധിയിൽ മുസ്ലിംലീഗ് നിലപാട് മാറ്റുന്നത് മുസ്ലിം യുവാക്കളെ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പ്രതിഷേധവുമായി കളത്തിൽ ഇറങ്ങിയതോടെ; കോടതി വിധിയെ സ്വാഗതം ചെയ്ത ആദ്യത്തെ നിലപാട് മാറ്റി മുസ്ലിം സംഘടനകളെ ഏകോപിപ്പിച്ച് തുടർപരിപാടികൾ ആസൂത്രണം ചെയ്യാൻ ഒരുങ്ങി ലീഗ്; അനീതിക്കെതിരെ ലീഗ് ശബ്ദമുയർത്തുന്നില്ലെന്ന പ്രചരണവുമായി പോപ്പുലർ ഫ്രണ്ട്

ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത മുസ്ലിംലീഗ് നിലപാട് മാറ്റത്തിലാണ്. കോടതി വിധി നിരാശാജനകമെന്നാണ് ഇന്നലെ ലീഗ് വ്യക്തമാക്കിയത്. വിധിയില്‍ ആശങ്കയുണ്ടെന്നും കോടതി വിധിയുടെ സാഹചര്യവും തുടര്‍ നിയമ നടപടികളും പരിശോധിക്കുമെന്നും പാര്‍ട്ടി വിധിയെ ബഹുമാനിക്കുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കയിരുന്നു. പാണക്കാട്ട് ചേര്‍ന്ന ലീഗ് ദേശീയ സമിതിയുടേതാണ് തീരുമാനം. വിധിയില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുപ്രിംകോടതി നിര്‍ദ്ദേശിച്ച സ്ഥലം സ്വീകരിക്കണോയെന്നതിലടക്കം ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള കക്ഷികളുമായി പാര്‍ട്ടി ബന്ധപ്പെട്ടുവരുന്നതായും കേസിലെ കക്ഷികളുടെയും മറ്റു സംഘടനകളുടെയും അഭിപ്രായങ്ങള്‍കൂടി തേടിയ ശേഷം ഭാവി നടപടികളിലേക്കു കടക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം ഇത്തരമൊരു നിലപാട് മാറ്റത്തിലേക്ക് ലീഗ് കടന്നത് അയോധ്യ വിഷയം ചൂണ്ടിക്കാട്ടി മുസ്ലിം രാഷ്ട്രീയ ഇടത്തിലേക്ക് നുഴഞ്ഞുകയറാന്‍ പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയും ശ്രമം ശക്തമാക്കിയതോടെയാണ്. അയോധ്യ വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് ശക്തമായി രംഗത്തു വന്നിട്ടുണ്ട്. പരസ്യമായി തെരുവില്‍ പ്രകടനം നടത്തുക വരെ ചെയ്തു. പ്രതിഷേധിക്കുന്നതിനെതിരെ കേസുകള്‍ വന്നിട്ടുണ്ടെങ്കിലും അതെല്ലാം നേരിട്ട് യുവാക്കളായ മുസ്ലിം രാഷ്ട്രീയക്കാരെ ഒപ്പം നിര്‍ത്താമെന്നാണ് പോപ്പുലര്‍ ഫ്രണ്ട് കണക്കുകൂട്ടുന്നത്. മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം വൈകാരിക വിഷയമാണ് ഇതെന്നതിനാല്‍ ഇത് മുസ്ലിം ലീഗിന് നേരിയ ഭീഷണിയാണ്. മുസ്ലിം ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ തീവ്രനിലപാട് സ്വീകരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന് സാധിക്കുന്നുണ്ടെന്നത് വ്യക്തമാണ്. അതുകൊണ്ട് കൂടിയാണ് അയോധ്യ വിധിയില്‍ തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയതും.

അയോധ്യവിധി നിരാശാജനകമെന്ന് മുസ്ലിംലീഗ്. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ക്ഷണിക്കപ്പെട്ട നേതാക്കളുടെയും യോഗത്തിനുശേഷമാണ് ലീഗ് നേതാക്കളുടെ പ്രതികരണം. വിധി മുസ്ലിം സമൂഹത്തിനിടയില്‍ മുറിവുണ്ടാക്കിയെന്നും തുടര്‍നടപടികള്‍ ആലോചിക്കുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. വിധിയില്‍ പൊരുത്തക്കേടുകളുണ്ടെന്നും ലീഗ് നേതൃത്വം പറഞ്ഞു. വിധിപ്പകര്‍പ്പ് പൂര്‍ണമായി പഠിച്ചശേഷമാണ് നേതാക്കളുടെ പ്രതികരണം. തുടര്‍കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ദേശീയ അധ്യക്ഷന്‍ കെ.എം. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. മറ്റു മുസ്ലിം സംഘടനകളുമായും മതേതര പാര്‍ട്ടികളുമായും സമിതി ചര്‍ച്ചനടത്തും.

വിധി സന്തുലിതമാണെന്ന കാഴ്ചപ്പാടിനെ എതിര്‍ക്കുന്നുവെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. പറഞ്ഞു. ഒരുവിഭാഗത്തിനു തര്‍ക്കഭൂമി പൂര്‍ണമായി നല്‍കി. പള്ളിയുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. വിഗ്രഹംവെച്ചതും പൊളിച്ചതും ക്രമിനല്‍ കുറ്റമെന്നുപറഞ്ഞ കോടതി ക്ഷേത്രം നിര്‍മ്മിക്കാനാണ് അനുമതി നല്‍കിയത്. രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നതുകൊണ്ടാണ് വിധി അംഗീകരിക്കുന്നത്. തുടര്‍ നടപടികള്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ഇ.ടി. മുഹമ്മദ്ബഷീര്‍ പറഞ്ഞു.

സുപ്രീംകോടതി വിധിയെ സംയമനത്തോടെ നേരിടുകയും വിഷയത്തില്‍ പക്വമായ നിലപാട് സ്വീകരിക്കുകയുംചെയ്ത മുഴുവന്‍ മതേതര മനസ്സുകളെയും യോഗം അഭിനന്ദിച്ചു. അതേസമയം മറ്റു സംഘടനകളുമായി ചര്‍ച്ചനടത്തുമെന്ന് പറഞ്ഞ നേതൃത്വം കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെക്കുറിച്ച് മറുപടി പറഞ്ഞില്ല. അയോധ്യ വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നാല്‍ വിധി നിരാശാജനകമായ ലീഗ് മറ്റു സംഘടനകളുമായി ചര്‍ച്ച നടത്തുമ്പോള്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം പറയുന്നില്ലെ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close