News

ഹോസ്റ്റല്‍ഫീസ് ഒരാള്‍ക്ക് മാസം 20 രൂപ ഉണ്ടായിരുന്നത് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ച് 600 രൂപയാക്കി; ഇതുവരെ സൗജന്യമായിരുന്ന വെള്ളം, വൈദ്യുതി നിരക്കുകള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കണമെന്നാക്കി; ഹോസ്റ്റലില്‍ മെസിലെ നിക്ഷേപം 5500 രൂപയില്‍ നിന്നു 12,000 രൂപയാക്കി; ഹോസ്റ്റലില്‍ എത്തിച്ചേരേണ്ട സമയം രാത്രി 12.30 ആക്കി നിശ്ചയിച്ചു; ജെഎന്‍യുവില്‍ സമരം വന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് വര്‍ദ്ധനവും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ; സമരത്തെ തല്ലിയൊതുക്കിയ നീക്കത്തില്‍ ഇന്നും പ്രതിഷേധം ഇരമ്പും

രാജ്യത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു)യില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചു വിട്ടത് ഫീസ് വര്‍ദ്ധനവിനെതിരെ സമരം ചെയ്തതിന്റെ പേരിലാണ്. വിദ്യാര്‍ത്ഥിനികളെ നേരിടാന്‍ പുരുഷന്മാരെ അടക്കം നിയോഗിച്ചു കൊണ്ടാണ് അധികാരികള്‍ തലസ്ഥാന നഗരത്തെ വിറപ്പിച്ച സമരത്തെ നേരിട്ടത്. ഡല്‍ഹിയില്‍ കാലങ്ങളായി ഇടതുകോട്ടയായ ജെഎന്‍യുവിനെ വരുതിയില്‍ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതിനെ അമര്‍ഷമാണ് അണപൊട്ടി ഒഴുകിയത്. വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് ഇരമ്പിയതോടെ മണിക്കൂറുകളോളം കേന്ദ്ര മാനവശേഷി വകുപ്പു മന്ത്രി രമേശ് പൊക്രിയാല്‍ കാമ്പസില്‍ കുടുങ്ങി.

ഇതോടെ പൊലീസും അര്‍ധസൈനിക വിഭാഗവും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. വൈകുന്നേരത്തോടെ റോഡ് ഉപരോധം അവസാനിപ്പിച്ചു. ക്യാംപസിനുള്ളില്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു. ജെഎന്‍യു ക്യാംപസില്‍ നിന്നു 3 കിലോമീറ്റര്‍ അകലെ എഐസിടിഇ ക്യാംപസില്‍ നിശ്ചയിച്ചിരുന്ന ബിരുദദാനച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവായിരുന്നു മുഖ്യാതിഥി. സമരക്കാര്‍ ഉള്ളില്‍ കടക്കാതിരിക്കാന്‍ ഗേറ്റ് പൂട്ടി കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു.

പ്രതിഷേധക്കാരെ തടയാന്‍ കിലോമീറ്ററുകള്‍ മുന്‍പു ബാരിക്കേഡും തീര്‍ത്തെങ്കിലും ഇതു മറികടന്നു പതിനൊന്നരയോടെ വിദ്യാര്‍ത്ഥികള്‍ എഐസിടിഇ കവാടത്തിലെത്തി. ഇതിനകം ചടങ്ങു കഴിഞ്ഞ് ഉപരാഷ്ട്രപതി മടങ്ങി. എന്നാല്‍ മന്ത്രി അകത്തു കുടുങ്ങി. ഗേറ്റിനു മുന്നില്‍നിന്നു വിദ്യാര്‍ത്ഥികളെ നീക്കം ചെയ്യാനുള്ള ശ്രമം കയ്യാങ്കളിയിലെത്തി. ലാത്തിവീശിയ പൊലീസ് ജലപീരങ്കിയും ഉപയോഗിച്ചു. വനിതാ പൊലീസുകാര്‍ ഇല്ലാതെ പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഒഴിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം കൂടുതല്‍ പ്രതിഷേധമുയര്‍ത്തി. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ കേന്ദ്രമന്ത്രി ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് അറിയിച്ചു. എന്നാല്‍, വൈസ് ചാന്‍സലര്‍ ഡോ. എം. ജഗദീഷ് കുമാര്‍ ചര്‍ച്ചയ്ക്കു തയാറായില്ല.

