Kerala

എന്‍എസ്എസ്-എസ് എന്‍ ഡി പി നേതാക്കളെ കടന്നാക്രമിച്ച് പിണറായി വിജയന്റെ രാഷ്ട്രീയ മര്യാദ ചര്‍ച്ചയാക്കിയും ജനം ടിവി ചീഫ് എഡിറ്റര്‍

മുഖ്യമന്ത്രി പദവിയുടെ മഹത്വം തിരിച്ചറിഞ്ഞ പിണറായി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചെയ്ത നല്ല കാര്യത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. രാഷ്ട്രീയത്തിനതീതമായി ഒരു ഭരണകര്‍ത്താവിന്റെ നീതിബേധവും ആര്‍ജ്ജവവും അദ്ദേഹത്തില്‍നിന്ന് ഉണ്ടായി. പൊതുവെ രാഷ്ട്രീയ എതിരാളികളോട് അപക്വമായി പെരുമാറുന്ന പിണറായി, സി പി എം കഴിഞ്ഞ മൂന്നുനാല് തലമുറകളായി ഏറ്റവും വലിയ ശത്രുവായി കാണുന്ന പരമേശ്വര്‍ജിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയതാണ് നല്ല കാര്യം. മുഖ്യമന്ത്രി എന്ന പദവി സങ്കുചിതമായ രാഷ്ട്രീയ ചിന്തകള്‍ക്ക് അപ്പുറമാണെന്നും ഒരു ഭരണകര്‍ത്താവ് രാഷ്ട്രീയ എതിരാളികളോട് മാന്യതയോടെയും തുല്യ നിലയിലും പെരുമാറണമെന്നുമുള്ള രാഷ്ട്രീയ മര്യാദയും അന്തസ്സും പിണറായി പുലര്‍ത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയം.

പിണറായിയുടെ ജീവിതത്തിലെ രണ്ടു പരിവര്‍ത്തനങ്ങള്‍ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഞാന്‍ കണ്ടതാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മന്ത്രിയും ആകുന്നതിനു മുന്‍പ് നിയമസഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയിരുന്ന ദുശ്ശാഠ്യക്കാരനായ പാര്‍ട്ടി സഖാവ് എന്ന നിലയിലായിരുന്നു. പിന്നീട് വൈദ്യുതിമന്ത്രി ആയപ്പോള്‍ പക്വതയോടെ മികച്ച പെരുമാറ്റമാണ് ഉണ്ടായത്. ലാവ്‌ലിന്‍ അടക്കമുള്ള ഭരണപരമായ കാര്യങ്ങളെ കുറിച്ചല്ല പറയുന്നത്. അതിനുശേഷം പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ അച്ചടക്കരാഹിത്യത്തിന് എതിരെ, ഗ്രൂപ്പിനെതിരെ പടവാളെടുക്കുന്ന പിണറായിയെയും കണ്ടു. പ്രവര്‍ത്തകരുടെ അക്രമം തടയാന്‍ നടപടി ഉണ്ടായില്ല എന്നതാണ് അന്നത്തെ ഏറ്റവും വലിയ പരാജയം. മുഖ്യമന്ത്രിയായപ്പോഴും അത് ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ധര്‍മ്മടത്ത് അടക്കം അരങ്ങേറിയ അക്രമസംഭവങ്ങള്‍ പിണറായിയുടെ പ്രതിച്ഛായയും ജനങ്ങളുടെ പ്രതീക്ഷയും നഷ്ടപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ നിന്ന് പാര്‍ട്ടിക്ക് അതീതമായ ഒരു നീതിബോധം പ്രതീക്ഷിച്ചില്ല.

പരമേശ്വര്‍ജിയുടെ അനുസ്മരണ കുറിപ്പില്‍ അദ്ദേഹം എഴുതിയ വാക്കുകള്‍ ശ്രദ്ധേയമായി. അഗാധമായ പാണ്ഡിത്യത്തോടെ, ഋഷിതുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്റെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍. ഈ വാക്കുകള്‍ ഒരു കമ്യൂണിസ്റ്റ് നേതാവിന്റേതല്ല. ഒരു മുഖ്യമന്ത്രിയുടേതാണ്. സങ്കുചിതമായ രാഷ്ട്രീയത്തിനപ്പുറം ഒരു രാഷ്ട്രതന്ത്രജ്ഞന്റെയും ഭരണകര്‍ത്താവിന്റെയും അന്തസ്സിലേക്ക് പിണറായി ഉയര്‍ന്നു. പത്മവിഭൂഷണ്‍ ജേതാവിന് നല്‍കേണ്ട എല്ലാ ആദരവും പരമേശ്വര്‍ജിക്കു വേണ്ടി സംസ്ഥാന ഭരണകൂടം ഒരുക്കി. മിക്ക മന്ത്രിമാരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയത്തിനപ്പുറത്ത് പരമേശ്വര്‍ജിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇ എം എസ്സുമായി നടത്തിയ ചര്‍ച്ചകളെ കുറിച്ച് അദ്ദേഹത്തിന്റെ നിര്യാണവേളയില്‍ പരമേശ്വര്‍ജി എഴുതിയിരുന്നു.

