Kerala
ജില്ലാ ജയിലിലെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ പാട്ടുപാടി കയ്യടി വാങ്ങി ഡിജിപി; ഒപ്പം വനിതാ ജയിലിലെ തടവുകാര്‍ നിര്‍മ്മിച്ച കുഞ്ഞുടുപ്പുകളുടെ വില്പനയും മറ്റ് പദ്ധതികളുടേയും ഉദ്ഘാടനം നടത്തി
കാക്കനാട്:ജില്ലാ ജയിലിലെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ പാട്ട്പാടി കൈയടി നേടി ഋഷിരാജ് സിങ്. ജയില്‍ ജീവനക്കാരുടെയും അന്തേവാസികളുടെയും ഗാനമേള ട്രൂപ്പായ 'കറക്ഷണല്‍ വോയ്സ്'ന്റെ ലോഗോ പ്രകാശനം കഴിഞ്ഞപ്പോള്‍ തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ലിജി സുരേഷാണ് ജയില്‍ ഡിജിപി പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് 'ചന്ദനലേപ സുഗന്ധം ചൂടിയതാരോ' എന്ന പാട്ട് പാടുകയായിരുന്നു. വനിതാ ജയിലിലെ തടവുകാര്‍ നിര്‍മ്മിച്ച കുഞ്ഞുടുപ്പുകളുടെ ആദ്യവില്പനയും ഡി.ജി.പി നിര്‍വഹിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട പാട്ട് കാക്കനാട് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കുമായി പാടി കൊടുത്തത് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് തന്നെ. കൊമ്പന് മീശയും ഗൗരവമേറിയ മുഖവുമുള്ള ഡി.ജി.പി.യുടെ ഉള്ളിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് കേട്ടുനിന്നവരെല്ലാം. വേദിയില്‍ വച്ച് തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ ലിജി സുരേഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി നാലുവരി പാടാമെന്നു സമ്മതിക്കുകയായിരുന്നു ഋഷിരാജ് സിങ്. മൊബൈല്‍ ഫോണ്‍ സ്ക്രീനില്‍ തെളിഞ്ഞ വരികള്‍ ഈണം തെറ്റാതെ നല്ല മലയാളത്തില്‍ കോഡ്ലെസ് മൈക്കിലൂടെ ഋഷിരാജ് പാടി. ബോംബെ രവിയുടെ ഈണങ്ങളോടുള്ള കമ്പമാണ് 'ഒരു വടക്കന്‍ വീരഗാഥ'യിലെ പാട്ടിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സദസ്യര്‍ നിറഞ്ഞ കൈയടികളോടെയാണ് പാട്ടിനെ വരവേറ്റത്.
വനിതാ ജയിലിലെ തടവുകാര്‍ നിര്‍മ്മിച്ച കുഞ്ഞുടുപ്പുകളുടെ വില്പന ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് നിര്‍വഹിച്ചു. വനിതാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് എം.എസ്. അമ്പിളിയുടെ മകള്‍ സായിക്ക് നല്‍കിയാണ് ജയില്‍ മേധാവി ആദ്യ വില്പന നടത്തിയത്. തയ്യലിലും ഫാഷന്‍ ഡിസൈനിങ്ങിലും പരിശീലനം ലഭിച്ച അന്തേവാസികളാണ് കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ ഒരുക്കുന്നത്. എറണാകുളം ജില്ലാ ജയിലിനോടു ചേര്‍ന്നുള്ള വനിതാ ജയിലിലെ മൂന്നു തടവുകാര്‍ക്ക് ഫാഷന്‍ ഡിസൈനിങ്, എംബ്രോയ്ഡറി, തയ്യല്‍, ടെക്സ്റ്റൈല്‍ പ്രിന്റിങ് എന്നിവയില്‍ പരിശീലനം നല്‍കിയിരുന്നു.