സര്‍വകലാശാലാ ഹോസ്റ്റലിലെ നിബന്ധനകള്‍ പരിഷ്‌കരിച്ചതാണു സമരത്തിനു കാരണം. ഹോസ്റ്റല്‍ ഫീസ് 300 ഇരട്ടിയായി വര്‍ധിപ്പിച്ചെന്നും ഹോസ്റ്റലില്‍ എത്തേണ്ട സമയവും ഡ്രസ് കോഡും കര്‍ശനമാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്നാല്‍, സമയം, ഡ്രസ് കോഡ് എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണു സര്‍വകലാശാലയുടെ വിശദീകരണം. ഒരാള്‍ക്കു താമസിക്കാവുന്ന ഹോസ്റ്റല്‍ മുറിക്ക് പ്രതിമാസം 20 രൂപയായിരുന്നത് 600 രൂപയാക്കി ഉയര്‍ത്തിയതാണ് വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയത്. രണ്ടു പേരുടെ മുറിക്കു 10 രൂപയില്‍ നിന്ന് 300 രൂപയും. കൂടാതെ 1700 രൂപ മാസം സര്‍വീസ് ചാര്‍ജ്. മുന്‍പു മെസ് ഫീസ് ഉള്‍പ്പെടെ ആകെ ചെലവ് 1000-1500 രൂപയേ വരുമായിരുന്നുള്ളൂ. ഹോസ്റ്റലില്‍ മെസിലെ നിക്ഷേപം 5500 രൂപയില്‍ നിന്നു 12,000 രൂപയാക്കി. ഇത് കൂടാതെ ഹോസ്റ്റലില്‍ എത്തിച്ചേരേണ്ട സമയം രാത്രി 12.30 ആക്കി നിശ്ചയിച്ചതും വിദ്യാര്‍ത്ഥി രോഷം ഇരട്ടിക്കാന്‍ ഇടയാക്കി. ഡൈനിങ് ഹാളില്‍ മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന നിര്‍ദ്ദേശവും കൂടിയായപ്പോള്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുകയായിരുന്നു.

ബാരിക്കേഡുകള്‍ തകര്‍ത്ത് ഹാളിനുള്ളില്‍ കയറി മന്ത്രിയുമായി ചര്‍ച്ച നടത്താനായത് ചരിത്രമാണെന്ന് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. കാമ്പസിനുള്ളില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തെത്തുടര്‍ന്ന് 2016 ഫെബ്രുവരിയില്‍ ജെ.എന്‍.യു.വില്‍ വന്‍ സമരം നടന്നിരുന്നു. 24 മണിക്കൂറും ലൈബ്രറി പ്രവര്‍ത്തിക്കുമെന്നിരിക്കേ, വിദ്യാര്‍ത്ഥികള്‍ രാത്രി 11-നുള്ളില്‍ ഹോസ്റ്റലില്‍ എത്തണമെന്നു നിര്‍ദ്ദേശം. ഫീസ് വര്‍ധനയ്ക്കെതിരെ ചൊവ്വാഴ്ച സമരം ശക്തമായി തുടരുമെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ അറിയിച്ചു. വൈസ് ചാന്‍സലര്‍ നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുത്തില്ലെങ്കില്‍ ക്യാംപസ് അടച്ചിട്ട് പ്രതിഷേധിക്കാനാണ് വിദ്യാര്‍ത്ഥിസംഘടനകളുടെ തീരുമാനം.

 

Read more topics: # jnu, # jnu strike, # jnu strike report,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close