''നട്ടുച്ചനേരത്തെ ചുട്ടുനീറുന്ന വെയിലില്‍ ഡല്‍ഹിയിലെ രാജവീഥിയില്‍ക്കൂടി ഒരു മുറിക്കയ്യന്‍ ഷര്‍ട്ടും ഒറ്റമുണ്ടുമായി നടന്നുനീങ്ങുന്ന, അധികം വാര്‍ധക്യം പ്രാപിക്കാത്ത നമ്പൂതിരിപ്പാടിന്റെ ചിത്രം എന്റെ മനസ്സില്‍ ഇന്നും മായാതെയുണ്ട്. ലളിതവും കര്‍ക്കശവുമായ ജീവിതചര്യയുടെ പ്രതീകം - ആദര്‍ശതീഷ്ണതയുടെ അചഞ്ചലമായ രൂപം - അതായിരുന്നു നമ്പൂതിരിപ്പാട്. കേരളത്തില്‍ എത്തിയശേഷവും ആശയപരമായും വ്യക്തിപരമായും നമ്പൂതിരിപ്പാടുമായി ബന്ധം തുടര്‍ന്നു. അദ്ദേഹത്തിന്റെ വാദമുഖങ്ങളുമായി ഏറ്റുമുട്ടുന്നത് ഉത്തേജനാത്മകമായിരുന്നു. വസ്തുതകള്‍ക്ക് നിരക്കാത്തതോ വിരുദ്ധമോ സോദ്ദേശ്യം വളച്ചൊടിക്കപ്പെട്ടതോ ആണെന്ന് തോന്നിയിട്ടുള്ള അദ്ദേഹത്തിന്റെ വാദമുഖങ്ങളോട് അതാത് സന്ദര്‍ഭങ്ങളില്‍ ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അവയ്ക്ക് ചിലപ്പോള്‍ പ്രത്യക്ഷമായും പലപ്പോഴും പരോക്ഷമായും അദ്ദേഹം ലേഖനങ്ങളിലൂടെ മറുപടി നല്കിയിട്ടുമുണ്ട്. വ്യക്തിപരമായ വിദ്വേഷമോ ഈര്‍ഷ്യയോ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. നിസ്സംഗവും വസ്തുനിഷ്ഠവുമായിരുന്നു അദ്ദേഹത്തിന്റെ സമീപനം. വിചാരകേന്ദ്രത്തിന്റെ പേരിലായിരുന്നു എന്റെ പ്രതികരണങ്ങളെങ്കിലും ഒരിക്കല്‍പോലും അതിന്റെ ഡയറക്ടര്‍ എന്നനിലയില്‍ എന്നെപ്പറ്റി അദ്ദേഹം പരാമരര്‍ശിച്ചതായി ഓര്‍ക്കുന്നില്ല. ആര്‍എസ്എസ്സിന്റെ സൈദ്ധാന്തികന്‍, താത്വികാചാര്യന്‍ എന്നൊക്കെയായിരുന്നു അദ്ദേഹം എനിക്കു നല്‍കിയ വിശേഷണങ്ങള്‍. ഇതിന് പിന്നില്‍പോലും വളരെ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്കറിയാം.''

പരമേശ്വര്‍ജി ഈ തരത്തിലുള്ള ഒരു ചിന്തയാണ് എക്കാലവും മുന്നോട്ടു വെച്ചത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ആശയസംവാദത്തിലൂടെ തീര്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇ എം എസ്സും പി ഗോവിന്ദപിള്ളയും അടക്കമുള്ളവരോട് പത്രമാധ്യമങ്ങളിലൂടെയും സെമിനാറുകളിലൂടെയും ഏറ്റുമുട്ടിയിരുന്ന സംവാദത്തിന്റെ രാഷ്ട്രീയം അവരുടെ കാലത്തോടെ അന്യം നില്‍ക്കുകയാണ്. അതു തന്നെയാണ് പരമേശ്വര്‍ജിയുടെ വിയോഗം കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ സൃഷ്ടിക്കുന്ന ഏറ്റവും വലിയ ശൂന്യത. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ വാക്കുകള്‍ കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ പരിവര്‍ത്തനത്തിനാണ് തുടക്കം കുറിക്കേണ്ടത്. ശാരീരിക സംഘര്‍ഷത്തിന് പകരം ആശയസംഘര്‍ഷമെന്ന പരമേശ്വര്‍ജിയുടെ ആശയം സ്വീകരിച്ച് സംസ്ഥാനത്തിന്റെ പൊതു പ്രശ്‌നങ്ങളില്‍ എല്ലാ രാഷ്ട്രീയ കക്ഷികളെയും സമന്വയിപ്പിച്ച് കൊണ്ടുപോകാനാകണം. അതായിരിക്കും അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം.

പരമേശ്വര്‍ജിയുടെ മരണവാര്‍ത്തയില്‍ ഒരു അനുശോചന കുറിപ്പു പോലും അയക്കാത്ത രണ്ടു പ്രബല സമുദായ നേതാക്കളെ കുറിച്ച് ഇന്ന് പ്രവര്‍ത്തകര്‍ പറയുന്നുണ്ടായിരുന്നു. ജീവച്ഛവങ്ങളായ അവര്‍ രണ്ടുപേരും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നാണ്. അതാണ് അവരെക്കൊണ്ട് ഹിന്ദു സമൂഹത്തിനുള്ള പ്രയോജനം. പരസ്പരം പോരടിച്ചും സമുദായങ്ങളുടെ ചോര ഊറ്റിക്കുടിച്ചും മദിക്കുന്ന ഈ നീചജന്മങ്ങളെ കുറിച്ച് എന്തുപറയാന്‍!

 

Read more topics: # janam tv,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close