ജയിലിലെ തയ്യല്‍ യൂണിറ്റില്‍ ഇവര്‍ തയ്യാറാക്കിയ വസ്ത്രങ്ങളാണ് വിപണിയിലെത്തുന്നത്. ജയിലില്‍നിന്ന് നിര്‍മ്മിക്കുന്ന വിവിധ വസ്തുക്കളുടെ വില്പന കൗണ്ടറായ ഫ്രീഡം ഫുഡ് ഫാക്ടറി മുഖേനയാണ് ഇവയുടെ വില്പന. ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍ മാത്രമാണ് തയ്യാറാക്കുന്നത്. പിന്നീട് ചുരിദാറടക്കമുള്ളവ കൂടി വിപണിയിലെത്തിക്കാനാണ് തീരുമാനം. കുഞ്ഞുടുപ്പുകള്‍ തയ്ക്കുന്നതിനായി ജയിലില്‍ തന്നെയാണ് പ്രത്യേക തയ്യല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ജയിലില്‍നിന്ന് ലഭിക്കുന്ന മറ്റ് ഉത്പന്നങ്ങളെപ്പോലെ തന്നെ മികച്ച ഗുണനിലവാരമുള്ളതാണ് വസ്ത്രങ്ങളും. മെഷീന് ഘടിപ്പിച്ച മൂന്ന് ഓട്ടോമാറ്റിക് തയ്യല്‍ മെഷീനുകളാണ് ഇപ്പോള്‍ യൂണിറ്റിലുള്ളത്. സ്പോണ്സര്ഷിപ്പില് ലഭിച്ച അഞ്ചെണ്ണം കൂടി ഇതിനായി ഉപയോഗിക്കും.
തേനീച്ച വളര്‍ത്തല്‍, മില്‍മ കൗണ്ടര്‍ സ്ഥാപിക്കല്‍, കറ്റാര്‍വാഴകൃഷി, ജയില്‍ കവാടത്തിലെ സ്റ്റേഷനറി കട, മത്സ്യക്കുളത്തില്‍ പുതിയ കുഞ്ഞുങ്ങളെ ഇടുന്ന ചടങ്ങ് തുടങ്ങിയവയുടെ ഉദ്ഘാടനവും ജയില്‍ ഡി.ജി.പി. നിര്‍വഹിച്ചു. ജയിലിലേക്കു സംഭാവനയായി ലഭിച്ച തയ്യല്‍ മെഷിനുകള്‍, ഫ്രിഡ്ജ്, വാട്ടര്‍ പ്യൂരിഫെയര്‍, കസേരകള്‍, ബനിയനുകള്‍, ഗാനമേള ട്രൂപ്പിനുള്ള ടാബ് തുടങ്ങിയവ ഏറ്റുവാങ്ങി. ജയിലില്‍ കഴിയുന്നവര്‍ക്ക് വ്യവസ്ഥകളോടെ 15 ദിവസത്തെ പരോള്‍ കേരളത്തില്‍ മാത്രമാണ് നല്‍കുന്നതെന്ന് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ കുടുംബങ്ങളില്‍ ആരെങ്കിലും മരിച്ചാലും നിത്യരോഗികളാകുന്നവര്ക്കും മാത്രമാണ് പരോള്‍ ലഭിക്കുന്നത്. സ്ത്രീകള്‍ക്ക് ഓപ്പണ്‍ ജയിലും ഇവിടെ മാത്രമാണുള്ളത്. ആഴ്ചയില്‍ മൂന്നു തവണ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവുമുണ്ട്. അന്തേവാസികള്‍ ജയില്‍ മോചിതരായാല്‍ സ്വയംതൊഴില്‍ ചെയ്ത് ജീവിക്കുന്നതിന്റെ ഭാഗമായി നൂറോളം ഇനങ്ങളില്‍ വൊക്കേഷണല്‍ പരിശീലനം നല്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയിലിലേക്ക് ആവശ്യമായ പച്ചക്കറിയുടെ പകുതിയെങ്കിലും സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരളത്തിലെ ജയിലുകള്‍ ഒന്നാം സ്ഥാനത്തെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വി. ജഗദീശന്, തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ ലിജി സുരേഷ്, ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജോര്‍ജ് ചാക്കോ, അസി. സൂപ്രണ്ട് രാമഭദ്രന്, ഫാ. ഷാജി, ഷാജി പാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വി. ജഗദീശന് ഋഷിരാജ് സിങ് മൊമെന്റോ നല്കി ആദരിച്ചു.